പാപ്പനിൽ സുരേഷ് ഗോപി | ഫോട്ടോ: www.facebook.com/ActorSureshGopi/photos
മലയാള സിനിമയിലെ ഇന്നുള്ളതിൽ ഏറ്റവും സീനിയർ സംവിധായകരിലൊരാൾ സംവിധാനം ചെയ്ത പെർഫെക്റ്റ് ത്രില്ലർ. സുരേഷ് ഗോപി നായകനായ പാപ്പൻ എന്ന ചിത്രത്തെ ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ ഇങ്ങനെ വിശേഷിപ്പിക്കാം. ത്രില്ലറുകളുടെ പെരുമഴയിൽ കുളിച്ചുനിൽക്കുന്ന മലയാളസിനിമയിൽ ത്രില്ലറുകൾക്ക് വേറിട്ട ഭാവം നൽകുകയാണ് പാപ്പൻ. വൈകാരികതയും ചടുലതയും നിഗൂഢതയും നിറഞ്ഞ സമ്പൂർണ പാക്കേജാണ് അക്ഷരാർത്ഥത്തിൽ പാപ്പൻ.
ജോഷി എന്ന സീനിയർ സംവിധായകനും സുരേഷ് ഗോപി എന്ന സീനിയർ താരവും. ഒപ്പം ആർ.ജെ ഷാൻ എന്ന യുവ തിരക്കഥാകൃത്തും താരനിരയിൽ നീണ്ടുകിടക്കുന്ന പുതുതലമുറ അഭിനേതാക്കളും. പാപ്പനെ സവിശേഷമാക്കുന്നത് ഈ ജൂനിയർ-സീനിയർ ബന്ധമാണ്. പക്ഷേ സാങ്കേതികപരമായി കാലത്തിനൊത്ത് അപ്ഡേറ്റാവുക എന്ന വാശി ജോഷിയേപ്പോലെ മലയാളത്തിലെ വേറൊരു സീനിയർ സംവിധായകനുമില്ല എന്ന് തോന്നും പാപ്പനെ അണിയിച്ചൊരുക്കിയത് കണ്ടാൽ.
തുടരെ നടക്കുന്ന കൊലപാതക പരമ്പരകൾ. അതന്വേഷിക്കാനെത്തുന്ന വിൻസി എബ്രഹാം എന്ന യുവ പോലീസ് ഉദ്യോഗസ്ഥ, ഒപ്പം അനൗദ്യോഗികമായ സഹായത്തിന് മുൻ പോലീസ് ഉദ്യോഗസ്ഥനും പിതാവുമായ എബ്രഹാം മാത്യു മാത്തനും. ഇരുവരുടേയും നിഗമനങ്ങളും കണ്ടെത്തലുകളുമാണ് ചിത്രത്തെ മുന്നോട്ടുനയിക്കുന്നത്. തുടങ്ങി ആദ്യ പതിനഞ്ച് മിനിറ്റിൽത്തന്നെ പ്രേക്ഷകരെ ഞെട്ടിക്കാൻ പാപ്പന് സാധിച്ചിട്ടുണ്ട്. അതാകട്ടെ വരാനിരിക്കുന്ന ട്വിസ്റ്റുകളുടെ സാമ്പിൾ വെടിക്കെട്ട് മാത്രമായിരുന്നുതാനും. മലയാളത്തിൽ അടുത്തകാലത്തൊന്നും ഇത്രയും ട്വിസ്റ്റുകൾ നിറഞ്ഞ ചിത്രം വന്നിട്ടില്ല.
അടുത്തതെന്ത് എന്ന് ചിന്തിക്കാനാവാത്തവിധമാണ് ഓരോ ഫ്രെയിമും പാപ്പൻ ടീം ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകൻ ചിന്തിച്ച് നിർത്തുന്നിടത്ത് നിന്ന് പുതിയതൊന്ന് തുടങ്ങുന്ന ചടുലതയാണ് പാപ്പന്റെ മറ്റൊരു പ്ലസ് പോയിന്റ്. സുരേഷ് ഗോപി അവതരിപ്പിക്കുന്ന പാപ്പനാണ് സിനിമയുടെ അച്ചുതണ്ട്. പാപ്പനെ ചുറ്റിയാണ് ഓരോ കഥാപാത്രങ്ങളും. ചിതറി നിൽക്കുന്ന കണ്ണികളെ കൂട്ടിയിണക്കുന്നത് പാപ്പനാണ്. പോലീസ് വേഷങ്ങൾ ധാരാളം ചെയ്തിട്ടുണ്ടെങ്കിലും ഇതുപോലൊരു വേഷം സുരേഷ് ഗോപിയുടെ കരിയറിൽ ഉണ്ടാകാനിടയില്ല. ജോലിയിലും വ്യക്തിജീവിതത്തിലും നിഗൂഢതകൾ നിറഞ്ഞ പാപ്പനെ ഗംഭീരമാക്കിയിട്ടുണ്ട് അദ്ദേഹം.
വിൻസിയായി എത്തിയ നീത പിള്ളയ്ക്ക് നല്ല കയ്യടിതന്നെ നൽകാം. മലയാളത്തിൽ ഈ അടുത്തകാലത്തൊന്നും ഒരു നടിക്ക് ഒരു സൂപ്പർതാരചിത്രത്തിൽ ഇത്രയും സ്ക്രീൻ സ്പേസ് കിട്ടിയിട്ടുണ്ടാവില്ല. ചില സമയങ്ങളിൽ സുരേഷ് ഗോപി അവതരിപ്പിച്ച കഥാപാത്രത്തേക്കാൾ മുകളിൽ നിൽക്കുന്നുണ്ട് വിൻസി. രണ്ടേ രണ്ട് ചിത്രങ്ങളിൽ മാത്രം അഭിനയിച്ച ഒരു നടിക്ക് ഇത്രയും താരങ്ങൾ അണിനിരക്കുന്ന സിനിമയിൽ ഇതുപോലെ വലിയ അവസരം ലഭിക്കുക എന്നത് ചില്ലറക്കാര്യമല്ല. നടപ്പിലും നോക്കിലും സംസാരത്തിലുമെല്ലാം തനി പോലീസുകാരിയായിട്ടുണ്ട് നീത. മലയാളത്തിലെ ഇപ്പോഴത്തെ യുവനടിമാരിൽ പോലീസ് വേഷം ഇത്രയും ഇണങ്ങുന്ന വേറൊരാൾ ഉണ്ടോ എന്നുപോലും സംശയം തോന്നും.
ഷമ്മി തിലകൻ അവതരിപ്പിച്ച ചാക്കോയെപ്പറ്റി പറയാതെ പോകുന്നത് ശരിയല്ല. അതിക്രൂരനായ, എന്നാൽ അമ്മയെ അതിരറ്റ് സ്നേഹിക്കുന്ന കൊലയാളിയെ അദ്ദേഹം മനസറിഞ്ഞ് ചെയ്തിട്ടുണ്ട്. സിനിമയിൽ പാപ്പൻ പറയുന്ന ഒരു വാചകമുണ്ട്. ആത്യന്തികമായി മനുഷ്യൻ ജന്മനാ തന്നെ ഒരു മൃഗമാണെന്ന്. ഈ കാര്യത്തെ അടിവരയിടുന്നുണ്ട് ചാക്കോ എന്ന കഥാപാത്രം. താൻ കൊന്നവരെല്ലാം ഒരുനിമിഷം പോലും ഭൂമിയിൽ ജീവിക്കേണ്ടവരായിരുന്നില്ല എന്നാണ് ചാക്കോയുടെ ആപ്തവാക്യം. ഒരുഘട്ടത്തിൽ നിസ്സഹായതയുടെ പ്രതിരൂപമാവുന്നുണ്ട് ഈ ക്രൂരൻ.
ഗോകുൽ സുരേഷ്, അജ്മൽ അമീർ, ആശ ശരത്, ടിനി ടോം, രാഹുൽ മാധവ്, ചന്തുനാഥ്, സാധിക, സജിത മഠത്തിൽ, നന്ദു, കനിഹ, നൈല ഉഷ എന്നിവരും കിട്ടിയ വേഷങ്ങൾ മനോഹരമാക്കി. ഗാനങ്ങൾ കഥാസന്ദർഭത്തിന് അനുസരിച്ച് മാത്രമേ ചേർത്തിട്ടുള്ളൂ. കഥാപാത്രങ്ങൾക്കും സന്ദർഭത്തിനും അനുസരിച്ച് പശ്ചാത്തലസംഗീതം ഇണക്കിച്ചേർത്തതിന് ജേക്സ് ബിജോയിയും അഭിനന്ദനം അർഹിക്കുന്നു. നായകൻ സൂപ്പർ താരമാണെങ്കിലും ആര്? ഏതുവിധത്തിൽ ജയിക്കും എന്ന് സംശയം ജനിക്കുന്ന രീതിയിൽ, ത്രില്ലടിപ്പിക്കുന്ന ക്ലൈമാക്സ് സംഘട്ടനമൊരുക്കിയതിന് രാജശേഖറിനെക്കുറിച്ചും പറയാതിരിക്കാൻ വയ്യ.
ഏതായാലും മലയാളസിനിമയിലെ എണ്ണംപറഞ്ഞ കുറ്റാന്വേഷണചിത്രങ്ങളിൽ ഒന്നാകും പാപ്പൻ എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. ട്വിസ്റ്റുകൾ കണ്ട് അമ്പരക്കാനും ത്രില്ലടിക്കാനും ഇഷ്ടമുള്ളയാളാണ് നിങ്ങളെങ്കിൽ കണ്ണുംപൂട്ടി ടിക്കറ്റെടുക്കാം പാപ്പന്.
Content Highlights: Paappan Movie, Paappan Review, Suresh Gopi and Joshiy


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..