'തേര്' സിനിമയുടെ പോസ്റ്റർ
രണ്ട് മണിക്കൂര്‍ നമ്മെ നേരിന്റെ തേരിലേറ്റിക്കൊണ്ടുപോവുന്ന കിടിലന്‍ ചിത്രം. അക്ഷരാര്‍ഥത്തില്‍ അതാണ് 'തേര്'. ചതുരംഗപ്പലകയിലെ ഓരോ കരുക്കളെയും വെട്ടിനിരത്തി തേര് നടത്തുന്ന പോരാട്ടവീര്യം നമ്മെ അദ്ഭുതപ്പെടുത്തും. ഒടുക്കം കളംപിടിച്ചിട്ടുതന്നെയാണ് തേര് കളിയവസാനിപ്പിക്കുന്നത്. പേരു പോലെത്തന്നെ നേര്‍വഴിയിലൂടെ സഞ്ചരിച്ച് എതിരാളികളെ വെട്ടിയകറ്റി മുന്നേറുന്ന ഒരു ഇമോഷണല്‍ ഫാമിലി ത്രില്ലറാണ് ഈ സിനിമ. പോലീസ് സംവിധാനവും ഒരു നാട്ടിലെ മൂന്ന് സാധാരണക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ അത്യന്തം ആകാംക്ഷാനിര്‍ഭരമായ കാഴ്ചവിരുന്നാണ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുക. എസ്.ജെ. സിനുവിന്റെ സംവിധാന മികവും അമിത് ചക്കാലക്കലിന്റെ നടന വൈഭവവും കൂടിച്ചേരുന്ന രസക്കൂട്ട് നമ്മെ കൈയടിപ്പിച്ചിട്ടേ തിയേറ്റര്‍ വിട്ടുപോരാന്‍ അനുവദിക്കൂ.
സിനിമയുടെ രണ്ട് പകുതികളെ രണ്ടായിത്തന്നെ പറയേണ്ടതുണ്ട്. അത്രമേല്‍ വ്യത്യസ്തമാണവ. ആദ്യ പകുതി കാണുമ്പോള്‍ ഒരു സന്തുഷ്ട കുടുംബകഥ എന്ന അനുഭവമാണ് സിനിമ തരിക. പതിയെപ്പതിയെ അത് പല ഗിയറിലേക്ക് മാറി ഒരു റിവഞ്ച് ത്രില്ലറിലെത്തുന്നു. ആ മാറ്റത്തെ വിസ്മയാവഹമായ കൈയടക്കത്തോടെ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച സംവിധായകനും തിരക്കഥാകൃത്തിനും കൈയടികള്‍ നല്‍കാതെ തരമില്ല. സിനിമ ഒരിക്കലും നമ്മുടെ പ്രതീക്ഷകള്‍ക്കോ പ്രവചനങ്ങള്‍ക്കോ പിടി തരുന്നില്ല. അടുത്ത ഒരു ത്രില്ലറിലേക്ക് തുറന്നിടുന്ന വിധത്തിലാണ് സിനിമ അവസാനിക്കുന്നത്. ക്ലൈമാക്സുകള്ക്കൊണ്ട് സമ്പന്നമായ നിരവധി രംഗങ്ങള്‍ തേരിലുണ്ട്.
പോലീസ് ടെസ്റ്റ് പാസായി പോസ്റ്റ് കാത്തിരിക്കുന്ന ചെറുപ്പക്കാരനാണ് ഹരികൃഷ്ണന്. അവനെ പോലീസായിക്കാണണമെന്നത് അച്ഛന് കൃഷ്ണകുമാറിന്റെ ഏറ്റവും വലിയ ആഗ്രഹമാണ്. അതിനായി എല്ലാ ദിവസവും പോസ്റ്റ് ഓഫീസില്‍ പോയി മകന്റെ പോസ്റ്റിങ് സംബന്ധിച്ച കത്ത് വന്നോ എന്നന്വേഷിക്കും. അമ്മ ജാനകിയും അനുജത്തി നിത്യയും അപ്പൂപ്പനുമടങ്ങുന്നതാണ് ഹരിയുടെ കുടുംബം. ഇവരുടെ നുറുങ്ങു തമാശകളും സമാധാനപൂര്‍ണമായ ജീവിതവും നിറഞ്ഞ കാഴ്ചകളാണ് ആദ്യ ഭാഗങ്ങളില്‍. സിനിമ പതിയെപ്പതിയെ പല ഗിയറുകളിലേക്ക് മാറിയാണ് ഒന്നാം പകുതി അവസാനിക്കുന്നത്. ഇങ്ങനെ സന്തോഷത്തില്‍ കഴിയവേ, ഒരു സംഭവമുണ്ടാകുന്നു. ഈ സംഭവത്തിന്റെ ചുവടുപിടിച്ചാണ് സിനിമ വികസിക്കുന്നത്. അതു പിന്നെ പോലീസും സാധാരണക്കാരും തമ്മിലുള്ള സംഘട്ടനത്തിലേക്ക് നയിക്കുന്നു.
കലാഭവന്‍ ഷാജോണിന്റെ പതിവു പകര്‍ന്നാട്ടം തേരിലും കാണാം. പോലീസ് വേഷത്തില്‍ സിനിമയിലുടനീളം തിളങ്ങി നില്ക്കുന്നു അദ്ദേഹം. ശത്രുവിനെ മണത്ത് പിടിക്കാന്‍ കഴിവുള്ള പോലീസുകാര്‍ എന്നൊക്കെപ്പറയാറില്ലേ. അങ്ങനെയൊരാള്‍. അയാളുടെ പോലീസ് ബുദ്ധിയില്‍ ഉദിക്കുന്ന കാഴ്ചപ്പാടുകളാണ് സിനിമയുടെ തലം വേറെയാക്കുന്നത്.
തേര് പുറത്തിറങ്ങിയതോടെ കുറഞ്ഞത് രണ്ട് കാര്യങ്ങളെങ്കിലും മലയാള സിനിമയില്‍ സംഭവിച്ചിട്ടുണ്ട്. ഒന്ന്, ത്രില്ലര്‍ സംവിധായകര്ക്കിടയിലേക്ക് ഒരു കസേര വലിച്ചിട്ട് നിവര്‍ന്നിരിക്കാന്‍ പാകത്തിലുള്ള വൈഭവം എസ്.ജെ. സിനുവിന് കൈവന്നു എന്നതാണ്. അമിത് ചക്കാലക്കല്‍ എന്ന നടനെ ഇനി മലയാള സിനിമയ്ക്ക് കാണാതെ പോവാനാവില്ലെന്ന ഉറപ്പിക്കലാണ് രണ്ടാമത്തെത്. നൂറു ശതമാനം നീതി പുലര്‍ത്തുന്ന വിധത്തിലാണ് അമിത് ഈ ത്രില്ലര്‍ ക്രൈമില്‍ പ്രവര്‍ത്തിച്ചത്. ഒരു നായകനു വേണ്ട എല്ലാവിധ വഴക്കങ്ങളും അമിതിലുണ്ടെന്നത് തേര് തെളിയിച്ചു. മറ്റൊന്ന് തേരിന്റെ തിരക്കഥയാണ്. ഈ സിനിമയുടെ വേഗവും അതാണ്. രണ്ടാംപകുതിയിലുടനീളം വീര്‍പ്പുമുട്ടിക്കുന്ന സസ്പെന്‍സും ക്ലൈമാക്സുകളുമൊരുക്കുന്നതില് തിരക്കഥയുടെ പങ്ക് വലുതാണ്. നമ്മുടെ പ്രതീക്ഷകളൊക്കെ കാറ്റില്‍പ്പറത്തുന്ന നിരവധി ക്ലൈമാക്സ് രംഗങ്ങളുണ്ട്. അവയൊക്കെയും മനസ്സിനകത്ത് ആവേശം കുത്തിനിറയ്ക്കാന്‍ പാകത്തിലുള്ള രംഗങ്ങളുമാണ്.
എടുത്ത് പറയേണ്ട മറ്റൊന്ന് കഥാഗതിക്കൊപ്പം അകമ്പടിയായുള്ള പശ്ചാത്തല സംഗീതമാണ്.കഥയോട് കൃത്യം കൃത്യമായി പൊരുത്തപ്പെടുന്ന പശ്ചാത്തല സംഗീതം. കൂട്ടത്തില്‍ യാക്സണും നേഹയും ചേര്‍ന്നൊരുക്കിയ പാട്ടുകള്‍ കൂടിയാകുമ്പോള്‍ മുഴച്ചുകെട്ടില്ലാതെ, ഒരു പക്കാ ത്രില്ലര്‍ മൂഡില്‍ത്തന്നെ സിനിമ കണ്ടു തീര്‍ക്കാനാവും. ഒന്നാം പകുതി ഒരു നാട്ടിന്‍പുറമാണെങ്കില്‍ രണ്ടാംപകുതി മിക്കവാറും ഒരു കാടിനു മുകളിലാണ്. രണ്ടിടങ്ങളിലെയും ഛായാഗ്രാഹണം മികവുറ്റതാണ്. അക്കാര്യത്തിന് ടി.ഡി. ശ്രീനിവാസന് നല്‍കാം കൈയടികള്‍. വന്യതയും ഉദ്വേഗവും ജനിപ്പിക്കുന്ന വിധത്തില്‍ കാടിന്റെ രാത്രി ദൃശ്യങ്ങള്‍ നല്ല കൈയടക്കത്തോടെ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്.
ഒരേ സമയംതന്നെ പ്രചോദനവും പ്രതികാരവും തിരിച്ചറിവും പകരുന്ന പ്രമേയമാണ് തേരിന്റെത്. ഇച്ഛാശക്തിയുണ്ടെങ്കില്‍ ഏത് പ്രതിബന്ധങ്ങളെയും തരണം ചെയ്ത് തേരേറാം എന്ന സന്ദേശം സിനിമ നല്‍കുന്നുണ്ട്. കൂടാതെ പോലീസ് സംവിധാനമെന്നത് എങ്ങനെയായിരിക്കരുത് എന്ന സന്ദേശവും സിനിമ പകരുന്നു. ഉള്ളിലൊരു ഉള്വെളിച്ചത്തോടെയാണ് എല്ലാവരും പോലീസ് സര്‍വീസിലെത്തുന്നത്. നിയമപാലനം കൃത്യമായി നടപ്പാക്കുമെന്ന ഉറച്ച ബോധ്യത്തോടെ. ആ ആത്മാര്‍ഥത എങ്ങനെയാണ് കെട്ടുപോകുന്നതെന്നും സിനിമ വരച്ചുകാട്ടുന്നു.
സി.ഐ. സോമനായി വേഷമിട്ട ബാബുരാജ്, ഹരിയായെത്തിയ അമിത്, അമിതിന്റെ അച്ഛനായെത്തുന്ന വിജയ രാഘവന്, അമ്മ സ്മിനു സിജോ, എസ്.ഐ.യായി വേഷമിട്ട റിയ സൈറ, നില്‍ജ കെ. ബേബി, സഞ്ജു ശിവറാം, പ്രമോദ് വെളിയനാട്, അലക്സാണ്ടര്‍ പ്രശാന്ത്, ശ്രീജിത്ത് രവി, വീണ നായര്‍, അസിസ് നെടുമങ്ങാട് തുടങ്ങിയവരും മിന്നുന്ന പ്രകടനവുമായി സിനിമയിലെത്തുന്നു.
ബ്ലൂഹില്‍ മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ ജോബി പി. സാം ആണ് നിര്‍മാണം.
Content Highlights: theru movie, review, malayalam movie, amit chakalakkal, sj sinu
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..