വെയിൽ | ഫോട്ടോ: facebook.com/VeyilMovie
ഷെയ്ന്‍ നിഗം നായകനായി നവാഗതനായ ശരത് മേനോൻ രചനയും സംവിധാനവും നിര്‍വ്വഹിച്ച് ഗുഡ്‌വിൽ എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെ ബാനറിൽ ജോബി ജോർജ് നിർമ്മിച്ചിരിക്കുന്ന ചിത്രമാണ് വെയിൽ. ഏറെ വിവാദങ്ങൾക്ക് ശേഷം തീയേറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യ ഷോ കഴിഞ്ഞതിന് പിന്നാലെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഷെയ്ൻ അവതരിപ്പിക്കുന്ന സിദ്ധാർത്ഥ് എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. സിദ്ധുവിന്റെ പ്രണയവും സൗഹൃദവും കുടുംബബന്ധങ്ങളും വളരെ ആഴത്തിൽ തന്നെ വെയിലിൽ നമുക്ക് കാണാം.
ഒരു സാധാരണ കുടുംബത്തിൽ ജനിച്ച, അച്ഛൻ ചെറുപ്പത്തിൽ തന്നെ മരിച്ചുപോയ സിദ്ധാർഥിനെയും (ഷെയ്ൻ) മൂത്ത സഹോദരൻ കാർത്തിക്കിനെയും (സയേദ് ഇമ്രാൻ) വളരെയധികം ബുദ്ധിമുട്ടിയാണ് അമ്മ രാധ (ശ്രീരേഖ) വളർത്തിയത്. മൂത്തമകൻ കാർത്തിക് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മികച്ച രീതിയിൽ പഠനം തുടർന്നപ്പോൾ നേരെ വിപരീതമായിരുന്നു സിദ്ധാർഥിന്റെ ജീവിതം.
എന്തിനും ഏതിനും കൂടെ നിൽക്കുന്ന ആത്മാർഥ സുഹൃത്ത് മെറിനും (മെറിൻ ജോസ്) സിദ്ധാർഥും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്ന രംഗങ്ങളും ചിത്രത്തിൽ വളരെ നന്നായി അവതരിപ്പിക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. മെറിന്റെ പെൺസുഹൃത്തായ നീതുവിൻറെ സുഹൃത്ത് ശ്രുതി (സോന) സിദ്ധാർഥിന്റെ ജീവിതത്തിലേക്ക് വരുന്നതുൾപ്പടെയുള്ള സംഭവവികാസങ്ങളിലൂടെയാണ് ആദ്യ പകുതി പുരോഗമിക്കുന്നത്.
വെെകാരികമായ പുരോഗമിക്കുന്ന രണ്ടാം പകുതിയിൽ വന്നുപോകുന്ന ഷെെൻ ടോം ചാക്കോയുടെയും ജെയിംസ് ഏലിയയും മികച്ച പ്രകടനത്തിലൂടെ തങ്ങൾക്ക് ലഭിച്ച കഥാപാത്രങ്ങൾ മികച്ചതാക്കി. മികച്ച പ്രകടനങ്ങളാൽ സമ്പന്നമാണ് വെയിൽ. സിദ്ധാർഥായി പതിവ് പോലെ മികച്ച പ്രകടനം തന്നെയാണ് ഷെയ്ൻ നിഗം കാഴ്ചവെച്ചത്. ഷെയ്ൻ നിഗം അവതരിപ്പിച്ച കഥാപാത്രത്തിന്റെ അമ്മയായി വേഷമിട്ട ശ്രീരേഖയുടെ പ്രകടനം എടുത്തുപറയേണ്ടതാണ്.
ഷെയ്‍നിനൊപ്പം ഷൈന്‍ ടോം ചാക്കോ, ജയിംസ് എലിയ, ശ്രീരേഖ, സോന ഒളിക്കല്‍, മെറിന്‍ ജോസ്, ഇമ്രാന്‍, സുധി കോപ്പ, ഗീതി സംഗീതിക, അനന്തു തുടങ്ങിയവരും ചിത്രത്തിലുണ്ട്.
പ്രദീപ് കുമാറാണ് വെയിലിന് വേണ്ടി സംഗീതമൊരുക്കിയത്. പ്രദീപിന്‍റെ ആദ്യ മലയാള ചിത്രമാണ് വെയിൽ. ക്യാമറ ചലിപ്പിച്ച ഷാസ് മുഹമ്മദിന്റെ ഫ്രെയിമുകൾ പ്രശംസയർഹിക്കുന്നതാണ്. പ്രവീൺ പ്രഭാകറാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത്.
Content Highlights: veyil review, Veyil malayalam Movie Review, Shane nigam, shine tom chacko, Sreerekha
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..