ശാരീരിക അസുഖങ്ങൾക്ക് നൽകുന്ന പ്രാധാന്യം പലരും മാനസിക അസുഖങ്ങൾക്ക് നൽകാറില്ല. മാനസിക രോഗത്തിനുള്ള ചികിത്സകളെ കുറിച്ച് നാണക്കേട് കൊണ്ടും പലതരം തെറ്റിദ്ധാരണകൾ കൊണ്ടും ഈ അവസ്ഥ നേരിടുന്നവർ അടുത്തുള്ള ആളുകളോട് പോലും തുറന്നു പറയാൻ മടിക്കുന്നു. ചിലർ അവർ ദൈനംദിനം അനുഭവിക്കുന്ന പ്രശ്നങ്ങളുടെ മൂലകാരണം എന്തെങ്കിലും ഒരു മാനസിക അസുഖം മൂലമാണെന്ന് തിരിച്ചറിയുന്നില്ല. ഈ അവസ്ഥകളെക്കുറിച്ചെല്ലാം ബോധവത്‌കരിക്കുവാനായി മാനസികാരോഗ്യത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി ഒരുക്കിയ കൊച്ചു ചിത്രമാണ് 'ചുവട്'.

സജീവ് കൃഷ്ണമേനോൻ കഥയെഴുതി സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രം മാനസിക അസുഖങ്ങളുടെ പല തലങ്ങളും ഭാവങ്ങളും വിവരിക്കുന്നു. ഒരു ഡോക്യുമെന്ററി-ഡ്രാമ രൂപത്തിൽ അവതരിപ്പിച്ചിരിക്കുന്ന  ഹ്രസ്വചിത്രം സൈകാട്രി ചികിത്സാരീതികളെ കുറിച്ചുള്ള പല തെറ്റിദ്ധാരണകളും മനോരോഗചികിത്സ കഴിഞ്ഞ കുറെ വർഷങ്ങൾ കൊണ്ട് നേടിയ പുരോഗതികളെ കുറിച്ചും വിശദീകരിക്കുന്നുണ്ട്.

കിഷോർ കുമാർ, അനിത തോമസ്, കാമുകാര ശ്രീഹരി, സുനിൽ പോൾ, നിമൽ മോഹൻ, ജോസഫ് സന്തോഷ്, അരുൺ ശശി എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഛായാഗ്രഹണം സംഗീത് മാത്യൂസ്. എഡിറ്റിംഗ് റിസാൽ ജൈനി. ശബരീഷ് മേനോനാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. പ്രമോദ് തേവന്നൂറും, ദീപക് ഗോപകുമാറും ചേർന്നാണ് നിർമാണം.

Content Highlights :Awareness About Mental Diseases malayalam Short Film Chuvadu