സ്വാതന്ത്ര്യ സമരസേനാനിയും മാതൃഭൂമി സ്ഥാപക പത്രാധിപരുമായ കെ. പി. കേശവമേനോനെകുറിച്ചുള്ള ഡോക്യുമെന്ററി ഫിലിമിന്റെ പോസ്റ്റർ പുറത്തിറങ്ങി. പ്രശസ്ത സിനിമാ താരം  അപർണ ബാലമുരളിയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്. 

രണ്ട് ലോക മഹായുദ്ധങ്ങൾക്ക്  സാക്ഷിയായ കേശവമേനോന്റെ ജീവിതം “സ്വാതന്ത്ര്യത്തിന്റെ തിരയിളക്കം” എന്ന പേരിലാണ് പുറത്തിറങ്ങുന്നത്. കേശവമേനോന്റെ ഇന്ത്യയിലും വിദേശത്തുമുള്ള ജയിൽ ജീവിതവും മാതൃഭൂമി പത്രത്തിന്റെ സ്ഥാപക കാലത്ത് അദ്ദ്ദേഹം നേരിട്ട വെല്ലുവിളികളുമെല്ലാം ദൃശ്യവൽക്കരിച്ചുകൊണ്ടാണ് ഡോക്യുമെന്ററി പുരോഗമിക്കുന്നത്. മേനോന്റെ ജന്മസ്ഥലമായ പാലക്കാട്ടെ തരൂർ ഗ്രാമത്തിലും ചിത്രീകരണം നടന്നിരുന്നു. 

20 വർഷത്തോളം അദ്ദ്ദേഹത്തിന്റെ സഹായിയായി പ്രവർത്തിച്ച എൻ. ശ്രീനിവാസനെ കൂടാതെ മുൻ ഗവർണർ കെ. ശങ്കരനാരായണൻ, എം. ടി. വാസുദേവൻ നായർ, മാതൃഭൂമി മുൻ മാനേജിങ് ഡയറക്‌റ്റർ  എം. പി.  വീരേന്ദ്രകുമാർ, ചരിത്രകാരൻ എം. ജി. എസ്. നാരായണൻ, മാതൃഭൂമി മാനേജിങ്ങ്‌ എഡിറ്റർ പി. വി. ചന്ദ്രൻ, അബ്‍ദുൾ സമദ് സമദാനി, മേയർ തോട്ടത്തിൽ രവീന്ദ്രൻ, കെ. പി. സുധീര തുടങ്ങി സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ കേശവമേനോനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്കുന്നുണ്ട്. 

Documentary

45 മിനിറ്റ് ദൈർഖ്യമുള്ള ഡോക്യുമെന്ററിക്ക് ശബ്‌ദ വിവരണം നൽകിയിരിക്കുന്നത് ദേശീയ പുരസ്‌കാര ജേതാവായ പ്രഫ: അലിയാർ ആണ്. പാലക്കാട്‌ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കെ. പി. കേശവമേനോൻ സ്മാരക ട്രസ്റ്റുമായി സഹകരിച്ചുകൊണ്ടാണ് നിർമ്മാണം. രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ടെലിവിഷൻ മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന രാഹുൽ അയനിയാണ്.  രാജേഷ് രവിയാണ് ക്യാമറ ചെയ്തത്.

Content highlights : Documentary about KP Kesava Menon Swathanthrayathinte Thirayilakkam