ഒരു 'കട്ടിലില്‍ക്കിടന്ന് കറങ്ങുന്ന' ചിത്രം; നിറഞ്ഞാടി സണ്ണി വെയ്‌നും അലന്‍സിയറും | Appan Review


ഉമ്മര്‍ വിളയില്‍

അപ്പൻ സിനിമയുടെ പോസ്റ്റർ, അപ്പനിൽ സണ്ണി വെയ്ൻ | Photo: www.facebook.com/SunnyWayne

പെട്ടെന്നൊരു ദിവസം രോഗം വന്ന് ഒരിക്കലും എഴുന്നേല്‍ക്കാനാകാത്ത വിധം നമ്മള്‍ കിടപ്പിലായാലുള്ള അവസ്ഥയെന്തായിരിക്കും? ഇന്നലെ വരെ അനുഭവിച്ചിരുന്ന ആനന്ദങ്ങളൊക്കെ ഇന്നുമുതല്‍ ഇല്ലാതായിപ്പോവുന്നു എന്ന് ആ സമയത്ത് അറിയുമ്പോഴുണ്ടാകുന്ന വേദന ചെറുതല്ല. അത് ഉള്‍ക്കൊള്ളാന്‍ തന്നെ ഒരുപാട് സമയമെടുക്കും. ഒരേ കിടപ്പില്‍ ഒന്നും ചെയ്യാന്‍ കഴിയാതെ വരുമ്പോഴുണ്ടാകുന്ന മുഷിപ്പ് നമ്മളില്‍ ദേഷ്യം ഉത്പാദിപ്പിക്കുകയും ചെയ്യും. ഇനി ഒന്ന് മൂത്രമൊഴിക്കാന്‍ പോലും മറ്റുള്ളവരുടെ സഹായം വേണമെന്നത് നമ്മുടെ മനസ് മടുപ്പിക്കും.

അത്തരത്തില്‍ കിടപ്പുരോഗിയായ ഒരു മനുഷ്യന്റെ ജീവിതത്തിലൂടെ കടന്നുപോകുന്ന ചിത്രമാണ് സോണിലിവില്‍ റിലീസ് ചെയ്ത ഒ.ടി.ടി. ചിത്രം 'അപ്പന്‍'. സണ്ണി വെയ്ന്‍ നായക കഥാപാത്രം അവതരിപ്പിക്കുന്ന ചിത്രത്തില്‍ കിടപ്പു രോഗിയായി പകര്‍ന്നാടുന്നത് അലന്‍സിയര്‍ ലോപ്പസാണ്. പൗളി വല്‍സന്‍, അനന്യ, ഗ്രേസ് ആന്റണി, വിജിലേഷ് കാരയാട്, രാധിക രാധാകൃഷ്ണന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മജുവാണ് ചിത്രത്തിന്റെ സംവിധാനം.ഒരു മലമ്പ്രദേശത്തെ വീട്ടിലും അതിനോട് ചേര്‍ന്ന സ്ഥലത്തുമാണ് കഥ വികസിക്കുന്നത്. രണ്ട് മണിക്കൂറും പത്തുമിനിറ്റും മുഴുവന്‍ ക്യാമറ കറങ്ങുന്നത് ഈ സ്ഥലത്തു മാത്രമാണ്. എന്നിട്ടുപോലും നമ്മെ ഒട്ടും മുഷിപ്പിക്കാത്ത വിധം, ഒറ്റയിരുപ്പില്‍ വളരെ ഊര്‍ജസ്വലമായി കണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയുന്ന ഒരു സിനിമാനുഭവമാണ് അപ്പന്‍. അപ്പന്‍ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതയും ഇതാണ്. നിരവധി ട്വിസ്റ്റുകള്‍ നിറഞ്ഞ സിനിമ ഒരു ഫാമിലി എന്റര്‍ടെയ്‌നറാണ്.

അങ്ങേയറ്റത്തെ അരാജക ജീവിതം നയിച്ചിരുന്ന ഇട്ടി എന്ന സമ്പന്നന്‍, ഒരുനാള്‍ അരയ്ക്കു താഴെ തളര്‍ന്ന് കിടപ്പിലാകുന്നു. ആരോഗ്യമുള്ള കാലത്ത് കള്ളും കഞ്ചാവും പരസ്ത്രീ ബന്ധവുമായി കഴിഞ്ഞ അയാള്‍ക്ക് തുടര്‍ന്നങ്ങോട്ട് ഒന്നും അനുഭവിക്കാനാകാതെ വരുന്നു. ഒരു കട്ടിലും നാല് ചുമരുമായി ചുരുങ്ങിയ തന്റെ ജീവിതം അയാളെ അലോസരപ്പെടുത്തുന്നു. കട്ടിലില്‍ക്കിടന്നും അയാള്‍ക്ക് എല്ലാം ആസ്വദിക്കുകയും അനുഭവിക്കുകയും വേണം. അതിനുവേണ്ടി അയാള്‍ നടത്തുന്ന പരിശ്രമങ്ങളും അത് അയാളുടെ കുടുംബത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളുമാണ് 'അപ്പന്‍' പറഞ്ഞുവയ്ക്കുന്നത്.

ചിത്രത്തില്‍ ഇട്ടിയുടെ മകനായി സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്ന കഥാപാത്രമാണ് ഞൂഞ്ഞ്. അപ്പന്‍ ഇട്ടിയുടെ (അലന്‍സിയര്‍ ലോപ്പസ്) അതിരുവിട്ട ജീവിതത്തിന്റെ പ്രതിസന്ധികളെല്ലാം അനുഭവിക്കേണ്ടി വരുന്നത് ഈ മകനും അവന്റെ അമ്മയും (പൗളി വല്‍സന്‍) ഭാര്യയായി വേഷമിടുന്ന അനന്യയുമാണ്. എല്ലാവരും ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങള്‍. ചിത്രം പുരോഗമിക്കുമ്പോള്‍ അപ്പന്റെ മകളായി ഗ്രേസ് ആന്റണിയും എത്തുന്നുണ്ട്.

ഇട്ടിയുടെ മകനായുള്ള സണ്ണി വെയ്‌ന്റെ പകര്‍ന്നാട്ടം ഒരു കാഴ്ചാ വിരുന്നൊരുക്കുന്നുണ്ട്. തനിക്ക് കിട്ടിയ കഥാപാത്രം തന്മയത്വത്തോടെത്തന്നെ സണ്ണി അവതരിപ്പിച്ചിട്ടുണ്ട്. തന്നോട് ഒട്ടും സ്‌നേഹമില്ലാത്ത, കേട്ടാല്‍ അറക്കുന്ന തെറിവിളികള്‍ കൊണ്ട് മാത്രം തന്നെ അഭിസംബോധന ചെയ്യുന്ന, മോനേ എന്ന് ഒരുവട്ടം പോലും വിളിക്കാത്ത ഒരച്ഛന്റെ സ്‌നേഹനിധിയായ മകനാണ് സണ്ണി വെയ്ന്‍.

ക്രൂരനായ ഇട്ടിയുടെ ഭാര്യയായെത്തുന്നത് പൗളി വല്‍സനാണ്. ഇട്ടിയുടെ ഭാര്യയായി കഴിയുമ്പോള്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങള്‍ മുഴുവന്‍ അവര്‍ തന്റെ അഭിനയത്തില്‍ പ്രതിഫലിപ്പിക്കുന്നുണ്ട്.

ഇട്ടിയുടെ മകളായി ഗ്രേസി ആന്റണിയും മരുമകനായി വിജിലേഷ് കാരയാടും മികച്ച അഭിനയം കാഴ്ചവെച്ചു. മറ്റൊരു ശ്രദ്ധേയ കഥാപാത്രം ചെയ്തത് രാധിക രാധാകൃഷ്ണനാണ്. അനില്‍ കെ. ശിവറാമും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

സംവിധായകന്‍ മജുവും ആര്‍. ജയകുമാറും ചേര്‍ന്നാണ് തിരക്കഥ രചിച്ചത്. വീടും അതിന്റെ ചുറ്റുപാടും കാഴ്ചക്കാരെ മടുപ്പിക്കാത്ത വിധം ഛായാഗ്രാഹണം നടത്തിയത് വിനോദ് ഇല്ലംപിള്ളിയും പപ്പുവും ചേര്‍ന്നാണ്. കിരണ്‍ദാസിന്റെ എഡിറ്റിങ്ങും ഡോണ്‍ വിന്‍സെന്റിന്റെ സംഗീതവും ചിത്രത്തെ സമ്പന്നമാക്കുന്നു.സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സും ടൈനി ഹാന്‍ഡ്‌സ് പ്രോഡക്ഷന്‍സിന്റെ ബാനറില്‍ ജോസ്‌കുട്ടി മഠത്തില്‍, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവരും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

Content Highlights: sunny wayne movie appan review


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented