ദുബായ്: മലയാളത്തിലെ ഏറ്റവും മികച്ച ഹ്രസ്വചിത്രങ്ങളെ തെരഞ്ഞെടുക്കുന്ന ചലച്ചിത്രമേള, ബോൺസായ് 2020 (BSFF) ശ്രദ്ധേയമാകുന്നു. 2019 -20 വർഷത്തിൽ മലയാള ഭാഷയിൽ നിർമ്മിക്കപ്പെട്ട ഏറ്റവും മികച്ച ചെറിയ സിനിമകളെയാണ് മേളയിൽ തെരഞ്ഞെടുക്കുക. ഓൺലൈൻ സ്ക്രീനിങ് വഴിയാണ് മികച്ച ചിത്രങ്ങളെ കണ്ടെത്തുന്നത്. ഇതിനുള്ള അന്തിമ പട്ടികയിൽ പത്ത് മലയാള ഹ്രസ്വചിത്രങ്ങൾ ഇടംനേടി. ഈ പട്ടികയിൽ നിന്നാണ് ഏറ്റവും മികച്ച ചിത്രം, ഓഡിയൻസ് ചോയ്സ് പുരസ്കാരം നേടിയ ചിത്രം എന്നിവ തെരഞ്ഞെടുക്കുക. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് മികച്ച ചിത്രത്തിനുള്ള പുരസ്കാരം. ഓഡിയൻസ് ചോയ്സ് പുരസ്കാരം നേടുന്ന ചിത്രത്തിന് 25,000 രൂപയും പ്രശസ്തിപത്രവും ലഭിക്കും. മികച്ച സംവിധായകൻ, നടി - നടൻ, മികച്ച കഥ, തിരക്കഥ, ഛായാഗ്രഹണം, എഡിറ്റിങ്, ശബ്ദലേഖനം എന്നിവയ്ക്കും പ്രത്യേക പുരസ്കാരങ്ങളുണ്ട്. ഇതിന് പുറമേ ജൂറി തെരഞ്ഞെടുക്കുന്ന മികച്ച സിനിമയ്ക്ക് ഓൺലൈനിലൂടെ വോട്ട് ചെയ്തവരില് നിന്ന് ഒരു പ്രേക്ഷകനെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത് 10,000 രൂപയുടെ പ്രത്യേക സമ്മാനം നൽകുമെന്ന് മേളയുടെ സംഘാടകരായ സർവ്വമംഗള പ്രൊഡക്ഷൻസ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
ഡിസംബർ 23 മുതല് ജനുവരി 15 വരെ പ്രേക്ഷകര്ക്ക് സർവ്വ മംഗളയുടെ യൂട്യൂബ് പേജിൽ ചിത്രങ്ങൾ കാണാനാകും. ജനുവരി 20 ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കുമെന്നും പുരസ്കാരം നേടുന്ന ചിത്രങ്ങൾ ജിയോ ടിവിയിൽ പ്രദർശിപ്പിക്കുമെന്നും സർവ്വമംഗള ചീഫ് ക്രിയേറ്റീവ് ഓഫീസറും മേളയുടെ ക്യൂറേറ്ററുമായ പ്രിയ എം. നായർ അറിയിച്ചു.
യുവ സംവിധായകനും ദേശീയ പുരസ്കാര ജേതാവുമായ സഞ്ജു സുരേന്ദ്രൻ, ഫിലിം ഫെസ്റ്റിവൽ ക്യൂറേറ്ററും അഭിനേത്രിയുമായ അർച്ചന പത്മിനി, മാധ്യമ പ്രവർത്തകനും തിരക്കഥാകൃത്തുമായ ജിനോയ് ജോസ് പി. എന്നിവരാണ് ജൂറി അംഗങ്ങൾ.
ദുബായിൽ ചലച്ചിത്രമേള നടത്താനായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും കോവിഡ് വ്യാപനത്തെ തുടർന്ന് ഓൺലൈൻ മേളയാക്കി മാറ്റുകയായിരുന്നു. അടുത്ത വർഷത്തെ ചലച്ചിത്രമേള ദുബായിൽ വെച്ച് വിപുലമായ പരിപാടികളോടെ നടത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് സംഘാടകർ വ്യക്തമാക്കി. കേരളത്തിലേയും മിഡിൽ ഈസ്റ്റിലേയും കലാരംഗത്ത് വർഷങ്ങളായി സക്രിയ സാന്നിധ്യമാണ് സർവ്വമംഗള എന്ന സാംസ്കാരിക കൂട്ടായ്മ. അന്താരാഷ്ട്ര ശ്രദ്ധ നേടിയ 'ബേണിങ്' ഉൾപ്പെടെ രണ്ട് ഹിന്ദി ചിത്രങ്ങൾ നിർമ്മിച്ച സർവ്വമംഗള പ്രൊഡക്ഷൻസ് ഇപ്പോൾ മലയാള സിനിമാ നിർമ്മാണരംഗത്ത് സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്.
Content Highlights :Bonsai Short Film Contest