ടുത്ത കാലത്തെങ്ങാനും നമ്മള്‍ അപ്പൂപ്പന്‍ താടിയെ കണ്ടിട്ടുണ്ടോ? ഓര്‍ത്തു നോക്കിയാല്‍ ഒരു വെള്ള പതുതുപതുപ്പ് മാത്രമാവും നമ്മുടെ മനസ്സില്‍ ബാക്കിയുണ്ടാവുക. ശരിക്കും അപ്പൂപ്പന്‍ താടിയെ കണ്ടിട്ട് ഒരുപാട് കാലമായി. നേരിട്ട് കാണുമ്പോഴുള്ള അതേ ജീവനോടെ തന്നെ ഒന്നു രണ്ട് അപ്പൂപ്പന്‍ താടികളെ അതിനിടെ വെള്ളിത്തിരയില്‍ കാണാനായി.

ജെയിംസ് കാമറൂണിന്റെ ദൃശ്യവിസ്മയമായ അവതാറിലായിരുന്നു ആദ്യം കണ്ണിലുടക്കി അപ്പൂപ്പന്‍താടികള്‍ പറന്നുപോയത്. കാക്കത്തൊള്ളായിരം അപ്പൂപ്പന്‍ താടികള്‍ ത്രീ ഡി എഫക്ടില്‍ വന്നും ചുറ്റും പാറിക്കളിച്ചു. കുട്ടിക്കാലത്ത് കൈവെള്ളയില്‍ വെക്കുന്ന അതേ കൗതുകം തന്നെയായിരുന്നു തിരശ്ശീലക്കുള്ളില്‍ കണ്ടപ്പോഴും...

പിന്നീട് ഓര്‍മ്മകളിലേക്ക് എത്തിനോക്കാന്‍ വിട്ട അപ്പൂപ്പന്‍താടി പറന്നിറങ്ങിയത് 'പോത്തേട്ടന്‍സ് ബ്രില്ല്യന്‍സ്' കണ്ട മഹേഷിന്റെ പ്രതികാരമായിരുന്നു. ജിന്‍സിയെയും മഹേഷിനെയും പ്രണയത്തിലേക്ക് പറത്തിവിട്ട അപ്പൂപ്പന്‍താടിയായിരുന്നു അത്. എന്നാല്‍ വേലിയില്‍ കുരുങ്ങിപ്പോയ അപ്പൂപ്പന്‍താടിയെ സ്വാതന്ത്ര്യത്തിലേക്ക് പറത്തിവിട്ട ഒരു കുഞ്ഞുചിത്രവും പിന്നീട് കണ്ടു. യുവസംവിധായകന്‍ ശിവപ്രസാദ് കെ.വിയുടെ ഹ്രസ്വചിത്രം പേരില്‍ തന്നെ അപ്പൂപ്പന്‍താടിയുമായാണ് മനസ്സിലേക്ക് ഒട്ടും ഭാരമില്ലാതെ പറന്നിറങ്ങിയത്.

കൈവെള്ളയില്‍ നിന്നും അകന്നുപോവുന്ന ആഗ്രഹങ്ങളായാണ് അപ്പൂപ്പന്‍ താടിയെ ശിവപ്രസാദ് ദൃശ്യവത്കരിച്ചിരിക്കുന്നത്. നമ്മള്‍ ജീവിതത്തിന്റൈ അവസാന ഘട്ടത്തില്‍ പില്‍ക്കാലത്തേക്ക് സഞ്ചരിക്കാന്‍ തുടങ്ങുകയും പൂവണിയാത്ത പ്രണയത്തെ ഒരു നോക്ക് കാണാന്‍ ആഗ്രഹിക്കുകയും സുഹൃത്തുക്കള്‍ ആ പ്രണയത്തെ തേടിപ്പോവുന്നതും തുടര്‍ന്നുണ്ടാവുന്ന സംഭവ വികാസങ്ങളുമാണ് അപ്പൂപ്പന്‍താടി.

സുനില്‍ സുഖദ, ചേര്‍ത്തല ലളിത, തങ്കമണി ടീച്ചര്‍, പ്രേം കുമാര്‍, ചെന്താമരാക്ഷന്‍ വി.എന്‍, ജയസൂര്യ മാസ്റ്റര്‍, രാം കുമാര്‍, സാഗര്‍ സത്യന്‍ എന്നിവര്‍ തിരശ്ശീലയില്‍ ഓരോ അപ്പൂപ്പന്‍ താടികളായി മാറുന്നു. പി.കെ ബിനു നിര്‍മ്മിച്ച ചിത്രത്തിന് തിരക്കഥയും സംഭാഷവുമൊരുക്കിയത് ശിവപ്രസാദ് തന്നെയാണ്. വിഷ്ണു ശര്‍മ കാഴ്ച്ചകളെ ഒപ്പിയപ്പോള്‍ ഒരു കുഞ്ഞുചിത്രമാക്കി കഷ്ണം മുറിച്ചെടുത്തത് സൂരജ് ഇ.എസ്സാണ്. അമ്പതിലധികം പുരസ്‌കാര ഇതളുകളും ഈ അപ്പുപ്പന്‍താടിക്കുണ്ട്.