സോഷ്യല്‍ മീഡിയയില്‍  കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജ് ഹിറ്റ് ആയിട്ട് കുറച്ചു നാളായി. കേരള പൊലീസിലെ തന്നെ സാമൂഹിക മാധ്യമ രംഗത്തു അഭിരുചിയും പ്രാവീണ്യവുമുള്ള ഉദ്യോഗസ്ഥരെ തിരഞ്ഞെടുത്തു ആരംഭിച്ച സോഷ്യല്‍ മീഡിയ സെല്‍, പേജിന്റെ ചുമതല ഏറ്റെടുത്ത ശേഷം 'പോലീസ് ഇസ്ത'വുമായി പോലീസിനൊപ്പം ചേര്‍ന്നത് ലക്ഷങ്ങളാണ്. 

ഇന്ത്യയിലെ പോലീസ് സേന വിഭാഗങ്ങളുടെ ഫെയ്‌സ്ബുക്ക് പേജുകളില്‍ ലൈക്കുകളുടെ എണ്ണത്തില്‍ ഒന്നാമതും ഇപ്പൊള്‍ കേരള പോലീസിന്റെ പേജ് ആണ്. ട്രോളുകളും തകര്‍പ്പന്‍ മറുപടികളും മുന്നറിയിപ്പുകളുമൊക്കെയായി വന്ന പേജിന്റെ പുതിയ ചുവടുവെപ്പിലും 'ഇസ്തം' കൂടി ഫോളോവേഴ്‌സ് ഒപ്പമുണ്ട്. സമൂഹ മാധ്യമങ്ങള്‍ക്ക് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെക്കുറിച്ചു പൊതുജനത്തിനു മുന്നറിയിപ്പ് നല്കാന്‍ പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ഹ്രസ്വചിത്രം 'വൈറല്‍' പേരുപോലെ തന്നെ വൈറല്‍ ആയികൊണ്ടിരിക്കുകയാണ്. 

ട്രോള്‍  മാത്രമല്ല, പടംപിടുത്തവും തങ്ങള്‍ക്കു വഴങ്ങും  എന്ന് തെളിയിച്ചിരിക്കയാണ്  കേരള പോലീസ് സോഷ്യല്‍ മീഡിയ വിഭാഗത്തിലെ പോലീസ് ഉദ്യോഗസ്ഥര്‍. ഹ്രസ്വചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ച  അരുണ്‍ ബി.ടി & ഗ്രാഫിക്‌സ് ബിമല്‍ വി.എസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സന്തോഷ് പി.എസ്,  കോര്‍ഡിനേഷന്‍ കമലനാഥ്, ബിജു ബി.എസ്  എന്നിവര്‍ സോഷ്യല്‍ മീഡിയ സെല്ലിലെ ഉദ്യോഗസ്ഥരാണ്. ക്യാമറ & എഡിറ്റ് ശങ്കര്‍ദാസ്, ബാക്ക്ഗ്രൗണ്ട് മ്യൂസിക്  ജമിനി ഉണ്ണികൃഷ്ണന്‍, കളറിങ് ജോഷി എ.എസ് , ശബ്ദം വൈശാഖ് ദിനേശ്, പാര്‍വതി അരുണ്‍കുമാര്‍ എന്നിവരും   പിന്നണിയില്‍ പോലീസിനൊപ്പം ഉണ്ടായിരുന്നു. ശ്രദ്ധ ബാബു ആണ് അഭിനയിച്ചിരിക്കുന്നത്. ഈ ഉദ്യമത്തില്‍ മുന്നറിയിപ്പുമായി യുവതാരം പൃഥ്വിരാജ് സുകുമാരന്‍ എത്തുന്നുണ്ട്.