മ്മുടെ ഓരോരുത്തരുടെയും ഹൃദയത്തിലുണ്ട് അങ്ങനെയൊരിടം. മറ്റൊരാള്‍ക്ക് അത്രവേഗമൊന്നും കടന്നുവരാന്‍ കഴിയാത്ത ഒരിടം. ഏറ്റവും പ്രിയപ്പെട്ട ചിലതിനെ നിധി പോലെ സൂക്ഷിക്കുന്ന ഹൃദയത്തിന്റെ ആ വടക്കുകിഴക്കേ അറ്റം!!

അത്രമേല്‍ പ്രിയപ്പെട്ടൊരിടത്തെക്കുറിച്ച് ആസ്വാദകരെ വല്ലാതെയൊര്‍മ്മിപ്പിച്ച് ശ്രദ്ധേയമായിരിക്കുകയാണ് അനുപ് നാരായണന്‍ സംവിധാനം ചെയ്ത 'എന്റെ ഹൃദയത്തിന്റെ വടക്ക് കിഴക്കേ അറ്റത്ത്' എന്ന ഹ്രസ്വചിത്രം. സ്വന്തമാക്കുമ്പോഴല്ല ദൂരെ നിന്ന് നോക്കിക്കാണുമ്പോഴാണ് ചില ഇഷ്ടങ്ങള്‍ കൂടുതല്‍ മനോഹരമാകുന്നതെന്ന് ഈ കുഞ്ഞ് ചിത്രം പറയാതെ പറഞ്ഞ് വയ്ക്കുന്നു. ഇഷ്ടപ്പെടുന്നയാളുടെ മനസ്സെന്താണോ ഇഷ്ടപ്പെടുന്നത് അതിനെ അംഗീകരിക്കാനും അതിന്റേതായ അര്‍ഥത്തില്‍ നിലനിര്‍ത്താനും കഴിയുമ്പോള്‍ ബന്ധങ്ങള്‍ക്ക് ആഴവും പരപ്പും കൂടുമെന്ന സന്ദേശവും ചിത്രം പങ്കുവയ്ക്കുന്നു.

'നീ എന്തിനാടാ ചക്കരേ അച്ചന്‍ പട്ടത്തിന് പോയത്' എന്ന് ചോദിച്ച് നായിക കാഴ്ച്ചക്കാരിലോരോരുത്തരുടെയും മനസ്സ് കീഴടക്കുന്നു. ഉള്ളില്‍ തട്ടുന്ന കാഴ്ച്ചാനുഭവമായി 'എന്റെ ഹൃദയത്തിന്റെ വടക്ക് കിഴക്കേ അറ്റത്ത്' മാറുന്നത് അതിലെ ഓരോ ദൃശ്യവും കാഴ്ച്ചക്കാരന് സമ്മാനിക്കുന്ന വ്യത്യസ്തത കൊണ്ടു തന്നെ. നാല് കഥാപാത്രങ്ങളും മികച്ച് നില്‍ക്കുന്നവയാണ്. അമിതാഭിനയമോ നിര്‍വികാരതയോ പ്രകടിപ്പിക്കാതെ സന്ദര്‍ഭത്തിനനുസരിച്ച് ജീവിക്കുന്നവരായി മാറി കാഴ്ച്ചക്കാരുടെ പ്രശംസ പിടിച്ചുപറ്റുന്നവരാണ് ഓരോരുത്തരും. പ്രസന്നതയും നിറഞ്ഞ ചിരിയുമുള്ള മുഖങ്ങളായി ആ കഥാപാത്രങ്ങളെല്ലാം കാഴ്ച്ചക്കാരെ കീഴടക്കുന്നു.

സംവിധായകന്‍ അനൂപ് നാരായണന്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും എഴുതിയിരിക്കുന്നത്. പള്ളീലച്ചനായി മത്തായി ബിബിനും പ്രിയയായി അനീഷ ഉമ്മറും അനില്‍ ആയി വിഷ്ണു വിദ്യാധരനും കഥാകൃത്തായി ആനന്ദ് റോഷനും വേഷമിട്ടിരിക്കുന്നു. എം.ബി.മനോജ്, സംഗീത് സോമന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. പ്രസാദ് യോഗി ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

ഈ ഹ്രസ്വചിത്രം വിജയിപ്പിച്ചതില്‍ പശ്ചാത്തലസംഗീതത്തിനുള്ള പങ്ക് പറയാതിരിക്കാനാവില്ല. സംഗീതം ജോയല്‍ ജോണ്‍സിന്‍േതാണ്. ജിബിന്‍ ജോര്‍ജ് സൗണ്ട് എഫക്ട്‌സ് നിര്‍വ്വഹിച്ചിരിക്കുന്നു. ഓഡിയോ മിക്‌സിംഗും മാസ്റ്ററിങ്ങും ഹാപ്പി ജോസ് ആണ് നിര്‍വഹിച്ചിരിക്കുന്നത്.