പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന സിനിമയെ മറ്റൊരു തരത്തില്‍ നിര്‍വചിച്ച് ഒരു ഹ്രസ്വചിത്രരൂപത്തില്‍ കാഴ്ചക്കാരുടെ മുന്നിലെത്തിക്കുന്ന ബൂട്ട്‌ലെഗ് യൂണിവേഴ്‌സ് സിനിമാപ്രേമികള്‍ക്ക് അപരിചിതമല്ല. സാങ്കേതികവിദ്യയുടെ എല്ലാ സാധ്യതകളും പൂര്‍ണമായും ഉപയോഗപ്പെടുത്തി ഹോളിവുഡ് ലോകത്ത് ചിരപരിചിതമായ ബൂട്ട്‌ലെഗ് യൂണിവേഴ്‌സ് മലയാള സിനിമാപ്രേക്ഷകരിലേക്കും എത്തിച്ച് സിനിമാലോകത്ത് പുതിയതും വ്യത്യസ്തവുമായ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ ലൂസിഫര്‍ എന്ന ചിത്രത്തിനൊരുക്കിയ ബൂട്ട്‌ലെഗ്. 

മലയാളത്തിലെ ആദ്യ ബൂട്ട്‌ലെഗ് വേര്‍ഷന്‍ 

ഇന്ത്യയിലെ തന്നെ ആദ്യത്തെ ബൂട്ട്‌ലെഗ് വേര്‍ഷനാണ് ലൂസിഫറിന്റേത്. ഡോ. അരുണ്‍ ജി മേനോന്റെ സംവിധാനത്തില്‍ ഹരിമോഹന്‍ ജി തിരക്കഥയൊരുക്കി നിര്‍മിച്ച, യൂട്യൂബില്‍ റിലീസ് ചെയ്ത ലൂസിഫറിന്റെ ബൂട്ട്‌ലെഗ് ഇപ്പോള്‍ തന്നെ ഹിറ്റാണ്. സിനിമാപ്രേമികളും മോഹന്‍ലാല്‍ ആരാധകരും ഏറെ പ്രതീക്ഷയോടെ റിലീസ്  കാത്തിരിക്കുന്ന ലൂസിഫറിന്റെ ബൂട്ട്‌ലെഗ് പ്രതീക്ഷയ്ക്കപ്പുറത്തേക്കാണ് പറന്നുയര്‍ന്ന് നിന്നത്. മോഹന്‍ലാലിന്റെ കഥാപാത്രം സ്റ്റീഫന്‍ നെടുമ്പള്ളിയെ കാത്തിരിക്കുന്നവരുടെ ഉള്ളിലേക്ക് ലാന്‍ഡിങ് കൃത്യമായി നിര്‍വഹിക്കാന്‍ അരുണ്‍ ജി മേനോന് കഴിഞ്ഞു.lucifer bootleg

ലൂസിഫര്‍ ബൂട്ട് ലെഗിന്റെ ഹൈലൈറ്റ് അതിന്റെ സ്‌ക്രിപ്റ്റാണ്. ആഴത്തിലിറങ്ങുന്ന സംഭാഷണങ്ങള്‍ ഹരിമോഹന്‍ എന്ന എഴുത്തുകാരനെ  ഭാവിയിലെ മികച്ച മലയാള സിനിമകളുടെ ഭാഗമാക്കുമെന്ന് ഉറപ്പാണ്. ഈ ബൂട്ട്‌ലെഗ് വേര്‍ഷന്‍ ലൂസിഫറിലെ ക്യാരക്ടറിനെ കുറിച്ച് കൃത്യമായ ഔട്ട് ലൈന്‍ വരച്ചിട്ടുകഴിഞ്ഞു. സിനിമ പുറത്തിറങ്ങുമ്പോള്‍ സ്റ്റീഫന്‍ നെടുമ്പള്ളി ഇങ്ങനെയാവുമോ എന്ന് ബൂട്ട്‌ലെഗ് കണ്ടവര്‍ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. 

ഒരു സിനിമയുടെ ബൂട്ട്‌ലെഗ് വേര്‍ഷന്‍ എന്നാല്‍

ഏറെ കാത്തിരിക്കുന്ന ഒരു സിനിമയെ അല്ലെങ്കില്‍ കഥാപാത്രത്തെ മറ്റൈാരു സങ്കല്‍പതലത്തില്‍ പുനഃസൃഷ്ടിക്കുകയാണ് ബൂട്ട്‌ലെഗ് വേര്‍ഷനില്‍ ചെയ്യുന്നത്. കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും സിനിമയില്‍ നിന്ന് തികച്ചും വ്യത്യസ്തമായി രചിച്ച് മറ്റൊരു രീതിയില്‍ പ്രേക്ഷകന്റെ പ്രതീക്ഷാതലം ഉണ്ടാക്കുകയാണ് ഇവിടെ ചെയ്യുന്നത്. കൈവിട്ട കളിയാണെങ്കിലും പെര്‍ഫെക്ട് ആയതെന്തും കാഴ്ചക്കാരന്‍ സ്വീകരിക്കുമെന്നത് ബൂട്ട്‌ലെഗ് യൂണിവേഴ്‌സിന് ആഗോളതലത്തിലുള്ള സ്വീകാര്യത വ്യക്തമാക്കുന്നു. ഒരു മുഴുനീള സിനിമയുടെ ശക്തമായ ഒരു ഇന്‍ട്രഡക്ഷന്‍ കാഴ്ചക്കാരന് നല്‍കാന്‍ കഴിയുമെന്നതാണ് ഒരു ഹ്രസ്വചിത്രത്തിന്റെ രൂപത്തിലൊരുക്കുന്ന ബൂട്ട്‌ലെഗിന്റെ മികവ്.  

ബൂട്ട്‌ലെഗിലെ കഥാപാത്രങ്ങള്‍

ഒറ്റദിവസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയായ ലൂസിഫറിന്റെ ബൂട്ട് ലെഗ് വേര്‍ഷന്‍ മോഹന്‍ലാലിന് വേണ്ടിയാണ് അരുണും ടീമും ഒരുക്കിയത്. ലൂസിഫറിലെ മോഹന്‍ലാല്‍ കഥാപാത്രത്തെ സങ്കല്‍പത്തിലൊരുക്കി പുറത്തിറക്കുമ്പോള്‍ പ്രിയതാരത്തിനോടുള്ള ആരാധനയും ആദരവും പ്രകടിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. 

lucifer
ലൂസിഫര്‍ ബൂട്ട്‌ലെഗിലെ രംഗം

മൂന്നു കഥാപാത്രങ്ങളെ മാത്രം സ്‌ക്രീനില്‍ കാണിച്ച് ലൂസിഫറിന്റെ ഇഫക്ട് കൃത്യമായി വരുത്താന്‍ ടീമിനായി. അലക്‌സ്, ഇട്ടി, ജോസഫ് എന്നീ കഥാപാത്രങ്ങളിലൂടെ, അവരുടെ സംഭാഷണങ്ങളിലൂടെയാണ് സ്റ്റീഫന്‍ നെടുമ്പള്ളി നമ്മിലേക്കത്തെുന്നത്. അലക്‌സിനെ അവതരിപ്പിച്ച രമേശ് മേനോനും ഇട്ടിയായെത്തിയ സജിത് തോപ്പിലും ജോസഫ് എന്ന കഥാപാത്രമായെത്തിയ ജെയിന്‍ പോളും രംഗത്ത് പ്രത്യക്ഷപ്പെടാത്ത സ്റ്റീഫന്‍ നെടുമ്പള്ളിയെ വ്യക്തമായി  പ്രതിഫലിപ്പിക്കാന്‍ സഹായിച്ചു. ഈ മൂന്നുപേരുടെ മികവിലാണ് ബൂട്ടിലെഗിലെ കേന്ദ്രകഥാപാത്രം നമ്മളിലേക്കെത്തുന്നത്. 

സിനിമ തന്നെ ലക്ഷ്യമെന്ന് ഉറപ്പിച്ച അരുണ്‍ മേനോനും ഹരിമോഹനും

arun g menon
അരുണ്‍ ജി മേനോന്‍

സിനിമാമോഹത്തിന് പിന്നിലോടുമ്പോള്‍ ഡോ. അരുണ്‍ ജി മേനോന് വേണ്ടത് പെര്‍ഫെക്ഷനായിരുന്നു, അതും വ്യത്യസ്തതയുള്ളത്. അത് കൊണ്ട് തന്നെ ആദ്യം ഒരുക്കിയ ഹ്രസ്യചിത്രം ദ ഡോക്ട്രിന്‍(The Doctrine) ഓണ്‍ലൈന്‍ ലോകത്തില്‍ ശ്രദ്ധ നേടി. ചാവറ ഷോര്‍ട്ട് ഫിലിം അവാര്‍ഡും ഫ്രാങ്ക് ഫര്‍ട്ട് ഷോര്‍ട്ട്ഫിലിം അവാര്‍ഡിനായുള്ള ഒഫിഷ്യല്‍ എന്‍ട്രിയും കരസ്ഥമാക്കിയ ദ ഡോക്ട്രിന്‍ ദൈവവും സാത്താനും തമ്മിലുളള ഏറ്റുമുട്ടലാണ്. 

ഓണ്‍ലൈനെഴുത്തില്‍ സജീവമായ അരുണ്‍ തന്റെ ഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങള്‍ കൂട്ടിച്ചേര്‍ത്ത് കോസ് ഓഫ് ഡെത്ത് എന്ന കഥാപരമ്പര ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചിരുന്നു. പോസ്റ്റ് മോര്‍ട്ടം അടിസ്ഥാനമാക്കി രചിച്ച കഥകള്‍ അരുണിന് ഓണ്‍ലൈനില്‍ നിരവധി ഫോളോവേഴ്‌സിനെ നല്‍കി. അരുണിന്റെ സംവിധാനത്തില്‍  നിര്‍മാണം പൂര്‍ത്തിയായ 'സ്‌നേഹിതന്‍ ബേബി' താമസിയാതെ തീയറ്ററുകളിലെത്തും. കൂടാതെ 'ഫാന്റം റീഫ്‌' എന്ന വെബ് സീരീസും അരുണിന്റെ സംവിധാനത്തില്‍ തയ്യാറായിക്കഴിഞ്ഞു.

harimohan g
ഹരിമോഹന്‍ ജി

കാല്‍സിയോ എന്ന ഹ്രസ്വചിത്രത്തിന് തിരക്കഥയൊരുക്കിയാണ് ഹരിമോഹന്‍ ജി എന്ന ജേണലിസ്റ്റ് സിനിമാരംഗത്തെത്തുന്നത്. കെടിസി അബ്ദുള്ള പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച കാല്‍സിയോ കാല്‍പ്പന്തുകളിയുടെ കഥയാണ് പറയുന്നത്. ലൂസിഫര്‍ ബൂട്ട് ലെഗിന്റെ തിരക്കഥയും സംഭാഷണങ്ങളും എഴുതിത്തീര്‍ക്കുമ്പോള്‍ ജീവിതത്തിലെ വഴിത്തിരിവാണ് കാത്തിരിക്കുന്നതെന്ന് ഹരിമോഹന്‍ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. എന്നാല്‍ കണ്ടവരെല്ലാം അതിലെ സംഭാഷണങ്ങള്‍ ഏറ്റുപറയുമ്പോള്‍ അത് തനിക്ക് കിട്ടിയ അംഗീകാരമായി കരുതുകയാണ് ഹരിമോഹന്‍. 

പുതിയ സിനിമാത്തിരക്കുകളിലേക്ക് ഊളിയിട്ടിറങ്ങാനൊരുങ്ങിയിരിക്കുകയാണ് ഹരിമോഹന്‍. ഒരു സിനിമയുടെ തിരക്കഥ പൂര്‍ത്തിയായിക്കഴിഞ്ഞു. അരുണിനൊപ്പം ഒരു സിനിമ ചര്‍ച്ചയിലാണ്. ഹരിമോഹനും അരുണും പരിചയപ്പെടുന്നത് ഓണ്‍ലൈനെഴുത്തിലൂടെയാണ്. പരിചയം സിനിമമോഹികളുടെ കൂട്ടുകെട്ടായതും ഇപ്പോള്‍ മലയാളസിനിമാലോകത്തേക്ക് ബൂട്ട് ലെഗിനെ പരിചയപ്പെടുത്താന്‍ കഴിഞ്ഞതും ഏറെ സന്തോഷകരമായ സംഗതികളെണെന്ന് ഇരുവരും പറയുന്നു. 

ലൂസിഫറിന് മുമ്പ്, ശേഷം

ലൂസിഫറിന് മുൻപ് ഒടിയന് ഒരു പാരലല്‍ ക്ലൈമാക്‌സ് അരുണ്‍ ജി മേനോന്‍ ഒരുക്കിയിരുന്നു. വ്യത്യസ്തമായ ആ ഹ്രസ്വചിത്രവും യൂട്യൂബില്‍ വന്‍ഹിറ്റായി. മികച്ച അഭിപ്രായം നേടിയ ഒടിയന്റെ പാരലല്‍ ക്ലൈമാക്‌സാണ് ലൂസിഫറിന്റെ ബൂട്ട് ലെഗ് വേര്‍ഷന്‍ ചെയ്യാനുള്ള ധൈര്യം നല്‍കിയതെന്ന് അരുണ്‍ പറയുന്നു. 

ലൂസിഫര്‍ ബൂട്ട്‌ലെഗിന് പശ്ചാത്തലസംഗീതമൊരുക്കിയ സാമുവല്‍ എബി തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു. സന്ദര്‍ഭത്തിനനുയോജ്യമായ സംഗീതമൊരുക്കി സാമുവല്‍ എബി ലൂസിഫര്‍ ബൂട്ട്‌ലെഗിനെ ഗംഭീരമാക്കി. ചെറുചിത്രമാണെങ്കില്‍ പോലും പൂര്‍ണ പിന്തുണ നല്‍കുന്ന നിര്‍മാതാവ് ഒരനുഗ്രഹഹമാണെന്ന് അരുണ്‍ പറയുന്നു. ബൂട്ട്‌ലെഗിന്റെ നിര്‍മാതാവ് കൃഷ്ണദാസ് മുരളി സ്‌നേഹിതന്‍ ബേബിയില്‍ പ്രധാനകഥാപാത്രമായെത്തുന്നുമുണ്ട്. 

ഒടിയന്റെ പാരാക്ലൈമാക്‌സ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പുതുമയും വ്യത്യസ്തതയും ആഗ്രഹിക്കുന്നവരാണ് കാഴ്ചക്കാര്‍. അതു കൊണ്ടു തന്നെ പ്രേക്ഷകര്‍ക്കാവശ്യമുള്ള വ്യത്യസ്തമായ സിനിമകള്‍ ഒരുക്കാനാണ് ഇവരാഗ്രഹിക്കുന്നത്. അത് നടക്കട്ടെയെന്ന് നമുക്ക് പ്രത്യാശിക്കാം, കാരണം ഇവരിലൂടെ സിനിമാപ്രേമികള്‍ക്ക് ലഭിക്കുന്നത് കുറേ നല്ല സിനിമകളായിരിക്കും. 

Content Highlights: Lucifer Bootleg Version, Dr Arun G Menon, Harimohan G