തൃശ്ശൂർ: ‘‘കൂരിരുട്ടിൽ ഒറ്റയ്ക്കങ്ങനെ നടന്നുപോകുമ്പോൾ തൊട്ടുപിന്നിൽ അറുകൊല’’ -കഥ കേട്ടിരുന്ന സുരേഷ് പേടിച്ചരണ്ട് ഒന്നുകൂടി അച്ഛന്റെ നെഞ്ചത്ത് പറ്റിക്കിടന്നു, ‘‘എന്നിട്ടോ...?’’

‘‘എന്നിട്ടെന്താ... ഇടയ്ക്കിടെ കാണുന്നതല്ലേ... വന്നപോലെ പോയി. ഒരു മിന്നൽപോലെ...’’ നാൽപ്പതുവർഷങ്ങൾക്കിപ്പുറം കുട്ടിക്കാലത്ത് കേട്ട ആ കഥകളെ മകൻ പുനരാവിഷ്‌കരിച്ചു, അനിമേഷൻ രൂപത്തിൽ. ദേശീയ പുരസ്‌കാരജേതാവും ആഗോളപ്രശസ്ത അനിമേറ്ററുമായ സുരേഷ് എറിയാട്ട് ഒരുക്കിയ ‘കണ്ടിട്ടുണ്ട്’ എന്ന അനിമേഷൻ ചിത്രം പിറന്നത് അങ്ങനെയാണ്.

കാനഡയിലെ ഹൊറർ ഫിലിം ഫെസ്റ്റിവലും സ്വീഡിഷ് ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലും ഉൾപ്പെടെ ആറ്‌ മേളകളിൽ ചിത്രം അവാർഡ്‌ നേടി. 34 മേളകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. യു ട്യൂബിലും വൈറൽ. അപ്പോഴും തൃപ്പൂണിത്തുറ എസ്.എൻ. ജങ്ഷനടുത്തുള്ള എറിയാട്ട് തറവാട്ടിലിരുന്ന് ഭാര്യ ഇ. കമലാവതിയെ നോക്കി തൊണ്ണൂറ്റൊന്നുകാരനായ പി.കെ. കേശവപ്പണിക്കർ തെല്ലുകുസൃതിയോടെ ചിരിക്കുന്നു. എന്നിട്ട് പറയുന്നു -‘‘എന്താ കണ്ടേന്ന് എനിക്കല്ലേ അറിയൂ... സത്യത്തിൽ ഇവരെയൊക്കെ എങ്ങനെ ഇതു പറഞ്ഞുമനസ്സിലാക്കും...!’’

സുരേഷിന്റെ അനിമേഷനിൽ ആനമറുത, ഈനാംപേച്ചി, തെണ്ടൻ, അറുകൊല, കുട്ടിച്ചാത്തൻ... പലരും സംഗീതത്തിന്റെ അകമ്പടിയോടെ കടന്നുവരുന്നു. എല്ലാവരെയും കണ്ടുമുട്ടുന്ന മുഖ്യകഥാപാത്രമായി കേശവപ്പണിക്കരും ചിത്രത്തിൽ ഉടനീളമുണ്ട്. ഉപയോഗിച്ചതും അദ്ദേഹത്തിന്റെ ശബ്ദംതന്നെ. ‘‘കുട്ടിക്കാലത്ത് പറഞ്ഞുതന്ന ആ കഥകൾ ഒന്നുകൂടി അച്ഛനോട് ചോദിച്ച് റെക്കോഡ് ചെയ്തത് 2016-ൽ ആണ്. അനിമേഷനാക്കണമെന്നത് അന്നേയുള്ള മോഹമായിരുന്നു’’ -സുരേഷ് പറയുന്നു.

മുംബൈയിൽ പ്രവർത്തിക്കുന്ന സുരേഷിന്റെ പ്രശസ്തമായ ഈക്സോറസ് എന്ന അനിമേഷൻ സ്ഥാപനം തന്നെയാണ് ‘കണ്ടിട്ടുണ്ട്’ എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. സുരേഷ് ക്രിയേറ്റീവ് ഡയറക്ടറായ ചിത്രം സംവിധാനം ചെയ്തത് അദിതി കൃഷ്ണദാസാണ്. റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈൻ. സുരേഷിന്റെ ഭാര്യയും അനിമേറ്ററുമായ നീലിമ എറിയാട്ട് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ. സംഗീതം നന്ദു കർത്ത.

കുറച്ചുമാസംമുൻപാണ് സുരേഷ് അച്ഛനെ ചിത്രം കാണിച്ചത്, ഒരു വലിയ സർപ്രൈസ്. കഥയും ഫലിതവും ഇഷ്ടപ്പെടുന്ന കേശവപ്പണിക്കർക്ക് അത് നന്നായിരസിച്ചു. ‘‘അച്ഛന്റെ കഥകൾ ഇനിയും കുറെയേറെയുണ്ട്. അതെല്ലാം അനിമേഷനിലാക്കാനാണ് മോഹം’’ -സുരേഷ് പറയുന്നു.

content highlights : Kandittund Animation short film