നിങ്ങള്‍ക്കെപ്പോളെങ്കിലും ഒരു കൂട്ടം ആളുകള്‍ക്കിടയില്‍ ഒറ്റപെടുന്നതായി തോന്നിയിട്ടുണ്ടോ? അതോ നിങ്ങളുടെ സന്തോഷത്തിനും, സംതൃപ്തിയിലും ,ആഴമേറിയ മുറുവുകള്‍ക്കിടയിലും ഒക്കെ ഒരു മരവിപ്പ് അനുഭവിച്ചിട്ടുണ്ടോ? നമ്മുടെ ജീവിതത്തിലെ ചില നിമിഷങ്ങള്‍ ഉത്തരമില്ലാത്ത ചോദ്യങ്ങളെ പോലെയാണ്. കറിവേപ്പില എന്റര്‍ടൈന്‍മെന്റ്‌സിന്റെ  ബാനറില്‍ പുറത്തിറങ്ങിയ ഹ്രസ്വ ചിത്രമായ 'ഗോൽഗോത്താ' നിങ്ങള്‍ക്കു ഒരു പക്ഷെ അങ്ങനെ ഒരു ദൃശ്യാനുഭവം തന്നേക്കാം. കോമഡി വെബ് സീരീസിലൂടെ സിംഗപ്പൂരില്‍ ഇതിനകം തന്നെ ശ്രദ്ധയാകര്‍ഷിച്ച  കറിവേപ്പില എന്റര്‍ടൈന്‍മെന്റ്‌സിന്റെ തികച്ചും വ്യത്യസ്തമായ ഒരു ദൃശ്യാനുഭവം ആയിരിക്കും 'ഗോല്‍ഗോത്ത' പ്രേക്ഷകര്‍ക്ക് നല്‍കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

തിരക്കേറിയ ജീവിതത്തില്‍ നിന്നും ഒരു സമാധാനപരമായ അന്തരീക്ഷത്തിലേക്ക് ഒരു ഇടവേളക്കായി വരുന്ന ഭര്‍ത്താവും ഭാര്യയുമായി വേഷമിടുന്നത് സിംഗപ്പൂരില്‍ ഇതിനോടകം തന്നെ കോമഡി വെബ് സീരിസിലൂടെയും ഹ്രസ്വ ചിത്രങ്ങളിലൂടെയും പരിചിത മുഖങ്ങളായ മുരളിയും ഗായത്രിയും ആണ്. അവരോടൊപ്പം അവധിക്കാലം ആഘോഷിക്കാനെത്തുന്ന അമ്മയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സിംഗപ്പൂരിലെ നാടകരംഗത്തിലും ഹ്രസ്വ ചിത്രങ്ങളിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച നന്ദിത മേനോന്‍ ആണ്. വാടക വീട്ടിന്റെ നോട്ടക്കാരനായീ വരുന്നത് സംവിധായകനായി പേരെടുത്ത പനയം ലിജു ആണ്. യൂട്യൂബര്‍ ജീവന്‍ ജോര്‍ജ്  ആയി ശ്രീകാന്ത് നായരും വേഷമിടുന്നു.

ഈ ഹൊറര്‍ ത്രില്ലെര്‍ ചിത്രം സംവിധാനം ചെയ്തത് മുരളീകൃഷ്ണനും ദൃശ്യങ്ങള്‍ പകര്‍ത്തിയത് സിംഗപ്പൂരില്‍ തന്നെ നിരവധി ഹ്രസ്വ ചിത്രങ്ങളിലും വസന്തം ചാനല്‍ ഷോയിലും ക്യാമറ ചലിപ്പിച്ച അജേഷ് കാവാലനാണ്. ഇതിന്റെ കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത് സുബിനും അനന്തുവും ആണ്.

Content Highlights: Golgotha Malayalam Short Film Horror Thriller Kariveppila entertainments