മകാലീന സമൂഹത്തിലെ ചില പ്രവണതകള്‍ക്കും അവയേല്‍പ്പിക്കുന്ന പ്രത്യാഘാതങ്ങള്‍ക്കും നേരെ പിടിക്കുന്ന കണ്ണാടിയാണ് 25 മിനിറ്റ് ദൈര്‍ഘ്യമുള്ള 'ചതുരങ്ങള്‍' എന്ന സിനിമ. ഒറ്റക്ക് താമസിക്കുന്ന, വിവാഹമോചിതയായ 'ചിന്ത' എന്ന യുവതി, അവള്‍ കടന്നുപോകുന്ന വഴികളിലെല്ലാം, തന്റെ സ്വാതന്ത്ര്യവും, ആത്മാഭിമാനവും മുറുകെപ്പിടിക്കാനുള്ള ശ്രമങ്ങളില്‍ അനുഭവിക്കേണ്ടിവരുന്ന സംഘര്‍ഷങ്ങളിലൂടെയാണ് സിനിമ വികസിക്കുന്നത്. (കപട)സദാചാരത്തിന്റെ മറവിലുള്ള സകുചിത മനോവ്യാപാരങ്ങള്‍ ഒരു വ്യക്തിയുടെ, പ്രത്യേകിച്ച് ഒരു സ്ത്രീയുടെ സ്വാതന്ത്ര്യത്തില്‍ അതിക്രമിച്ചു  കയറുന്നുവെന്നും, സംസാരത്തെയും, പെരുമാറ്റത്തെയും, വസ്ത്രധാരണത്തെയും വരെ അത് എങ്ങനെ നിയന്ത്രിക്കുന്നുവെന്നും സിനിമയിലെ കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും ഉദാഹരിക്കുന്നു.

ഒരു സ്ത്രീ അവളുടെ ജീവിതം മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ള ചതുരങ്ങളില്‍ മാത്രം ജീവിച്ചു തീര്‍ക്കേണ്ടതാണെന്ന വ്യവസ്ഥിതിയും, അതിലെ ഭൂരിപക്ഷമനോഭാവവുമാണ് പ്രധാനമായി ഇതില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. വ്യവസ്ഥിതിയെ ചോദ്യം ചെയ്യുന്നവരെ 'കൈകാര്യം' ചെയ്യാന്‍ വിധിക്കുന്നവര്‍, അവരുടെ ജീവന് നേരെയുള്ള ഭീഷണി തങ്ങളുടെ സദാചാരനിയമങ്ങള്‍ക്കു നേരെയല്ലെന്നുള്ള സൗകര്യപൂര്‍വ്വമായ കണ്ടെത്തലില്‍ നിഷ്‌ക്രിയരാകുന്നത് നമുക്ക് പരിചിതമായ ഒരറിവായി തീരുകയാണ്. ഈ അവസ്ഥയുടെ മൂലകാരണങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നതോടൊപ്പം, തെറ്റുകള്‍ തിരുത്തപ്പെടുന്ന ഒരു നാളെയുടെ പ്രതീക്ഷയില്‍ സിനിമ അവസാനിക്കുന്നു. ആവശ്യമില്ലാത്തിടത്തു  പ്രതികരിക്കാനും, അത്യാവശ്യങ്ങളില്‍ നിസ്സംഗരായിരിക്കാനും സമൂഹവും, മാധ്യമങ്ങളും  സൗകര്യപൂര്‍വം സ്വയം നിര്‍മ്മിക്കുന്ന ചതുരങ്ങളെല്ലാം ഇവിടെ വിഷയമാകുന്നുണ്ട്.

ആല്‍ഫ്രഡോ & ടോട്ടോ ക്രിയേഷന്‍സ് ന്റെ ബാനറില്‍ അനീസ് മൊയ്ദീന്‍, വിനി ജോസഫ്, ജിബിന്‍ ജോസ്, ഷിന്‍സി മാത്യൂസ്, ശ്യാമ  വാര്യര്‍, രജിത് കുമാര്‍  ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്. രജിത് കുമാര്‍ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. വിവേക് ഇ. ആണ് സഹസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അഷ്‌കര്‍ അലി ഛായാഗ്രഹണവും, സിദ്ദിഖ് പി. ഹൈദര്‍ ചിത്രസംയോജനവും, വരുണ്‍ ഉണ്ണി പശ്ചാത്തലസംഗീതവും നിര്‍വഹിച്ചിരിക്കുന്നു.

ചിന്നു കുരുവിള പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍, ജിജോയ് പി. ആര്‍, പി. മണികണ്ഠന്‍, രജിത് കുമാര്‍, അരവിന്ദ് വാര്യര്‍, സനാജ് കുമാര്‍, തങ്കപ്പന്‍ പള്ളിപ്പാട്ട്, ബിജോയ് പി. ആര്‍., മിഥുന്‍ തോമസ് എന്നിവര്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യുന്നു.