Vikram
ഒരു കമലഹാസന് ഷോ പ്രതീക്ഷിച്ചു പോയ ആരാധകരെ ഒട്ടും നിരാശപ്പെടുത്തിയിട്ടില്ല ലോകേഷ് കനകരാജ്. കമലഹാസന്റെ ഏറ്റവും വലിയ ഫാന്‍ബോയ് ആയ ലോകേഷിന് അദ്ദേഹത്തിന് കൊടുക്കാന്‍ കഴിയുന്ന ഏറ്റവും വല്യ ട്രിബൂട്ട് തന്നെയാണ് 'വിക്രം' എന്ന് നിസ്സംശയം പറയാം. ലഭിച്ച ഹൈപ്പിനോട് നൂറ് ശതമാനവും നീതി പുലര്‍ത്താന്‍ ചിത്രത്തിന് സാധിച്ചിട്ടുണ്ട്.
കമല്‍ ഹാസന്, സൂര്യ, ഫഹദ് ഫാസില്‍, വിജയ് സേതുപതി തുടങ്ങിയ വമ്പന്‍ താരനിരയെ എല്ലാവര്ക്കും പ്രാധാന്യവും സ്ക്രീന്‍ ടൈമും നല്കി അവതരിപ്പിച്ച സംവിധായകന് ലോകേഷ് കനകരാജ് വലിയ കൈയ്യടി അര്‍ഹിക്കുന്നുണ്ട്. സിനിമ തുടങ്ങുന്നത് മുതല്‍ തീയേറ്ററുകളില്‍ നില്‍ക്കാത്ത കൈയ്യടിയും ആരവങ്ങളും അതിന് ഉദാഹരണമാണ്.
ചെന്നൈയില്‍ കൊലപാതകങ്ങളുടെ ഒരു പരമ്പര അരങ്ങേറുന്നു. ഒരു പോലീസ് ഓഫീസര്‍ ഉള്‍പ്പടെ അതില്‍ കൊല്ലപ്പെടുന്നു. ഇത് അന്വേഷിക്കാന്‍ ഒരു സ്പെഷ്യല്‍ അന്വേഷണ സംഘത്തെ പോലീസ് നിയമിക്കുകയും അതിന്റെ തലവനായി അമര്‍ (ഫഹദ്) എന്ന പോലീസ് ഉദ്യോഗസ്ഥന് എത്തുകയാണ്. അയാളുടെ അന്വേഷണം മയക്കുമരുന്ന് കടത്തുകാരന് ആയ സന്താനത്തിലേക്കും (വിജയ് സേതുപതി) കര്ണന് അഥവാ വിക്രം (കമല്‍ ഹാസന്) എന്നയാളിലേക്കും എത്തുന്നു.
അമറിന്റെ അന്വേഷണം പല സത്യങ്ങളും രഹസ്യങ്ങളിലേക്കും കഥാഗതിയെ വഴിതിരിച്ച് വിടുന്നതോടെയാണ് സിനിമ ചൂടുപിടിക്കുന്നത്. പിന്നീട് പ്രേക്ഷകരെ തീയേറ്റര്‍ അനുഭവത്തിന്റെ പാരമ്യതയിലേക്ക് കൊണ്ടുപോകാന്‍ ചിത്രത്തിന് കഴിയുന്നുണ്ട്. ലോകേഷിന്റെ കാര്‍ത്തി ചിത്രമായ കൈതിയിലെ റെഫെറന്‍സുകളും കൈതി രണ്ടാം ഭാഗത്തിലേക്കുള്ള ചില വാതിലുകളും സംവിധായകന് വിക്രത്തിലൂടെ തുറന്നിടുന്നുണ്ട്.
ആദ്യപകുതിക്ക് ശേഷം കഥയുടെ വേഗം അല്പം കുറയുന്നുണ്ടെങ്കിലും ക്ലൈമാക്സിനോട് അടുക്കുന്നത്തോടെ വീണ്ടും രംഗം കൊഴുക്കുന്നുണ്ട്. അനിരുദ്ധിന്റെ അസാമാന്യമായ ബിജിഎം സിനിമയുടെ ഏറ്റവും വല്യ പോസിറ്റീവുകളില്‍ ഒന്നാണ്. സാധാരണ രംഗങ്ങളെ പോലും വേറെ ലെവല്‍ ആക്കാന്‍ കഴിയുന്ന അനിരുദ്ധിന്റെ സംഗീതവും ആക്ടേര്‍സ് ലീഗ് എന്ന് വിശേഷിപ്പിക്കാവുന്ന താരനിരയും ഒത്തുചേരുമ്പോള്‍ ലഭിക്കുന്ന തീയേറ്റര്‍ എക്സ്പീരിയന്‍സ് വേറെ തലത്തിലാണ്. ഗിരീഷ് ഗംഗാധരന്റെ മികച്ച ഛായഗ്രഹണവും ചിത്രത്തിന് മുതല്‍ക്കൂട്ടാകുന്നു. അതിഗംഭീര ആക്ഷന്‍ രംഗങ്ങള്‍ ആവേശം സൃഷ്ടിക്കുന്നു.
എല്ലാ തലത്തില്‍ നോക്കിയാലും ഒരു ഇന്‍ ആന്റ് ഔട്ട് മാസ്സ് എന്റെര്‍റ്റൈന്‍ര്‍ തന്നെയാണ് വിക്രം. ഒരു ശതമാനം പോലും ആരാധകരെയും പ്രേക്ഷകരെയും ചിത്രം നിരാശപ്പെടുത്തിയിട്ടില്ല. ഒരു കംപ്ലീറ്റ് മാസ്സ് എന്റെര്‍റ്റൈന്‍ര്‍ പ്രേമിയാണെങ്കില്‍ ധൈര്യമായി ടിക്കറ്റെടുത്തോളൂ. ഈ ചിത്രം ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..