ഹോളിവുഡ് ലെവലിലൊരു ട്രെയിലർ പുറത്തിറങ്ങിയപ്പോൾ തന്നെ ഫാന്റം റീഫ് എന്ന പേരിന്റെ പിന്നാലെയാണ് ഇന്റർനെറ്റ് ലോകം. എന്താണ് ഫാന്റം റീഫിലൊളിപ്പിച്ച നി​ഗൂഢതയെന്ന് അറിയാനുള്ള ആകാംക്ഷയുടെ ഔന്നത്യത്തിലെത്തിക്കാൻ ഈ ചെറുചിത്രത്തിന്റെ ട്രെയിലറിനായത് അതിന്റെ പിന്നിൽ പ്രവർത്തിച്ചവരുടെ, ഒരു ടീം വർക്കിന്റെ  വിജയമാണെന്ന് നിസംശയം പറയാം. ഒരു ടീമാകുമ്പോൾ അതിനെ നയിക്കുന്ന ആൾ പെർഫെക്ടായിരിക്കണം.

arun g menon
ഡോ. അരുൺ ജി മേനോൻ 

ഓൺലൈൻ ലോകത്തെ ചില ആരാധകരുടെ  വാക്കുകൾ  കടമെടുത്താൽ ഒരൽപം കിറുക്കനായ ഡോക്ടർ അരുൺ ജി മേനോനാണ് ഈ ടീമിന്റെ അമരത്ത്. ലൂസിഫറിന്റെ ബൂട്ട് ലെഗ് വേർഷൻ, ഒടിയന്റെ പാരലൽ ക്ലൈമാക്സ്‌ എന്നിങ്ങനെ മലയാള സിനിമയ്ക്ക് അപരിചിതമായിരുന്ന സാങ്കേതിക സംവിധാനവശങ്ങൾക്ക് ആരംഭമിട്ട്,  ഹ്രസ്വ ചിത്രങ്ങളിലൂടെ തന്നെ  മികച്ച സംവിധായകനെന്ന്  ഡോക്ടർ അരുൺ ജി മേനോൻ തെളിയിച്ചു കഴിഞ്ഞു. 

ഫാന്റം റീഫിനെ കുറിച്ചും പുതിയ പ്രോജക്ടുകളെ കുറിച്ചും ഡോ. അരുൺ ജി മേനോൻ സംസാരിക്കുന്നു. 

 • പുതിയ ഹ്രസ്വ ചിത്രമായ ദി ഫാന്റം റീഫിന്റെ ട്രെയിലറിനെ കുറിച്ച് എന്താണ്  പറയാനുള്ളത്

ഫാന്റം റീഫ് ഒരു വെബ് സീരീസ് ആണ്. വെബ് സീരീസായി ചെയ്യാൻ പോകുന്ന കഥയുടെ ഒരു ചെറുരൂപമാണ് ഇപ്പോൾ വരാൻ പോകുന്നത്. ഒരു പൈലറ്റ് പ്രോജക്ട് എന്നു പറയാം. ഇതിന്റെ സ്വീകാര്യതയെ അടിസ്ഥാനമാക്കിയാവും തുടർ എപ്പിസോഡുകൾ നിർമിക്കുക. 

 • ഫാന്റം റീഫിന്റെ പ്രമേയം

ഒരുപാട് aspects  കടന്നുവരുന്നുണ്ട്.  നി​ഗൂഢമായ ഒരു ദ്വീപ്, അവിചാരിതമായി അവിടെ എത്തിച്ചേരുന്ന മനുഷ്യർ, അവരുടെ അതിജീവനം എന്നിവയിലൂടെയൊക്കെയാണ് പ്രധാനമായും കഥ കടന്നുപോകുന്നത്. 'ഫാന്റം റീഫ്' എന്നാൽ കപ്പൽ യാത്രകളിൽ പ്രത്യക്ഷപ്പെടുന്ന മായാ ദ്വീപുകളാണ്. മരുഭൂമിയിലെ മരീചിക പോലെ .ദൂരെ നിന്ന് നോക്കുമ്പോൾ കാണുകയും അടുത്തെത്തുമ്പോൾ അപ്രത്യക്ഷമാവുകയും ചെയ്യുന്നവ. ഇത്തരമൊരു ദ്വീപിൽ എത്തിപ്പെടുന്ന ഒരു കൂട്ടം മനുഷ്യരുടെ അനുഭവമാണ് ഫാന്റം റീഫ്. ഇതിൽ ഫാന്റസിയും ഹൊററും ഫിലോസഫിയും ഉണ്ട്. അത് കാഴ്ചക്കാരന് ഇഷ്ടമാകും എന്നാണ് പ്രതീക്ഷ.  

 • ഫാന്റം റീഫിലെ പ്രധാന കഥാപാത്രങ്ങൾ, പ്രധാന ലൊക്കേഷൻ     

രമേശ്‌ മേനോൻ, മിഥുൻ സുന്ദരേഷ്,  ഷാലിൻ സോയ എന്നിവരാണ് പ്രധാന താരങ്ങൾ. കണ്ണൂരിലെ ധർമടം തുരുത്തായിരുന്നു ലൊക്കേഷൻ. ഒരു കൂട്ടായ്മയുടെ ശ്രമഫലമാണ് ഫാന്റം റീഫ്. എന്റെ കഥയ്ക്ക് സച്ചിൻ സുമറാമും മിഥുൻ സുന്ദരേഷും ചേർന്ന് തിരക്കഥയെഴുതി. സാമുവൽ എബി ആണ് സംഗീതം. അരുൺ പി.ജി.യാണ് ചിത്രത്തിന്റെ നിർമാണവും  ചിത്രസംയോജനം നിർവഹിച്ചിരിക്കുന്നത്. മോബിയാണ്  ഛായാഗ്രഹണം നിർവഹിച്ചത്. Owl Design Lab ആണ് വിഷ്വൽ ഇഫക്ടുകൾ ഒരുക്കിയത്. 

 • പുതിയ പരീക്ഷണങ്ങൾ നടത്താൻ ഇഷ്ടമുള്ള  ആളാണ്‌ താങ്കൾ. ഫാന്റം റീഫ് ഒരു  വെബ്‌സൈറ്റിൽ  റിലീസ് ചെയ്യാനെടുത്ത തീരുമാനം അത്തരത്തിലുള്ളതാണ്. ഇത്തരം കാര്യങ്ങളെ പറ്റി ഒന്നു വിശദീകരിക്കാമോ  

ഹ്രസ്വചിത്രങ്ങളുടെ കാര്യത്തിൽ പൊതുവെ കണ്ടു വരുന്ന പ്രവണത ആളുകൾ ഒന്നര-രണ്ടു ലക്ഷം രൂപ മുടക്കി ചിത്രം നിർമിക്കും, യൂ ട്യൂബിൽ അപ്‌ലോഡ് ചെയ്യും. എന്നാലിതിലൂടെ നിർമാതാവിന് വലിയ പ്രയോജനം ലഭിക്കുന്നില്ല .ഇതിനൊരു മാറ്റം വരാനാണ് ഈ  സിനിമ ഒരു സ്വതന്ത്രമായ  വെബ്‌സൈറ്റിൽ റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. ഇവിടെ പ്രേക്ഷകർക്ക് നിശ്ചിത തുക  നൽകി സിനിമ ആസ്വദിക്കാം. മികച്ച രീതിയിൽ മാർക്കറ്റിംഗ് ചെയ്ത് കൂടുതൽ ആളുകൾക്കിടയിലേക്കു നവാഗതരുടെ  സൃഷ്ടികൾ എത്തിക്കാൻ  സാധിക്കും.

 • എന്നാണ് ഫാന്റം റീഫ് പ്രേക്ഷകരുടെ മുന്നിലേക്കെത്തുക

ജൂൺ ആദ്യവാരത്തിന് ശേഷം കൊച്ചിയിൽ ഒരു പ്രിവ്യൂ ഷോ ഉണ്ടാകും. സൗണ്ട്, ക്യാമറ, വി.എഫ്.എക്സ് എല്ലാം മികച്ച നിലവാരത്തിലാണ്.  പ്രേക്ഷകർക്ക് തിയ്യറ്ററിൽ അതിന്റെ പൂർണതയിൽ ആസ്വദിക്കാനായി തുടർന്ന്  ചെന്നൈ, ബാംഗ്ലൂർ തുടങ്ങിയ നഗരങ്ങളിൽ തിയ്യറ്റർ പ്രദർശനങ്ങളുണ്ടാവും. അതിനുശേഷമാണ് വെബ് റിലീസ് പ്ലാൻ ചെയ്തിരിക്കുന്നത്. 

 • ഇന്റർനെറ്റ്  ലോകത്ത് മികച്ച പ്രതികരണമാണ് താങ്കളുടെ ഹ്രസ്വചിത്രങ്ങൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. പലരും ചൂണ്ടിക്കാണിക്കാറുള്ളത് സിനിമകളിലെ സാങ്കേതിക മികവാണ്. എങ്ങിനെയാണ് അത് സാധ്യമാവുന്നത്.

ഗുണമേന്മയിൽ വിട്ടുവീഴ്ച ചെയ്യാതിരിക്കുക എന്നതാണ് ഇതിലെ കാര്യം. കഥക്കനുയോജ്യമായ  മികച്ച സാങ്കേതിക വിദഗ്ധരെ തിരഞ്ഞെടുക്കേണ്ടതുണ്ട്.  ഒരു തുടക്കക്കാരനെ സംബന്ധിച്ച് ഇതൊരൽപം വെല്ലുവിളി നിറഞ്ഞ കാര്യമാണെങ്കിലും പരിശ്രമിച്ചാൽ നടക്കാത്ത ഒന്നല്ല എന്നതാണ് അനുഭവം. എന്റെ കൂടെയുള്ള ടീമിൽ എല്ലാവരും അസാമാന്യ കഴിവുള്ളവരാണ്. നമുക്കാവശ്യമുള്ളത് സൂചിപ്പിക്കുകയേ വേണ്ടൂ, അവർ ചെയ്തു തരും. 

 • ‌മുഴുനീള ചലച്ചിത്രം ചെയ്യാൻ  പ്ലാനുണ്ടോ    

തീർച്ചയായും. ഒരു  ഫീച്ചർ സിനിമ അണിയറയിലൊരുങ്ങുന്നുണ്ട്. കൂടുതൽ കാര്യങ്ങൾ പറയാറായിട്ടില്ല. ഒരു മെഡിക്കൽ ത്രില്ലറായിരിക്കും. ഇതിന്റെ പ്രീ-പ്രൊഡക്ഷൻ പ്രവൃത്തികൾ വൈകാതെ ആരംഭിക്കും.

 • നിഗൂഢതകളാണ് ഡോക്ടറുടെ ഇഷ്ട വിഷയം. ആദ്യം പുറത്തിറങ്ങിയ ദി ഡോക്ട്രൈൻ' ആണെങ്കിലും, ഓൺലൈൻ എഴുത്തുകളാണെങ്കിലും, ‌ദി ഫാന്റം റീഫ് ആണെങ്കിലും. മലയാള സിനിമയിൽ ഇപ്പോൾ റിയലിസ്റ്റിക് സിനിമകളുടെ കാലമാണ്. അത്തരം സിനിമകളെടുക്കുമോ

സിനിമയിൽ അങ്ങിനെയൊരു വേർതിരിവിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.റിയലിസ്റ്റിക് സിനിമയെന്നാൽ ആളുകൾക്ക് 'റിലേറ്റ്' ചെയ്യാൻ പറ്റുന്ന സിനിമയാകണം. ഞാൻ സംവിധാനം ചെയ്ത, ഈയിടെ ഇറങ്ങിയ  ഒരു ഹ്രസ്വചിത്രമായിരുന്നു സ്നേഹിതൻ ബേബി. നമ്മൾ സാധാരണ കണ്ടുമുട്ടുന്ന  കഥാപാത്രങ്ങളാണതിലുള്ളത്.  അത്തരം സിനിമകൾ ഭാവിയിൽ ചെയ്യാൻ പ്ലാനുണ്ട്.

 • താങ്കളൊരു ഡോക്ടർ കൂടിയാണ്. വൈദ്യശാസ്ത്രവും സിനിമയും തമ്മിലുള്ള ബന്ധം  

ഡോക്ടർ എന്നത് എന്റെ പ്രൊഫഷനാണ്  സിനിമയെന്നത്  പാഷനും. കുട്ടിക്കാലം മുതലേ സിനിമയോട് താത്പര്യമുണ്ടായിരുന്നു.  പാഷനിൽ കുറച്ച് ശ്രദ്ധ കൂടിയതിനാൽ ഫ്രൊഫഷന് കുറച്ചു കാലത്തേക്ക് അവധി നൽകിയിരിക്കുകയാണ്. ഡോക്ടറെന്ന നിലയിൽ മറ്റുള്ളവരുമായുള്ള സമ്പർക്കം പലപ്പോഴും എനിക്ക് പ്രചോദനമായിട്ടുണ്ട്. പഠന കാലത്തെയും,  അതിന് ശേഷവുമുള്ള ചികിത്സാ അനുഭവങ്ങളും  എന്റെ ഓൺലൈൻ എഴുത്തുകളെ സ്വാധീനിച്ചിട്ടുണ്ട്. 'കോസ് ഓഫ് ഡെത്ത് ' എന്ന ഓൺലൈൻ കഥാ പരമ്പരയുടെ അടിസ്ഥാനവും ഇത്തരം അനുഭവങ്ങൾ തന്നെ.

 • വീട്ടുകാരുടെ പിന്തുണയെ കുറിച്ച് 

അവർ പരിപൂർണ പിന്തുണ നൽകുന്നുണ്ട്. അമ്മയും, ചേട്ടന്മാരുമെല്ലാം എന്റെ വർക്കുകൾ കാണുന്നുണ്ട്. നല്ല അഭിപ്രായമാണവർക്ക്. മൂത്ത ചേട്ടൻ അർജുൻ ഗോപിനാഥാണ് എന്റെ മുഖ്യ വിമർശകൻ. രണ്ടാമത്തെ ചേട്ടൻ അശ്വിൻ ഗോപിനാഥ്.  അമ്മ കൗമാരിയോടൊപ്പം തൃശൂർ ജില്ലയിലെ വലക്കാവിലാണ് താമസം. അച്ഛൻ വി. പി. ഗോപിനാഥ്, ഇപ്പോഴില്ല.

 • എന്തൊക്കെയാണ് മറ്റു ഹോബീസ്

സിനിമ കൂടാതെ  സംഗീതം, എഴുത്ത് എന്നിവയിലൊക്കെ കൈവെച്ചിട്ടുണ്ട്. അഞ്ചു വർഷത്തോളം കർണാടക സംഗീതവും നാല്   വർഷത്തോളം വയലിനും അഭ്യസിച്ചു. എജിഎം ഫിലിംസ് എന്ന ഒരു പരസ്യക്കമ്പനിയും ഇതിനൊപ്പം കൈകാര്യം ചെയ്യുന്നുണ്ട്. കൊച്ചിയാണ് സ്ഥാപനത്തിന്റെ ആസ്ഥാനം. എന്നിലെ കലാകാരനെ വളർത്തിയെടുക്കാൻ തൃശൂർ എന്ന നാടും ഏറെ സഹായിച്ചിട്ടുണ്ട്. ഇവിടുത്തെ ഓരോ മനുഷ്യനിലും ഒരു കലാകാരനുണ്ടെന്നാണ് എന്റെ വിശ്വാസം. 

Special thanks: The Cafe Shakespeare, Thrissur

Content Highlights: Dr Arun G Menon, Phantom Reef, Shalin Zoya, Ramesh Menon, Short Film