വാഹനാപകടങ്ങളില്‍ പെട്ടവര്‍ ആരാലും സഹായം ലഭിക്കാതെ റോഡരികില്‍ ചോര വാര്‍ന്ന് മരിക്കുന്ന വാര്‍ത്തകള്‍ ഇക്കാലത്ത് സാധാരണമാണ്. നിയമക്കുരുക്കുകള്‍ മുതല്‍ കാറിന്റെ സീറ്റിലായേക്കാവുന്ന ചോരക്കറ വരെ കാരണമാക്കി അപകടത്തില്‍ പെട്ടവരില്‍ നിന്നും മുഖം തിരിച്ചു കളയുന്നവരാണ് നമ്മളില്‍ പലരും. പക്ഷെ, അപകടം പറ്റിയത് നമുക്ക് വേണ്ടപ്പെട്ടവര്‍ക്കാണെങ്കിലോ?
ഐ.സി.യു എന്ന ഹ്രസ്വചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ വെയ്ക്കുന്നതും ഇതേ ചോദ്യമാണ്. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ദിലീപ് മോഹന്‍, തന്റെ യഥാര്‍ത്ഥ ജീവിതത്തില്‍, വര്‍ഷങ്ങള്‍ക്ക് മുമ്പേ നടന്ന ഒരു വാഹനാപകടത്തില്‍ റോഡരികില്‍ മണിക്കൂറുകളോളം ചോര വാര്‍ന്ന് കിടന്നിരുന്നു.
അനിഷ് വി.എ സംവിധാനം ചെയ്ത ഈ ഹ്രസ്വചിത്രത്തിലൂടെ നായകനായി ദിലീപ് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയത് തികച്ചും യാദൃശ്ചികം മാത്രം. ഇതെക്കുറിച്ച് ദിലീപ് മോഹന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചതിങ്ങനെ...
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ഏപ്രില്‍ 1... ഏപ്രില്‍ ഫൂള്‍ ദിനം.... താരീഖിന് തന്റെ മറ്റൊരു ഫ്രണ്ടിന്റെ ഫോണ്‍ കോള്‍ വരികയാണ് .... ദിലീപിന് ആക്സിഡന്റായി .... സീരിയസാണ് എന്ന് കേള്‍ക്കുന്നു .... അവന്‍ ചിരിച്ചു കൊണ്ട് 'എടാ ദിലീപേ നീ സൗണ്ട് മാറ്റി പറ്റിക്കല്ലേ .... ' ഏപ്രില്‍ ഫുളിന് ഇത് നിന്റെ സ്ഥിരം പരിപാടിയാണ് .... ഫോണ്‍ കട്ട് ആവുന്നു .... പിറ്റേന്ന് പത്രവാര്‍ത്ത കണ്ട് അവന്റെ എല്ലാ സുഹൃത്തുക്കളും ഹോസ്പിറ്റലില്‍ ഓടി എത്തുന്നു .... ആകെ്സിഡന്റ് ആയി റോഡില്‍ കിടന്ന അവനെയും കൂടെയുള്ള ആളേയും പൊന്നാനിയിലെ രാംദാസ് എന്നൊരു മനുഷ്യ സ്നേഹിയും കുടുംബവും ചേര്‍ന്ന് ഹോസ്പിറ്റലില്‍ എത്തിച്ചു ....
ഒരുപാട് സര്‍ജറികള്‍ വേണ്ടി വന്നതിനാല്‍ ആര്‍ക്കും 2 ദിവസം അവനെ കാണാന്‍ അനുവാദമില്ല... അച്ഛനും അമ്മക്കുമടക്കം .... ബൈക്കില്‍ ഇടിച്ച കാര്‍ നിര്‍ത്താതെ പോയതായി ചിലര്‍ അടക്കം പറയുന്നത് കേട്ട അമ്മ തളര്‍ന്നിരുന്നു. ബൈക്കിന് പുറകില്‍ ഇരുന്ന കുമ്പിടി സ്വദേശിയായ രാജുവേട്ടന്‍ സുഹൃത്തുക്കളോട് സംഭവം വിവരിക്കുന്നു. പൊന്നാനി ചന്ദപ്പടി ജംഗ്ഷനില്‍ വച്ച് മാര്‍ച്ച് 31 ന് രാത്രി ഒരു ബിസിനസ് മീറ്റിംഗ് കഴിഞ്ഞ് വരുന്ന വഴിക്ക് നടന്ന ആക്സിഡന്റിന് ശേഷം. ചോര വാര്‍ന്ന് റോഡില്‍ കിടന്ന ദിലീപിനെ 45 മിനിട്ടോളം ആരും അറ്റന്‍ഡ് ചെയ്തില്ല ആളുകള്‍ ദൂരെ നിന്നും നോക്കി ... ബോധം പോയി കിടന്ന ദിലീപിന്റെ ഒരു മീറ്റര്‍ അകലെ കിടന്ന രാജു വേട്ടന്‍ നോക്കി നില്‍ക്കേ ഒരാള്‍ പതിയെ പൈസയും എടുക്കുന്നത് കണ്ട് ... വേദനയോടെ കുറച്ചകലെ കിടന്ന മൊബൈല്‍ കാണിച്ച് കൊടുത്തു ഒന്ന് അടുത്തുള്ള സുഹൃത്തിനെവിവരമറിയിക്കാന്‍ പറഞ്ഞു പുള്ളിക്കാരന്‍ വിളിക്കാം എന്ന് പറഞ്ഞ് ആ മൊബൈല്‍ എടുത്ത് നിഷ്‌കരുണം നടന്ന് ഇരുട്ടില്‍ മറഞ്ഞു...... ഇന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഇത്തരം ഒരു തിരക്കഥ നവീന്‍ എന്നോട് പറഞ്ഞപ്പോള്‍ അതിശയത്തോടെ .... ദൈവനിയോഗത്തിന്റെ രണ്ടാം ജന്‍മത്തിലിരുന്ന് ഞാനിതില്‍ അഭിനയച്ചു .... ഇനിയും എന്തെല്ലാമോ എന്നെ കൊണ്ട് ഈ ഭൂമിയില്‍ ചെയ്യിക്കാനുള്ളതു പോലെ.... ജഗദീശ്വരന്‍ ....
ആശുപത്രിയിലെത്തിച്ച ആ മനുഷ്യ സ്നേഹി ഇന്ന് ജീവിച്ചിരിക്കുന്നില്ല. പക്ഷെ അദ്ദേഹത്തിന്റെ മകള്‍ ഇന്നെന്റെ ഭാര്യയാണ്.
Content Highlights: ICU Short Film on Road accident, Dileep Mohan, Naveen, Aneesh VA, Save and help accident victims