Photo: https:||www.facebook.com|ActorSenthilOfficial
പേര് പോലെത്തന്നെ ഉടലിലും മനസ്സിലും വലിഞ്ഞു കേറാൻ പാകത്തിലുള്ള മനോഹരമായ ചിത്രമാണ് ഉടുമ്പ്. ആക്ഷന്‍ പ്രാധാന്യം നൽകിക്കൊണ്ടാണ് കണ്ണൻ താമരക്കുളം ചിത്രം ഒരുക്കിയിരിക്കുന്നത്. സിമിട്ട് അനി എന്ന ഗുണ്ടയും (സെന്തിൽ മണി), ഭരതനും (ഹരീഷ് പേരടി) മേടയിൽ കുഞ്ഞച്ചനും (അലൻസിയർ) ഏറ്റുമുട്ടുന്ന ആദ്യ പകുതിയും പ്രണയവും പ്രതികാരവും നിറഞ്ഞ രണ്ടാം പകുതിയുമാണ് ചിത്രത്തിൽ.
സിമിട്ട് അനിയായി സെന്തിൽ മണിയും ഭരതനായി ഹരീഷ് പേരടിയും മേടയിൽ കുഞ്ഞച്ചനായി അലൻസിയറും ആദ്യപകുതിയിൽ മികച്ച അഭിനയമാണ് കാഴ്ചവെക്കുന്നത്. സാനന്ദ് ജോർജ് ഗ്രേസ് ഒരുക്കിയ സംഗീതവും ചിത്രത്തിന്റെ ആസ്വാദനത്തിന് മികവ് നൽകുന്നുണ്ട്. ചിത്രത്തിൽ ഏറെയും പുതുമുഖങ്ങളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
വ്യത്യസ്ത വേഷത്തിലെത്തുന്ന സെന്തിൽ മണിയുടെ പ്രകടനവും ഹരീഷ് പേരടിയുടെ മാസ് രംഗങ്ങളും പിന്നെ സ്ക്രീൻ നിറഞ്ഞു നിൽക്കുന്ന പ്രണയ രംഗങ്ങളുമാണ് പ്രേക്ഷകനെ പിടിച്ചിരുത്തുന്നത്. ചിത്രത്തിലെ ഗാനങ്ങളും മികച്ച് നിൽക്കുന്നുണ്ട്. ചിത്രത്തിലെ 'കള്ളുപാട്ടും' പ്രണയഗാനങ്ങളും നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തീയേറ്ററിൽ ഓളമുണ്ടാക്കാൻ ആക്ഷനൊപ്പം തന്നെ ചിത്രത്തിലെ ഗാനങ്ങൾക്കും സാധിച്ചിട്ടുണ്ട് എന്ന് വേണമെങ്കിൽ പറയാം. ആക്ഷന്‍ പുറമെ പ്രതികാരവും കുട്ടിക്കാലപ്രണയവും കൊണ്ട് ചിത്രം പ്രേക്ഷകനെ കൂടുതൽ ആസ്വാദ്യകരമാക്കുന്നുണ്ട്.
ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയ അഞ്ജലീനയും യാമി സോനയും സ്ക്രീനിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. ഇരുവരും മികച്ച അഭിനയം തന്നെയാണ് കാഴ്ച വെക്കുന്നത്. 1.50 മണിക്കൂറാണ് ചിത്രത്തിന്റെ ദൈർഘ്യം. ആദ്യ പകുതിയിലെ ആക്ഷൻ രംഗങ്ങളും രണ്ടാം പകുതിയിലെ പ്രണയരംഗങ്ങളും പിന്നെ വ്യത്യസ്തമായവസാനിക്കുന്ന പ്രതികാര രംഗങ്ങളുമാണ് ചിത്രത്തെ കൂടുതൽ ആസ്വാദകരമാക്കുന്നുണ്ട്. ഇതിനകം തന്നെ ബോളിവുഡ് അടക്കമുള്ള വിവിധ ഭാഷകളിലേക്ക് ചിത്രം മൊഴിമാറ്റ അവകാശം നേടിയിട്ടുണ്ട്. രവിചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. 24 മോഷന്‍ ഫിലിംസും കെ.റ്റി മൂവി ഹൗസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.
ആക്ഷൻ ചിത്രങ്ങൾ ത്രില്ലടിച്ച് കാണുന്നവരെ തൃപ്തിപ്പെടുത്തുന്ന ചിത്രം തന്നെയാണ് ഉടുമ്പ്.
Content Highlights: udumbu movie malayalam review
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..