വലിമൈയിൽ അജിത് | Photo: Screengrab | youtu.be/Gi83R8jEqZU
തീരന്‍ അധികാരം ഒന്‍ട്ര്, നേർക്കൊണ്ട പാർവെെ എന്നീ ഹിറ്റ് ചിത്രങ്ങളൊരുക്കിയ എച്ച്.വിനോദ് അജിത്തിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വലിമെെ'. വലിയ ബജറ്റിലൊരുങ്ങിയ ഈ ആക്ഷൻ ത്രില്ലർ ചിത്രം നിർമിച്ചിരിക്കുന്നത് ബോണി കപൂറാണ്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം അജിത് പോലീസ് വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഇതുവരെ തമിഴ് സിനിമയിൽ പരീക്ഷിച്ചിട്ടില്ലാത്ത തരത്തിലുള്ള ആക്ഷൻ രംഗങ്ങളാണ് 'വലിമെെ'യുടെ ഹെെലെെറ്റ്. ആരാധകർക്ക് ആഘോഷിക്കാനുള്ള എല്ലാ ചേരുവകളും ചിത്രത്തിലുണ്ട്.
ചെന്നൈ നഗരത്തില്‍ പോലീസിനെ നോക്കുകുത്തിയാക്കി കുറ്റകൃത്യങ്ങള്‍ പെരുകുകയും ക്രമസമാധാന പ്രശ്നങ്ങൾ സർക്കാരിന് തലവേദനയാകുകയും ചെയ്യുന്ന സമയത്താണ് അര്‍ജ്ജുന്‍ (അജിത്) ഐപിഎസിനെ നഗരത്തിൽ എസിപിയായി നിയമിക്കുന്നത്. നഗരത്തില്‍ നടക്കുന്ന മാല മോഷണങ്ങൾക്കും നഗരത്തിലെ മയക്കുമരുന്ന് ഇടപാടുകള്‍ക്കും ബന്ധമുണ്ടെന്ന് അര്‍ജ്ജുന്‍ കണ്ടെത്തുന്നു. കൂടുതൽ അന്വേഷണം നടത്തുന്നതിൽ നിന്ന് സാത്താൻസ് സ്ലേവ്സ് എന്ന ബെെക്കർ ഗാങിലേക്കും നരേൻ (കാർത്തികേയ) എന്ന അവരുടെ ലീഡറിലേക്കുമെത്തുന്നു.
ഇന്റർവലിന് മുമ്പ് പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന സംഘട്ടന, ബെെക്ക് ചേസ് രംഗങ്ങള്‍ ഒരുക്കിയിരിക്കുന്ന രീതി അഭിനന്ദാർഹമാണ്. പരമാവധി വിഎഫ്എക്സ് രംഗങ്ങൾ ഒഴിവാക്കിയാണ് ഈ രംഗങ്ങൾ ഷൂട്ട് ചെയ്തിരിക്കുന്നത്. ഡ്യൂപ്പിനെ ഉപയോഗിക്കാതെയുള്ള അജിത്തിന്റെ ബെെക്ക് അഭ്യാസ രംഗങ്ങളും മികച്ച തീയേറ്റർ അനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മയും മയക്കുമരുന്നിന്റെ ഉപയോഗവും തുടങ്ങി നിരവധി സാമൂഹിക വിഷയങ്ങൾ സംവിധായകൻ ചർച്ച ചെയ്യുന്നുണ്ട്. രണ്ടാം പകുതിയിൽ സിനിമ വെെകാരിക തലങ്ങളിലേക്ക് പോകുന്നുണ്ടെങ്കിലും ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ്. ഒട്ടും ബോറടിപ്പിക്കാതെ മൂന്നു മണിക്കൂർ പ്രേക്ഷകരെ ആകാംക്ഷയോടെ പിടിച്ചിരുത്തുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്.
പതിവ് പോലെ ആക്ഷൻ രംഗങ്ങളിലും വെെകാരിക രംഗങ്ങളിലും മികച്ച പ്രകടനമാണ് അജിത് കാഴ്ചവെച്ചിരിക്കുന്നത്. നായികയായെത്തിയ ഹുമാ ഖുറേഷിയുടെ പ്രകടനവും ഗംഭീരമായിരുന്നു. സാധാരണ തമിഴ് സിനിമകളിലെ നായികമാരെ പോലെ നായകന്റെ നിഴലിൽ മാത്രം ഒതുങ്ങി നിൽക്കുന്ന കഥാപാത്രമായിരുന്നില്ല ഹുമാ ഖുറേഷി അവതരിപ്പിച്ച സോഫിയ എന്ന കഥാപാത്രം. മലയാളി താരങ്ങളായ ദിനേശ് പ്രഭാകര്‍, ധ്രുവന്‍, പേളി മാണി എന്നിവരും ചിത്രത്തിലുണ്ട്. മികച്ച പ്രകടനമാണ് ധ്രുവനും ദിനേശ് പ്രഭാകരും പുറത്തെടുത്തത്.
ജിബ്രാനാണ് ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് പാട്ടുകൾക്ക സംഗീതമൊരുക്കിയിരിക്കുന്നത്. നീരവ് ഷായാണ് 'വലിമെെ'യുടെ ക്യാമറ കെെകാര്യം ചെയ്തിരിക്കുന്നത്. ഫാൻസിനും സാധാരണ പ്രേക്ഷകർക്കും തീയേറ്ററിൽ ആവേശത്തോടെ കണ്ടിരിക്കാവുന്ന ചിത്രം തന്നെയാണ് 'വലിമെെ'.
Content Highlights: valimai ajith movie review
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..