ലോക്ക്ഡൗൺ കാലത്ത് ടെക്കികളെല്ലാം വർക്ക് ഫ്രം ഹോം എന്ന പേരിൽ വീട്ടിൽ നെറ്റ്ഫ്ലിക്സും കണ്ട് അടിച്ച് പൊളിക്കുകയാണെന്ന തെറ്റിദ്ധാരണ പൊളിച്ചടുക്കുകയാണ് ലോക്ക് ഐ.ടി ഡൗൺ എന്ന ഹ്രസ്വചിത്രം.
വീട്ടിലെ ഉത്തരവാദിത്തങ്ങളും, കുട്ടികളുടെ കാര്യങ്ങളും, ഓഫീസിലെ ജോലിയുമെല്ലാം ഒരു പോലെ മുന്നോട്ട് കൊണ്ട് പോവാൻ ചക്രശ്വാസം വലിക്കുന്ന മൂന്ന് ടെക്കികളുടെയും, അവരുടെ തന്നെ ടീമിലുള്ള കെട്ട്യോളും കുട്ട്യോളും ഒന്നുമില്ലാത്ത എന്നാൽ പാരവെയ്പ്പിലും തൊഴുത്തിൽ കുത്തിലും മാനേജറെ സോപ്പ് ഇടുന്നതിലും അഗ്രഗണ്യനായ നാലാമന്റെയും കഥയാണ് വെറും 9 മിനിറ്റിൽ നർമ്മത്തിൽ ചാലിച്ച് രസകരമായി അവതരിപ്പിച്ചിരിക്കുന്നത്.
സാമൂഹിക അകല നിർദ്ദേശങ്ങൾ പാലിച്ച് അഭിനേതാക്കൾ അവരോരുടെ ഭാഗങ്ങൾ സ്വയം ചിത്രീകരിക്കുകയാണ് ചെയ്തത്. അനു സൂസൻ ബേബി , സിജോ തോമസ് , രാഹുൽ നായർ , ദിപു ജോൺ , മഞ്ജിത് കമലാസനൻ , ജ്യോതിഷ് നായർ എന്നിവരാണ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത് . അഖിൽ സോമനാഥും, അബിഷ് ഫിലിപ്പും ചേർന്നാണ് ഇതിന്റെ എഡിറ്റിംഗ് നിർവഹിച്ചത് .അബിഷ് ഫിലിപ്പ് ആണ് ഈ ചിത്രത്തിന് സംഗീതം നൽകിയത്. കഥ, തിരക്കഥ , സംവിധാനം അഖിൽ സോമനാഥ്.
Content Highlights: Lock IT Down Malayalam Comedy Short Film 2020, Covid19 pandemic