കൊച്ചി: ഒരു സ്‌ഫോടനത്തിന്റെ തീച്ചൂളയില്‍ മണ്ണിലേക്ക് പൊടിഞ്ഞമര്‍ന്ന ഹോളിഫെയ്ത്തിന്റെ 'മൃതദേഹ'ത്തിലേക്ക് നോക്കി നില്‍ക്കുമ്പോള്‍ ബിലാലിന്റെ കണ്ണുകള്‍ നനഞ്ഞിരുന്നു. ''ഇതെന്റെ സ്വപ്നവും ജീവിതവുമായിരുന്നു. ഈ വധശിക്ഷ നടപ്പാക്കുന്നതു കാണാന്‍ അന്ന് ആള്‍ക്കൂട്ടത്തില്‍ തനിയേ ഞാനുണ്ടായിരുന്നു. മരണമെത്തുന്ന നേരത്ത് വെടിമരുന്ന് നിറച്ച ഫ്‌ളാറ്റിന്റെ നെഞ്ചിന്‍ക്കൂട്ടിലെ മിടിപ്പും വിറയലും എന്റെ നെഞ്ചിലൂടെയാണ് ഒരു വെള്ളിടി പോലെ കടന്നുപോയത്. വധശിക്ഷ നടപ്പാക്കിയതിന്റെ ആഹ്ലാദത്തില്‍ ചുറ്റുമുള്ളവര്‍ ആരവങ്ങള്‍ മുഴക്കുമ്പോള്‍ ജീവിതം നഷ്ടപ്പെട്ടവന്റെ മുറിവുകളിലായിരുന്നു ഞാന്‍ അന്നു നീറിനിന്നത്...'' വാക്കുകള്‍ സങ്കടത്താല്‍ ഇടറിയപ്പോള്‍ ബിലാല്‍ അല്പനേരം മൗനിയായി. പിന്നെ കണ്ണു തുടച്ച് പറഞ്ഞു... സ്റ്റാര്‍ട്ട്, ക്യാമറ, ആക്ഷന്‍...

തകര്‍ന്നടിഞ്ഞ ജീവിതത്തിന്റെ കഥ പറയുന്ന ഷോര്‍ട്ട് ഫിലിമിനു വേണ്ടി ബിലാല്‍ ഷംസുദ്ദീന്‍ എന്ന നിയമ വിദ്യാര്‍ഥി സംവിധായകന്റെ കുപ്പായമിടുമ്പോള്‍ അവിടെ സ്വന്തം ജീവിതത്തിന്റെ സങ്കടം മുഴുവനുണ്ട്. മരടിലെ പൊളിച്ച ഹോളിഫെയ്ത്ത് എച്ച്.ടു.ഒ. ഫ്‌ളാറ്റിലെ താമസക്കാരനായിരുന്ന ബിലാല്‍ കണ്‍മുന്നില്‍ കണ്ട മരണത്തിന്റെ സങ്കടങ്ങളാണ് ഷോര്‍ട്ട് ഫിലിമാക്കുന്നത്. 'മരട് എന്റെ വീട്' എന്ന പേരിട്ടാണ് ഷോര്‍ട്ട് ഫിലിം ചിത്രീകരണം തുടങ്ങിയിരിക്കുന്നത്. 15 മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിമിന്റെ അരങ്ങിലും അണിയറയിലും ബിലാലിന്റെ സുഹൃത്തുക്കള്‍.

ഹോളി ഫെയ്ത്തിലെ 9-ഡി ഫ്‌ളാറ്റിലായിരുന്നു ബിലാല്‍ താമസിച്ചിരുന്നത്. ഫ്‌ളാറ്റ് പൊളിക്കണമെന്ന് കോടതി വിധി വന്നപ്പോഴും നേരിയ പ്രതീക്ഷയിലായിരുന്നു ബിലാല്‍ അവസാന നിമിഷം വരെ കാത്തിരുന്നത്. ''ബാപ്പ ഷംസുദ്ദീനും ഉമ്മ ബുഷ്റയ്ക്കും ഇത്താത്ത ഹെന്നയ്ക്കുമൊത്ത് ഞാന്‍ സന്തോഷത്തോടെ താമസിച്ചിരുന്ന ഇടമായിരുന്നു ഇത്. ഫ്‌ളാറ്റ് തകര്‍ത്തപ്പോള്‍ സത്യത്തില്‍ തകര്‍ന്നുപോയത് ഞങ്ങളെപ്പോലെയുള്ള ഒരുപാടുപേരുടെ ജീവിതമായിരുന്നു. ഞങ്ങള്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ആരോ ചെയ്ത തെറ്റിന് പക്ഷേ ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നത് ഞങ്ങളാണ്. ഈ സത്യം ലോകത്തോട് വീണ്ടും വിളിച്ചുപറയാനാണ് ഈ ഷോര്‍ട്ട് ഫിലിമിലൂടെ ഞങ്ങള്‍ ശ്രമിക്കുന്നത്...'' ബിലാല്‍ പറഞ്ഞു.

ഫ്‌ളാറ്റ് പൊളിക്കുന്ന ദിവസം സ്വന്തം താമസസ്ഥലം അവസാനമായൊന്നു കാണാന്‍ ബിലാല്‍ മരടില്‍ എത്തിയിരുന്നു. ദൂരെയുള്ള ഒരു കെട്ടിടത്തിനു മുകളില്‍ കയറി ആള്‍ക്കൂട്ടത്തില്‍നിന്ന് ഫ്‌ളാറ്റ് തകര്‍ന്നു വീഴുന്ന കാഴ്ച കാണുമ്പോള്‍ അതിനെക്കാള്‍ ബിലാലിനെ വിഷമിപ്പിച്ചത് ചുറ്റുമുള്ളവരുടെ പ്രതികരണങ്ങളായിരുന്നു. ''വിസിലടിച്ചും ആരവം മുഴക്കിയും സെല്‍ഫിയെടുത്തുമൊക്കെയായിരുന്നു അവരുടെ ആഘോഷം. ആള്‍ക്കൂട്ടത്തിനിടയില്‍ നില്‍ക്കുമ്പോള്‍ എന്റെ മനസ്സ് നുറുങ്ങുകയായിരുന്നു. കൊട്ടാരമായാലും കുടിലായാലും നമ്മള്‍ താമസിച്ചിരുന്ന ഇടം ഒരു നിമിഷംകൊണ്ട് മാഞ്ഞുപോകുന്നതിന്റെ ശൂന്യതയും വേദനയും അനുഭവിക്കുമ്പോഴേ മനസ്സിലാകൂ. ആ ശൂന്യതയില്‍നിന്നാണ് എന്റെ ഷോര്‍ട്ട് ഫിലിം തുടങ്ങുന്നത്...'' ബിലാല്‍ പറയുന്നു.

Content Highlights: short film on maradu flat demolition, Bilal Fim Maker