കുട്ടികളുടെ കഥയ്ക്ക് പ്രാധാന്യം നൽകുന്ന ഫിലിം 'ഇൻഷ' പ്രദർശനത്തിനെത്തുന്നു. കൗമാരത്തിലേക്ക് കടക്കുന്ന നാല് കുട്ടിത്താരങ്ങളുടെ പ്രകടനമാണ് ഇൻഷയുടെ ആകർഷണം. ചലനശേഷിയില്ലാതെ വീൽചെയറിൽ സഞ്ചരിക്കുന്ന പതിമൂന്നുകാരി ഇൻഷ എന്ന കേന്ദ്ര കഥാപാത്രം. ജീവിതത്തിൽ അവൾക്ക് വലിയൊരു ആഗ്രഹം, കടൽ കാണുക എന്നതായിരുന്നു. പക്ഷേ, ആ ആഗ്രഹം സാധിച്ചെടുക്കാൻ അവൾക്ക് ഒരുപാട് പ്രതിബന്ധങ്ങളെ അതിജീവിക്കേണ്ടതായി വരുന്നു. പ്രതിസന്ധികളെയെല്ലാം തരണംചെയ്ത് തന്റെ ലക്ഷ്യത്തിലെത്താൻ സമപ്രായക്കാരായ മൂന്ന് സുഹൃത്തുക്കളുമായി ചേർന്ന് നടത്തുന്ന വലിയ ശ്രമങ്ങളുടെ കഥ. അതോടൊപ്പം ജീവിതത്തിൽ എല്ലാംകൊണ്ടും നിസ്സഹായയായിപ്പോയ ഒരമ്മയുടെയും മകളുടെയും ആത്മബന്ധത്തിന്റെ കഥകൂടി പറയുന്നു ഇൻഷ.

അന്തർദ്ദേശീയ തലത്തിലുള്ള ഷോർട്ട് ഫിലിം ഫെസ്റ്റിവലുകളിൽ മത്സരവിഭാഗത്തിലേക്ക് ഔദ്യോഗിക സെലക്ഷൻ ലഭിച്ച പത്തോളം ചെറുസിനിമകൾ ഒരുക്കി ശ്രദ്ധേയനായ സംവിധായകൻ ഡോ. സിജു വിജയനും സ്പൈനൽ മസ്ക്കുലാർ അട്രോഫി എന്ന രോഗം മൂലം ആറു വർഷത്തോളമായി വീൽചെയറിലാണ്. വലിയൊരു ചിത്രകാരൻകൂടിയായ ഡോ. സിജു, താൻ ക്യാൻവാസിൽ വരച്ചു സൃഷ്ടിച്ച മ്യൂറൽ, അക്രിലിക് ചിത്രങ്ങൾ വിറ്റു സമ്പാദിച്ച തുകയാണ് സിനിമാ നിർമാണത്തിന് വിനിയോഗിച്ചത്. കൂട്ടത്തിൽ നിർമാണ പങ്കാളിയായി സുഹൃത്ത് ആഘോഷ് ബാബുവും ചേർന്നു.

insha poster

പൈപ്പിൻചുവട്ടിലെ പ്രണയം, ലൂസിഫർ, ഗ്രേറ്റ് ഫാദർ എന്നിവയടക്കം ശ്രദ്ധേയമായ നിരവധി സിനിമകളിൽ വേഷമിട്ട പ്രാർത്ഥനാ സന്ദീപ് ആണ് ഇൻഷ എന്ന ടൈറ്റിൽ റോളിലെത്തുന്നത്. ഫൊറൻസിക് എന്ന ടൊവീനോ ചിത്രത്തിലെ പ്രധാന റോളിലൂടെ ശ്രദ്ധിക്കപ്പെട്ട ആദിത്യ രാജേഷ്, ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധിക്കപ്പെട്ട അനന്തു നാരായണൻ, മെബിൻ ഐസക്ക് എന്നിവരാണ് 'ഇൻഷ' യിലെ പ്രധാന കുട്ടിത്താരങ്ങൾ.

'ഉപ്പും മുളകും' എന്ന ജനപ്രിയ സീരിയലിലെ ജയന്തനായി പരിചിതനായ അനിൽ പെരുമ്പളം സിനിമയിൽ വില്ലൻ വേഷത്തിലെത്തുന്നു. പ്രവീൺരാജ് ഛായാഗ്രഹണവും നവീൻ വിജയന്റെ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ആയുഷ്മിത്ര സിനിമാസ് ബാനറിൽ' നിർമിച്ചിരിക്കുന്ന 'ഇൻഷ' മാർച്ച് 19-ന് കെ.എസ്.എഫ്.ഡി.സിയുടെ തിയേറ്ററുകളിലൂടെ പ്രദർശനത്തിനെത്തും.

Content highlights :malayalam short film insha going to release