മീ റ്റു എന്ന് വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുകയാണ് എല്ലാവരും. എന്നാല്‍, ഇതൊന്നും പറയാന്‍ കഴിയാത്തവരുണ്ട്. പറയാന്‍ അറിയാത്തവരുണ്ട്. ഇത് അതിക്രമമാണെന്ന് തിരിച്ചറിയാനാവാത്തവരുണ്ട്. സ്ത്രീകള്‍ പീഡനത്തിന് വിധേയരാവുന്നത് തിരിച്ചറിയാന്‍ പറ്റാത്ത ഈ കാലത്താണെന്ന് മീ റ്റു കാമ്പയിനിലെ പലരുടെയും നേരനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ഈ ദയനീയവും ഭീതിദത്തവുമായ കാലത്തേയ്ക്കാണ് സഞ്ജയ് എ പറമ്പത്ത് ക്യാമറ ചലിപ്പിക്കുന്നത്. ചലച്ചിത്രതാരം അഞ്ജു അരവിന്ദിനെ മുഖ്യകഥാപാത്രമാക്കി സഞ്ജയ് ഒരുക്കിയ ഹ്രസ്വചിത്രമായ മാപ്പ് (apology) പറയുന്നത് പേടിപ്പിക്കുന്ന ഇങ്ങനെയൊരു അനുഭവകഥയാണ്.

അമ്മയ്‌ക്കൊപ്പം ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ മകള്‍ക്കുണ്ടാകുന്ന ദുരനുഭവമാണ് അഞ്ച് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള, കാണുന്നവരില്‍ വലിയ വേദന ബാക്കിയാക്കുന്ന ചിത്രത്തില്‍ പറയുന്നത്.

അഞ്ജുവാണ് ചിത്രത്തില്‍ അമ്മയുടെ വേഷം ചെയ്യുന്നത്. മകളാകുന്നത് നിരവധി ടി.വി. സീരിയലുകളില്‍ മുഖം കാണിച്ചിട്ടുള്ള അക്ഷയ. എ.എസും. ചിത്രത്തിന് തിരക്കഥയൊരുക്കുന്ന സഞ്ജയും ഇതില്‍ ഒരു വേഷം ചെയ്യുന്നുണ്ട്. ചിത്രത്തിലെ ഗാനം രചിച്ചതും സഞ്ജയ് തന്നെ. കേവലം നാല് മണിക്കൂര്‍ കൊണ്ടാണ് ഈ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്.

ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നതെന്ന് അഞ്ജു അരവിന്ദ് പറഞ്ഞു. നിരവധി അമ്മമാര്‍ തങ്ങളുടെ അഭിപ്രായങ്ങളും ആശങ്കയും ഫെയ്‌സ്ബുക്കിലൂടെ രേഖപ്പെടുത്തിയിട്ടുണ്ട്.

സുഹൃത്തായ സഞ്ജയ്‌ക്കൊപ്പം ഒരു ഫീച്ചര്‍ ഫിലിം ചെയ്യാനായിരുന്നു പദ്ധതി. ഇതിന്റെ കഥാചര്‍ച്ചയിലാണ് ഇങ്ങനെയൊരു ആശയം പിറന്നത്. വളരെയധികം കാലിക പ്രസക്തിയുള്ള ഒരു പ്രമേയമാണിതെന്ന് ഞങ്ങള്‍ക്ക് തോന്നി-അഞ്ജു പറഞ്ഞു.

തന്റെ ഒരു സുഹൃത്തിനുണ്ടായ അനുഭവമാണ് ഈ കഥയുടെ അടിസ്ഥാനമെന്ന് സംവിധായകന്‍ സഞ്ജയ് പറഞ്ഞു. ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോകാത്ത സ്ത്രീകള്‍ ഇല്ല ലോകത്ത് എന്നതാണ് നിലവിലെ അവസ്ഥ. ഈയൊരു യാഥാര്‍ഥ്യമാണ് ഞങ്ങള്‍ ചിത്രത്തിലൂടെ പങ്കിടാന്‍ ശ്രമിച്ചത്-സഞ്ജയ് പറഞ്ഞു.