തല്ലുമാല | photo: facebook.com/Tovino Thomas
തുടക്കം മുതൽ ഒടുക്കം വരെ തല്ലിന്റെ മാലപ്പടക്കത്തിന് തീ പിടിച്ച പോലെയൊരു സിനിമ. ഖാലിദ് റഹ്മാന്റെ ഏറ്റവും പുതിയ ചിത്രമായ തല്ലുമാലയെ ഒറ്റവാക്യത്തിൽ ഇങ്ങനെ വിശേഷിപ്പിക്കാം. യൂത്ത് ഐക്കൺസായ ടൊവിനോ തോമസും കല്യാണി പ്രിയദർശനും നായികാനായകൻമാരായെത്തുന്ന ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത് ഷൈൻ ടോം ചാക്കോ, ലുക്മാൻ അവറാൻ, ചെമ്പൻ വിനോദ്, ബിനു പപ്പു തുടങ്ങിയവരാണ്. മലയാളസിനിമ അത്രകണ്ട് പരിചയിക്കാത്ത വ്യത്യസ്തമായ ഒരു സ്റ്റോറി ടെല്ലിംഗാണ് തല്ലുമാലയുടേത്.
പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ തല്ലുകളുടെ ഒരു മുഴുനീള പരമ്പരയാണ് സിനിമയിലുടനീളം കാണാനാവുക. പൊന്നാനിയിലെ ഒരു പറ്റം ചെറുപ്പക്കാർക്കിടയിലാണ് കഥ നടക്കുന്നത്. ടൊവിനോ അവതരിപ്പിക്കുന്ന വസീം എന്ന കഥാപാത്രവും അയാളുടെ കൂട്ടുകാരും, ഷൈൻ അവതരിപ്പിക്കുന്ന റെജി എന്ന പോലീസുകാരനും അയാളുടെ സുഹൃത്തുക്കളും തമ്മിൽ നടക്കുന്ന അടിയിൽ നിന്നാണ് കഥ ആരംഭിക്കുന്നത്. ഇതിന്റെ ചുവടുപിടിച്ച് തല്ല് നടക്കുന്ന മറ്റുപല സന്ദർഭങ്ങളും ഒരു നോൺ ലീനിയർ രീതിയിൽ സിനിമയിൽ കോർത്തിണക്കിയിരിക്കുന്നു. വ്ലോഗർ ബീപാത്തുവായി വേഷമിടുന്ന കല്യാണിയും വൈറൽ തല്ല് വീഡിയോസിലൂടെ താരമായി മാറുന്ന മണവാളൻ വസീമും തമ്മിലുള്ള പ്രണയവും ചിത്രത്തിലുണ്ട്.
എടുത്തുപറയത്തക്ക വിധത്തിലുള്ള കഥാപശ്ചാത്തലമില്ലെങ്കിലും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന രീതിയിലാണ് ചിത്രത്തിന്റെ മേക്കിംഗ്. കോസ്റ്റ്യൂം ഡിസെൈനിങ്ങാണ് തല്ലുമാലയുടെ ഹൈലൈറ്റായി പരാമർശിക്കേണ്ടത്. ആദ്യവസാനം ചിത്രത്തിലുടനീളമുള്ള ഫ്രെയിമുകൾ കളർഫുള്ളാക്കുന്നതിൽ കഥാപാത്രങ്ങളുടെ കിടിലൻ കോസ്റ്റ്യൂമുകൾ മികച്ച പങ്ക് വഹിക്കുന്നുണ്ട്. വരത്തൻ, ട്രാൻസ് തുടങ്ങിയ ചിത്രങ്ങൾക്ക് വസ്ത്രാലാങ്കാരം നിർവ്വഹിച്ച മാഷാർ ഹംസയാണ് തല്ലുമാലയിലെ സ്റ്റേറ്റ്മെന്റ് വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത്.
തല്ലുണ്ടാക്കാൻ മുൻപന്തിയിൽ നിൽക്കുന്ന വസീമിനെ ടൊവിനോ മികച്ച രീതിയിൽ അവതരിപ്പിക്കുന്നുണ്ട്. ഷൂട്ടിംഗ് സമയം മുഖത്ത് നല്ല കനത്തിൽ അടിയേൽക്കുന്ന ഒരു വീഡിയോ താരം പങ്കുവെച്ചിരുന്നു. സിനിമയിൽ ആ സീൻ നേരിട്ട് കാണുമ്പോഴും അടിയ്ക്ക് അതേ തീവ്രതയാണ്. ബീപാത്തു എന്ന സോഷ്യൽ മീഡിയ താരമായി വന്ന കല്യാണിയുടെ അഭിനയവും വേറിട്ടുനിന്നു. കഥാപാത്രങ്ങളെ തികച്ചും സ്വാഭാവികമായി അവതരിപ്പിക്കുന്ന നടനായ ഷൈനിന്റെ മറ്റൊരു കിടിലൻ പ്രകടനം തല്ലുമാലയിൽ കാണാം. പൊന്നാനി പശ്ചാത്തലമാക്കിയ സിനിമയായതുകൊണ്ടുതന്നെ കഥാപാത്രങ്ങളുടെ ഭാഷാശൈലിയും പ്രയോഗവുമെല്ലാം ആ നാട്ടിലേതാണ്. ടൊവിനോയും കല്യാണിയുമൊക്കെ അനായാസമായി അത് കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിൽ എടുത്തുപറയേണ്ട മറ്റൊരു പ്രകടനം കാഴ്ച വെച്ചിരിക്കുന്നത് ലുക്മാനാണ്.
മാസ്ക്കിംഗും മാച്ച് കട്ട് ട്രാൻസിഷൻസുമുൾപ്പെടുന്ന വ്യത്യസ്തമായ എഡിറ്റിംഗ് ടെക്നിക്കുകൾ ചിത്രത്തിന് ഒരു പുത്തൻ ദൃശ്യാനുഭവം തന്നെ നൽകുന്നുണ്ട്. റോബോട്ടിക് ക്യാമറയിൽ പകർത്തിയ സംഘട്ടന രംഗങ്ങൾ ത്രില്ലടിച്ചിരുന്ന് കാണാനാവും. സംശയലേശമന്യേ ന്യൂജെൻ ക്യാറ്റഗറിയിൽപ്പെടുത്താവുന്ന തല്ലുമാലയിലെ പാട്ടുകൾ ഇതിനോടകം യൂട്യൂബിലെ ട്രെൻഡിങ് ചാർട്ടിൽ ഇടം പിടിച്ചുകഴിഞ്ഞു.
ആഷിഖ് ഉസ്‌മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്‌മാനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജിംഷി ഖാലിദ് ക്യാമറ ചലിപ്പിച്ച സിനിമയുടെ തിരക്കഥ മുഹ്സിൻ പരാരിയും അഷ്റഫ് ഹംസയും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. നിഷാദ് യൂസഫ് എഡിറ്റിംഗും വിഷ്ണു വിജയ് സംഗീതവും നിർവ്വഹിച്ചിരിക്കുന്നു. സിനിമയിലെ പുത്തൻ പരീഷണങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും തല്ലുമാല ആസ്വദിക്കാനാവും.
Content Highlights: thallumala movie review, tovino thomas, kalyani priyadarshan, muhsin parari, khalid rahman
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..