ശാരീരിക അസുഖങ്ങൾക്ക് നൽകുന്ന പ്രാധാന്യം പലരും മാനസിക പ്രശ്നങ്ങൾക്ക് നൽകാറില്ല. മാനസിക പ്രശ്നങ്ങളെക്കുറിച്ചുള്ള ചികിത്സകളെ കുറിച്ച് നാണക്കേട് കൊണ്ടും പലതരം തെറ്റിദ്ധാരണകൾ കൊണ്ടും ഈ അവസ്ഥ നേരിടുന്നവർ അടുത്തുള്ള ആളുകളോട് പോലും തുറന്നു പറയാൻ മടിക്കുന്നു. ചിലർ അവർ ദൈനംദിനം അനുഭവിക്കുന്ന പ്രശ്നങ്ങളുടെ മൂലകാരണം എന്തെങ്കിലും ഒരു മാനസിക അസുഖം മൂലമാണെന്ന് തിരിച്ചറിയുന്നില്ല. ഈ അവസ്ഥകളെക്കുറിച്ച് ബോധവത്കരിക്കുവാനായി മാനസികാരോഗ്യത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടുന്ന 'ചുവട്' എന്ന ഹ്രസ്വചിത്രം യൂട്യൂബില്‍ ശ്രദ്ധ നേടുന്നു.

സജീവ് കൃഷ്ണമേനോൻ കഥയെഴുതി സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം മാനസിക പ്രശ്നങ്ങളുടെ പല തലങ്ങളും ഭാവങ്ങളും വിവരിക്കുന്നു. രസകരമായ ഒരു ഡോക്യുമെന്ററി-ഡ്രാമ രൂപത്തിൽ അവതരിപ്പിച്ചിരിക്കുന്ന ഈ ഹ്രസ്വചിത്രം മനശാസ്ത്ര ചികിത്സാരീതികളെ കുറിച്ചുള്ള പല തെറ്റിദ്ധാരണകളും മനോരോഗചികിത്സ കഴിഞ്ഞ കുറെ വർഷങ്ങൾ കൊണ്ട് നേടിയ പുരോഗതികളെ കുറിച്ചും വിശദീകരിക്കുന്നുണ്ട്. 

കിഷോർ കുമാർ, അനിത തോമസ്, കാമുകാര ശ്രീഹരി, സുനിൽ പോൾ, നിമൽ മോഹൻ, ജോസഫ് സന്തോഷ്, അരുൺ ശശി എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഛായാഗ്രഹണം സംഗീത് മാത്യൂസ്. എഡിറ്റിംഗ് റിസാൽ ജൈനി. ശബരീഷ് മേനോനാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. പ്രമോദ് തേവന്നൂരും, ദീപക് ഗോപകുമാറും ചേർന്ന് നിർമിച്ച ഈ ഹ്രസ്വചിത്രം M247ന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കിയിരിക്കുന്നു.

Content Highlights: Chuvadu Short Film Mental Health awareness, Sajeev Krishnamenon, Sangeeth Mathews, Rizaal Jainy