'ത്രിശങ്കു'വിൽ അർജുൻ അശോകനും അന്നാ ബെന്നും | ഫോട്ടോ: സ്ക്രീൻഗ്രാബ്
പ്രണയവും വിരഹവും സങ്കീര്‍ണതകളുമെല്ലാം മോളിവുഡിലെ സ്ഥിരം പ്രമേയങ്ങളാണ്. പ്രേക്ഷകരെ പ്രണയാതുരമാക്കുന്നതോടൊപ്പം ചിന്തിപ്പിക്കാനും ചിരിപ്പിക്കാനും സിനിമകള്‍ക്ക് സാധിക്കാറുണ്ട്. അക്കൂട്ടത്തിലേക്ക് ചേര്‍ത്തുവെക്കാവുന്ന ഏറ്റവും പുതിയ സിനിമയാണ് 'ത്രിശങ്കു'. സാധാരണ പ്രണയബന്ധങ്ങളിലേക്ക് ആഴ്ന്നിറങ്ങിക്കൊണ്ട് വ്യത്യസ്തമായ ജീവിതസാഹചര്യങ്ങളെ കൃത്യതയോടെ അവതരിപ്പിച്ച് 'ത്രിശങ്കു' വേറിട്ട അനുഭവമാണ് സമ്മാനിക്കുന്നത്.
'അന്ധാധൂന്‍', 'മോണിക്ക ഒ മൈ ഡാര്‍ലിംഗ്' തുടങ്ങിയ ചിത്രങ്ങള്‍കൊണ്ട് ശ്രദ്ധേയമായ മാച്ച്‌ബോക്‌സ് ഷോട്‌സ് മലയാളത്തില്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണിത്. നവാഗതനായ അച്യുത് വിനായകാണ് സംവിധാനം. അച്യുത് വിനായകും അജിത് നായരുമാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ജയേഷ് മോഹനും അജ്മല്‍ സാബുവും ചേര്‍ന്നാണ് ഛായാഗ്രഹണം. എഡിറ്റിംഗ് രാകേഷ് ചെറുമഠവും സൗണ്ട് ഡിസൈന്‍ ധനുഷ് നായനാരുമാണ് നിര്‍വഹിച്ചത്.
രണ്ടുപേര്‍ തമ്മിലുള്ള പ്രണയത്തിലൂടെയാണ് കഥ ആരംഭിക്കുന്നത്. സേതുവും മേഘയും. ഇരുവരും പ്രണയത്തിനൊടുക്കം ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുന്നു. അതിന് ഒളിച്ചോട്ടമല്ലാതെ മറ്റൊരു വഴിയും അവര്‍ക്ക് മുന്നില്‍ തെളിയുന്നില്ല. എന്നാല്‍ അവര്‍ ഒളിച്ചോടാന്‍ തീരുമാനിക്കുന്ന ദിവസം പെട്ടെന്ന് അവര്‍ക്ക് മുന്നില്‍ മറ്റൊരു പ്രതിസന്ധി രൂപപെടുന്നു. അതെങ്ങനെയാണ് അവര്‍ മറികടക്കുക? അതിലൂടെയാണ് കഥ വികസിക്കുന്നത്.
സേതുവായി യുവനടന്‍ അര്‍ജുന്‍ അശോകനും മേഘയായി അന്ന ബെന്നുമാണ് വേഷമിട്ടിരിക്കുന്നത്. ഇരുവരും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണ് 'ത്രിശങ്കു'. ചിത്രത്തിലെ ഇരുവരുടേയും പ്രകടനം പ്രശംസനീയമാണ്. കമിതാക്കളായി തകര്‍പ്പന്‍ അഭിനയമാണ് അര്‍ജുന്‍ അശോകനും അന്ന ബെന്നും ചിത്രത്തിലുടനീളം കാഴ്ചവെച്ചത്. വരും കാലങ്ങളില്‍ ഈ ജോഡി മലയാളസിനിമയില്‍ തരംഗം സൃഷ്ടിക്കുമെന്നുറപ്പാണ്.
നര്‍മത്തില്‍ ചാലിച്ച സാധാരണ ഒരു പ്രണയസിനിമയ്ക്കപ്പുറം ഇന്നത്തെ സമൂഹത്തിന്റെ നേര്‍ചിത്രം കൂടിയാണ് സിനിമ പ്രേക്ഷകന് മുന്നിലേക്ക് തുറന്നുവെക്കുന്നത്. ഉപാധികളില്ലാതെ പ്രണയിക്കണമെന്ന് പറയുമ്പോഴും അതിന് എത്രപേര്‍ക്ക് സാധിക്കാറുണ്ട്. അത് യാഥാര്‍ഥ്യവുമായി നിരന്തരം കലഹിച്ചുകൊണ്ടേയിരിക്കുന്ന ഒന്നാണെന്ന് ചിത്രം വിളിച്ചുപറയുന്നുണ്ട്. നവാഗതനായ സംവിധായകന്‍ അച്യുത് വിനായക് സിനിമയിലൂടനീളം അത്തരം സാമൂഹിക യാഥാര്‍ഥ്യങ്ങളെ വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ട്. യുവാക്കളിലെ ലഹരി ഉപയോഗമുള്‍പ്പെടെ കാലികപ്രസക്തിയേറിയ വിഷയങ്ങളും സിനിമയില്‍ കടന്നുവരുന്നുണ്ട്. അവിടെ പ്രേക്ഷകന് തനിക്ക് ചുറ്റും നടക്കുന്ന സംഭവങ്ങളെ തന്നെയാണ് കാണാനാവുക.
സുരേഷ് കൃഷ്ണ, നന്ദു, കൃഷ്ണകുമാര്‍, ബാലാജി മോഹന്‍, ശിവ ഹരിഹരന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇതില്‍ സുരേഷ് കൃഷ്ണയുടേയും നന്ദുവിന്റേയും അഭിനയം സിനിമയെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നുണ്ട്. സിനിമ നര്‍മം ചാലിച്ചുകൊണ്ട് മുന്നോട്ടുപോകുന്നതില്‍ ഇരുവരുടേയും പ്രകടനത്തിന് വലിയ പങ്കുണ്ട്. ചിത്രത്തിലെ പാട്ടുകളും മനോഹരമാണ്. കഥയുടെ ഒഴുക്കിനെ കൂടുതല്‍ മികവോടെ പ്രേക്ഷകന് മുന്നിലെത്തിക്കുന്നതില്‍ പാട്ടുകള്‍ നിര്‍ണായകമാണ്. ഒരു കിടിലന്‍ റൊമാന്റിക് കോമഡി ചിത്രമെന്ന നിലയില്‍ 'ത്രിശങ്കു' നീതിപുലര്‍ത്തിയിട്ടുണ്ട്. അതിനാല്‍ ചിരിക്കാനും ചിന്തിക്കാനും 'ത്രിശങ്കു'വിന് ശങ്കയില്ലാതെ ടിക്കറ്റെടുക്കാം.
Content Highlights: thrishanku movie review anna ben arjun ashokan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..