'റോയ്' പോസ്റ്റർ | photo: screengrab, facebook
സ്വപ്‌നവും യാഥാര്‍ഥ്യവും ഏതാണെന്ന് തിരിച്ചറിയാനാകാത്ത അവസ്ഥ. കണ്‍മുന്നില്‍ വന്നുനില്‍ക്കുന്നയാള്‍ ശരിക്കും ഉള്ളതാണോ എന്നുറപ്പിക്കാന്‍ സാധിക്കാത്ത ഒരാളുടെ ജീവിതത്തിലുണ്ടാകുന്ന അസാധാരണ സംഭവങ്ങള്‍. ഒറ്റ വാചകത്തില്‍ ഇതാണ് സുരാജ് വെഞ്ഞാറമ്മൂട് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'റോയ്' എന്ന ചിത്രം.
ചാപ്‌റ്റേഴ്‌സ്, അരികില്‍ ഒരാള്‍, വൈ എന്നീ ചിത്രങ്ങള്‍ക്കു ശേഷം സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'റോയ് '. സുനില്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്.
റോയ് എന്ന മുന്‍ ലൈബ്രേറിയന്റെയും മാധ്യമ പ്രവര്‍ത്തകയായ ഭാര്യ ടീനയുടെയും ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളെ മുന്‍നിര്‍ത്തിയാണ് കഥ പുരോഗമിക്കുന്നത്. ടീനയെന്ന നായിക കഥാപാത്രമായെത്തുന്നത് സിജ റോസാണ്. സ്വപ്‌നവും യാഥാര്‍ഥ്യവും പരസ്പരം വേര്‍തിരിച്ചറിയാന്‍ പ്രയാസപ്പെടുന്ന റോയിയെ മനസിലാക്കുന്ന ഒരാള്‍ ടീന മാത്രമാണ്.
.jpg?$p=d678a52&&q=0.8)
പ്രശസ്തനായ ഒരു എഴുത്തുകാരന്റെ തിരോധാനം റോയിയുടെയും ടീനയുടെയും ജീവിതത്തില്‍ കാര്യമായ വ്യതിചലനങ്ങളുണ്ടാക്കുന്നു. കാണാതാകുന്ന ബാലഗോപാല്‍ എന്ന എഴുത്തുകാരന്‍ എവിടെയുണ്ടെന്ന് ഒരു സ്വപ്‌നത്തിലെന്ന പോലെ റോയ് മനസിലാക്കുന്നു. ബാലഗോപാലിനെ കണ്ടെത്താനായി ഇറങ്ങിത്തിരിക്കുന്ന അദ്ദേഹത്തിന്റെ കടുത്ത ആരാധിക കൂടിയായ ടീനയെയും കാണാതാകുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്.
റോയ് എന്ന വെല്ലുവിളികള്‍ നിറഞ്ഞ കഥാപാത്രം സുരാജ് വെഞ്ഞാറമൂടിന്റെ കൈകളില്‍ ഭദ്രമായിരുന്നു. ഷൈന്‍ ടോം ചാക്കോ, ജിന്‍സ് ഭാസ്‌ക്കര്‍, വി കെ ശ്രീരാമന്‍, വിജീഷ് വിജയന്‍, റിയ സൈറ അഞ്ജു ജോസഫ് തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്. പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ഷൈന്‍ ടോം ചാക്കോ എത്തുന്നത്. വി കെ ശ്രീരാമനാണ് എഴുത്തുകാരനായ ബാലഗോപാലായി എത്തുന്നത്.
സംവിധായകന്റെ മുന്‍ചിത്രങ്ങള്‍ പോലെ തുടക്കം മുതല്‍ ഒടുക്കം വരെ കഥയിലെ ദുരൂഹത നിലനിര്‍ത്താന്‍ ഇവിടെയും സാധിക്കുന്നുണ്ട്. പുതുമയുള്ള പ്രമേയം വ്യത്യസ്തമായ അവതരണത്തിലൂടെയാണ് പ്രേക്ഷകന് മുന്നിലെത്തുന്നത്.
റോയ് കാണുന്ന കാഴ്ചകളിലൂടെ ചിത്രം മുന്നോട്ട് പോകുമ്പോള്‍ ആ കഥാപാത്രത്തിന്റെ മാനസികാവസ്ഥ പ്രേക്ഷകനെയും അനുഭവിപ്പിക്കാന്‍ സംവിധായകന്‍ ശ്രമിക്കുന്നുണ്ട്. കഥാപരിസരത്തിന് യോജിച്ച പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ ത്രില്ലര്‍ മൂഡ് നിലനിര്‍ത്താന്‍ സഹായിച്ചിട്ടുണ്ട്.
വിനായക് ശശികുമാറിന്റെ വരികള്‍ക്ക് മുന്ന പി ആര്‍ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വി സാജനാണ് എഡിറ്റിങ്. ജയേഷ് മോഹന്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. സോണി ലിവിലൂടെ റിലീസായ ചിത്രം സജീഷ് മഞ്ചേരി, സനൂബ് കെ. യൂസഫ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.
Content Highlights: Suraj Venjaramood new malayalam movie roy review
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..