ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ ഒരുക്കിയ സിനിമ സമാഹാരം 'സര്‍വൈവല്‍ സ്റ്റോറീസ്' മ്യൂസിക് 247-ന്റെ യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്തു. കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് രാഹുല്‍ റിജി നായരാണ് ഈ സിനിമ രൂപം നല്‍കി ആവിഷ്‌കരിച്ചിരിക്കുന്നത്.
മലയാള ചലച്ചിത്ര മേഖലയിലെ അനവധി പ്രഗത്ഭ കലാകാരന്മാരും ടെക്നിഷ്യന്‍മാരും ക്യാമറയുടെ മുന്നിലും പിന്നിലുമായി ഈ സിനിമയുടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച വിനീത കോശി ഒരു മുഖ്യ കഥാപാത്രം അവതരിപ്പിക്കുന്നു.
ഒരു കഥ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സംവിധായകന്‍ ജിയോ ബേബിയാണ്. ചിത്രസംയോജനം അപ്പു ഭട്ടതിരിയും സംഗീതം സിദ്ധാര്‍ത്ഥ പ്രദീപുമാണ് ഒരുക്കിയിരിക്കുന്നത്. പല പ്രമുഖ ചിത്രങ്ങളുടെയും ശബ്ദ സംയോജനവും മറ്റും കൈകാര്യം ചെയ്ത വിഷ്ണു പി.സിയാണ് അരുണ്‍ എസ് മണിയുടെ കൂടെ ഈ ആന്തോളജിയുടെ സൗണ്ട് മിക്‌സിങ്ങും സൗണ്ട് ഡിസൈനും ചെയ്തിരിക്കുന്നത്.
'ഈ ദുഷ്‌കരമായ സമയങ്ങളില്‍ ലോകത്തെമ്പാടുമുള്ള കലാകാരന്മാര്‍ പുതിയ രീതികളില്‍ കലയെ അവതരിപ്പിക്കുവാന്‍ ശ്രമിക്കുകയാണ്. സര്‍വൈവല്‍ സ്റ്റോറീസ് ഞങ്ങളുടെ കലയും ശബ്ദവും നിലനിര്‍ത്തുവാനായിയുള്ള എളിയ ശ്രമമാണ്. ഒരു ചെറിയ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച ശ്രമം ഞങ്ങള്‍ക്ക് സഹകരണത്തിന്റെയും നവീനതയുടെയും പുതിയ ഒരു ലോകം തന്നെ തുറന്നു തന്നു. അതിനേക്കാളുപരി ഈ ചിത്രം ഞങ്ങളുടെ സാഹോദര്യത്തെ കൂടുതല്‍ അനശ്വരമാക്കി,' സര്‍വൈവല്‍ സ്റ്റോറീസിനെക്കുറിച്ച് രാഹുല്‍ റിജി നായര്‍ പറയുന്നു.
സ്വതന്ത്ര കലാകാരന്മാരുടെ കൂട്ടായ്മയുടെ കൂടെ ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസാണ് സര്‍വൈവല്‍ സ്റ്റോറീസ് നിര്‍മിച്ചിരിക്കുന്നത്. ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ പരിമിതമായ സൗകര്യങ്ങള്‍ ഉപയോഗിച്ചു കൊണ്ട് ഒരുക്കിയ 8 ഹൃസ്വ ചിത്രങ്ങളാണ് ആന്തോളജിയില്‍ ഉള്ളത്. ഏകദേശം 50 മിനിറ്റാണ് ചിത്രത്തിന്റെ മുഴുവന്‍ ദൈര്‍ഘ്യം.
Content Highlights: Anthology Film Survival Stories short during Lockdown gains critical acclaim