വിജയരാഘവൻ | photo : screengrab
പ്രഖ്യാപനം മുതൽക്കേ പ്രേക്ഷകരെ ആകാംക്ഷയോടെ കാത്തിരിക്കാൻ പ്രേരിപ്പിച്ച ചിത്രമാണ് 'പൂക്കാലം'. ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്ററും ടീസറും ഗാനങ്ങളുമൊക്കെ ഏറെ പുതുമയുണർത്തിയിരുന്നു. ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ വിജയരാഘവൻ നൂറ് വയസുകാരനായി എത്തുന്നുവെന്നതായിരുന്നു പൂക്കാലത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
നൂറു വയസുള്ള ദമ്പതിമാരായ ഇട്ടൂപ്പിന്റെയും കൊച്ചുത്രേസ്യാമ്മയുടേയും അവരുടെ മക്കളുടേയും മരുമക്കളുടേയും കൊച്ചുമക്കളുടേയും ഒക്കെ കഥയാണ് പൂക്കാലം. വിജയരാഘവൻ ഇട്ടൂപ്പ് ആയും കെ.പി.എ.സി ലീല കൊച്ചുത്രേസ്യാമ്മയായിട്ടും വേഷമിട്ടിരിക്കുന്നു. ഒരു കൂട്ടം യുവതാരങ്ങളെ അണിനിരത്തിക്കൊണ്ട് 'ആനന്ദം' എന്ന ഹിറ്റ് ചിത്രമൊരുക്കിയ ഗണേഷ് രാജാണ് പൂക്കാലത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.
എൺപത് വർഷത്തോളം കാലമായി ഒരുമിച്ചു കഴിയുന്ന ഇട്ടൂപ്പിന്റേയും കൊച്ചുത്രേസ്യാമ്മയുടേയും സ്നേഹബന്ധത്തിന്റെ ആഴം കാണിച്ചുകൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. ഇവരുടെ കൊച്ചുമകൾ എത്സിയുടെ മന:സമ്മതത്തിലൂന്നി പുരോഗമിക്കുന്ന കഥയിൽ അവിചാരിതമായി വഴിത്തിരിവുണ്ടാകുന്നു. തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രം. ഇട്ടുപ്പ് - കൊച്ചുത്രേസ്യ ദമ്പതിമാരുടെ ഇണക്കങ്ങൾക്കും പിണക്കങ്ങൾക്കുമൊക്കെ പ്രേക്ഷകർ സാക്ഷ്യം വഹിക്കുന്നുണ്ട്. കൂട്ടുകുടുംബത്തിലെ ആഘോഷങ്ങളും പരിഭവങ്ങളുമെല്ലാം ചേർന്നതാണ് പൂക്കാലം. പ്രണയം ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമാണെന്ന് പറയാം.
.png?$p=24a34d7&&q=0.8)
പ്രാധാന്യമർഹിക്കുന്ന ഒരു വിഷയം ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുമ്പോഴും ഗൗരവം ഒട്ടും കുറഞ്ഞുപോകാതിരിക്കാൻ സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട്. ഫ്ലാഷ്ബാക്ക് രംഗങ്ങളും ഒതുക്കത്തോടെ അവതരിപ്പിച്ചിട്ടുണ്ട്. വിജയരാഘവന്റെയും കെ.പി.എ.സി ലീലയുടെയും ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ ഹെെലെെറ്റ്. റോണക്സ് സേവ്യറിന്റെ മേക്കപ്പ് പ്രത്യേക കെെയടി അർഹിക്കുന്നു. കഥാഗതിക്ക് അനുയോജ്യമായ പശ്ചാത്തല സംഗീതവും പാട്ടുകളും ചിത്രത്തിന് കൂടുതൽ നിറം നൽകുന്നുണ്ട്. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രത്തിന്റെ ഛായാഗ്രഹണവും മികച്ചുനിന്നു.
കൈതപ്രം, റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത്. മിഥുൻ മുരളിയാണ് എഡിറ്റിങ് നിർവ്വഹിച്ചിരിക്കുന്നത്. സംവിധായകന്റെ ആദ്യ ചിത്രത്തിന്റെ ഛായാഗ്രാഹകനായ ആനന്ദ് സി. ചന്ദ്രനാണ് പൂക്കാലത്തിലും ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ആനന്ദത്തിലൂടെ ഒരുപിടി മനോഹര ഗാനങ്ങൾ സമ്മാനിച്ച സച്ചിൻ വാര്യർ തന്നെയാണ് പൂക്കാലത്തിന്റേയും സംഗീതം ഒരുക്കിയിരിക്കുന്നത്.
ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, അബു സലിം, ജോണി ആന്റണി, അന്നു ആന്റണി, റോഷൻ മാത്യു, സരസ ബാലുശ്ശേരി, അരുൺ കുര്യൻ, ഗംഗ മീര, രാധ ഗോമതി, അരുൺ അജികുമാർ, ശരത് സഭ, അരിസ്റ്റോ സുരേഷ് തുടങ്ങി ഒട്ടേറെ താരങ്ങൾ ചിത്രത്തിലെത്തുന്നുണ്ട്. പ്രേക്ഷകർക്കായി ചില സർപ്രെെസ് താരങ്ങളെയും സംവിധായകൻ കരുതിവെച്ചിട്ടുണ്ട്. സി.എൻ.സി സിനിമാസ്, തോമസ് തിരുവല്ല ഫിലിംസ് എന്നീ ബാനറിൽ വിനോദ് ഷൊർണൂർ, തോമസ് തിരുവല്ല എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
Content Highlights: vijayaraghavan kpac leela in pookkalam movie review
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..