പേവിഷബാധയേറ്റ് മരിച്ച പിതാവിന്റെ ദാരുണാന്ത്യം പുനഃസൃഷ്ടിച്ച് മകനൊരുക്കിയ ഹ്രസ്വചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കടുപ്പശ്ശേരി സ്വദേശി ആളൂക്കാരൻ സിജോയ്‌ ആണ് തന്റെ പിതാവ് തോമസിന്റെ മരണത്തിന് കാരണമായ പേവിഷബാധയുടെ ഭീകരാവസ്ഥയെ കുറിച്ച് ‘ചൂണ്ടുവിരൽ’ എന്ന പേരിൽ ഹ്രസ്വചിത്രം നിർമിച്ചിരിക്കുന്നത്.

35 വർഷം മുമ്പ് കുടുംബാംഗത്തെപ്പോലെ ഓമനിച്ചുവളർത്തിയ വളർത്തുനായയിൽ നിന്നായിരുന്നു തോമസിന് കടിയേറ്റത്. ചൂണ്ടുവിരലിലേറ്റ കടിയെ തുടർന്ന് പേവിഷം തലച്ചോറിനെ ബാധിച്ചായിരുന്നു ദാരുണാന്ത്യം. സിജോയിക്ക് അഞ്ചുവയസ്സുള്ളപ്പോഴായിരുന്നു സംഭവം. റാബിസ് വിഷബാധയുടെ ഭയാനകതയെക്കുറിച്ച് ജനങ്ങളെ ബോധവത്‌കരിക്കുക കൂടിയാണ് ചിത്രം. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സിജോയ് തന്നെയാണ്. സിനിമ, സീരിയൽ നടൻ ബിജു മാഞ്ഞൂരാനാണ് പ്രധാനവേഷത്തിൽ അഭിനയിച്ചിരിക്കുന്നത്. സിജോയിയുടെ മകൻ പത്താംക്ലാസിൽ പഠിക്കുന്ന റസിനാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. ബിജു പൈനാടത്താണ് ശബ്ദമിശ്രണം.മുൻ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനും സിജോയിയുടെ സുഹൃത്തുക്കളും നാട്ടുകാരുമാണ് ഇതിലെ അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും.

റാബിസ് വൈറസ് തലച്ചോറിനെ ബാധിച്ചാൽ ഇപ്പോഴും മരുന്നില്ല. അതേക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുകയാണ് ഈ ഹ്രസ്വചിത്രമെന്ന് സംവിധായകൻ സിജോയ് പറഞ്ഞു. അന്ന് നായ ചൂണ്ടുവിരലിലാണ് അപ്പനെ കടിച്ചത്. ചൂണ്ടുവിരലും തലച്ചോറുമായി ബന്ധമുണ്ടെന്നും അതുകൊണ്ടാണ് പെട്ടന്ന് വിഷം തലച്ചോറിനെ ബാധിച്ച് മരിച്ചതെന്നുമാണ് ഡോക്ടർമാർ പറഞ്ഞത്. ഇതാണ് ചിത്രത്തിലൂടെ പറയാൻ ശ്രമിച്ചിരിക്കുന്നതെന്നും സിജോയ് കൂട്ടിച്ചേർത്തു.

Content Highlights: Malyalam Shortfilm on rabies virus awareness, Choonduviaral,  Sijoy Thomas A