'യാദൃച്ഛിക സംഭവങ്ങൾ' എന്ന ഹ്രസ്വചിത്രം ശ്രദ്ധനേടുന്നു. നടൻ ജയസൂര്യ ചിത്രം ഫേസ്ബുക്കലൂടെ പങ്ക് വെച്ചു. 'പുതിയ പ്രതിഭകൾ' എന്ന കുറിപ്പോടെയാണ് ജയസൂര്യ 'യാദൃച്ഛിക സംഭവങ്ങ'ളുടെ ലിങ്ക് ഫേസ്ബുക്കിൽ പങ്കുവെച്ചത്. യുവ താരങ്ങളായ മാനസ രാധാകൃഷ്ണൻ, അക്ഷയ് രാധാകൃഷ്ണൻ എന്നിവരും ഹ്രസ്വചിത്രത്തിന്റെ ലിങ്ക് സാമൂഹിക മാധ്യമത്തിൽ പങ്ക് വെച്ചിരുന്നു. കഴിഞ്ഞ ദിവസം 'മല്ലു അനലിസ്റ്റ്' എന്ന യൂട്യൂബ് ചാനൽ അവരുടെ കമ്മ്യൂണിറ്റിയിൽ ചിത്രം ഷെയർ ചെയ്തിരുന്നു.

അശ്വിൻ രാധാകൃഷ്ണൻ ആണ് ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അശ്വിൻ 'വാട്ട് ഇഫ്' എന്ന ഹ്രസ്വചിത്രവും മുൻപ് സംവിധാനം ചെയ്തിട്ടുണ്ട്. സച്ചിൻ സതീഷാണ് ഛായഗ്രഹണം. ജോബി എം ജോസ് എഡിറ്റിംഗ്. സംഗീതം ലാൽകൃഷ്ണ. അവനീർ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിഷാദ് എം ഹസ്സനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിവിധ ഇടങ്ങളിൽ നടക്കുന്ന സംഭവങ്ങൾ കോർത്തിണക്കി ആണ് കഥ പറയുന്നത്.

ഒരു പറ്റം ചെറുപ്പക്കാരും, പലതരം വേഷങ്ങളിലൂടെ പരിചിതമായ അഭിനയേതാക്കളും ഹ്രസ്വചിത്രത്തിന്റെ ഭാഗമാകുന്നു. ശ്യാം മോഹൻ, മൃണാളിനി സൂസൻ, സുനിൽ മേലേപ്പുറത്ത്, അരുൺ പുനലൂർ, ശബരി രാജ്, അഖിൽ രാജ്, അരുൺ പുരുഷോത്തമൻ, അനന്തു ശ്രീകുമാർ, അനൂപ് യശോധരൻ, അഭിലാഷ് ശ്രീധരൻ, ഗിരീഷ്, പ്രശാന്ത് എന്നിവർ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ദൃശ്യ സാധ്യതകളുടെ, കഥ പറയുന്നതിന്റെ, ചിത്ര സംയോജനത്തിന്റെ ഒക്കെ പരീക്ഷണം ആണ് 'യാദൃച്ഛിക സംഭവങ്ങ'ളെ വ്യത്യസ്തമാക്കുന്നത്. 20 മിനിറ്റ് ദൈർഘ്യമുള്ള ഉള്ള ചിത്രം അവേനിർ എന്റർടെയ്ൻമെന്റ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്.

Content highlights :malayalam experimental shortfilm yadhrishika sambhavangal