ഉറിയടി
തിയ്യറ്ററുകളില്‍ പൊട്ടിച്ചിരി സമ്മാനിച്ച അടി കപ്യാരെ കൂട്ടമണി എന്ന ചിത്രത്തിന്റെ സംവിധായകന്‍ എ. ജെ വര്‍ഗീസ് ഒരുക്കുന്ന പുതിയ ചിത്രം എന്ന പേരുമായാണ് ഉറിയടി തിയ്യറ്ററുകളില്‍ എത്തിയത്. ആദ്യ ചിത്രത്തിലേതു പോലെ തന്നെ ആദ്യാവസാനം ചിരി പരത്തുന്ന ഒട്ടേറെ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയാണ് സംവിധായകന്‍ ഉറിയടിയും ഒരുക്കിയിരിക്കുന്നത്. ഒരു പോലീസ് ക്വാര്‍ട്ടേഴ്‌സും അവിടെ ഓണാഘോഷപരിപാടിക്കിടെ നടക്കുന്ന മോഷണവുമാണ് ചിത്രത്തിന്റെ പ്രമേയം.
പരിപാടിക്കിടെ താമസക്കാരനായ എസ്.ഐ രവികുമാറിന്റെ വീട്ടില്‍ കള്ളന്‍ കയറുന്നു. മകളുടെ കല്യാണത്തിനായി രവികുമാര്‍ സൂക്ഷിച്ചു വെച്ചിരുന്ന സ്വര്‍ണം മോഷണം പോകുന്നു. ഇത്രയേറെ പോലീസിനെ കബളിപ്പിച്ചു മോഷണം നടത്തി എന്ന് പുറത്തറിഞ്ഞാല്‍ ഉണ്ടാകുന്ന മാനകേട് ഭയന്നു മോഷണ വിവരം പുറത്തറിയിക്കാതിരുന്നെങ്കിലും സംഗതി പുറത്താവുന്നു. തുടര്‍ന്ന് അഭിമാനം സംരക്ഷിക്കാന്‍ പോലീസുകാര്‍ക്ക് നിരപരാധിയായ ഒരു 'പ്രതിയെ' പൊതുജനത്തിനു മുന്നിലേക്ക് ഇട്ടുകൊടുക്കേണ്ടി വരുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളലിലൂടെയാണ് കഥ വികസിക്കുന്നത്. പോലീസുകാരുടെ ജീവിതവും അവരുടെ പ്രശ്‌നങ്ങളും ഉറിയടിയില്‍ വിഷയമാകുന്നു.
പോലീസുകാരായി എത്തിയ സിദ്ധിഖ്, ഇന്ദ്രന്‍സ്, ബൈജു സന്തോഷ്, ആഭ്യന്തരമന്ത്രി ബലരാമനായി പ്രേംകുമാര്‍ എന്നിവര്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. അമ്പിളിയെന്ന അജു വര്‍ഗീസിന്റെ കഥാപാത്രം ചിരിക്കൊപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്നുണ്ട്. മാനസ രാധാകൃഷ്ണന്‍ ആണ് നായികയായി എത്തുന്നത്.
നിയമം തന്നെ അനീതി കാണിക്കുമ്പോള്‍ നിസ്സഹായരായി പോകുന്ന സാധാരണക്കാരുടെ അവസ്ഥ ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. കാതലായ ഒരു വിഷയത്തെ ഏറെ ഗൗരവകരമായ ഒരു പ്രമേയത്തെ നര്‍മ്മത്തിന്റെ മേമ്പൊടി ചേര്‍ത്ത് അവതരിപ്പിച്ചിരിക്കുകയാണ് ഉറിയടിയില്‍. ഇഷാന്‍ ദേവ് ഈണം നല്‍കിയ മനോഹരമായ ഗാനങ്ങള്‍ ചിത്രത്തില്‍ ഉണ്ട്
Content Highlights: Uriyadi malayalam movie review
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..