കലാമണ്ഡലം ക്ഷേമാവതി
അമ്പത്തിമൂന്ന് മിനിറ്റ് ദൈര്‍ഘ്യത്തില്‍ ക്ഷേമാവതി ടീച്ചറെ രേഖപ്പെടുത്താന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? ആ അവിശ്വാസത്തിന്റെ ഉത്തരമായിരുന്നു 'പത്മശ്രീ ഗുരു കലാമണ്ഡലം ക്ഷേമാവതി, സ്പിരിച്വല്‍ വോയേജ് ഓഫ് എ ഡാന്‍സര്‍' എന്ന ഡോക്യുമെന്ററി. മോഹിനായട്ടത്തെ അതിന്റെ ബാല്യദശകളില്‍നിന്ന് ധ്യാനാത്മകമായ ചര്യകളാല്‍ പടിപടിയായി ഉണര്‍ത്തി പരിപാലിച്ച് പണ്ഡിതോപദേശങ്ങളില്‍ മുങ്ങിനിവര്‍ന്ന് തന്റേതായ പരീക്ഷണങ്ങളിലൂടെ ഇന്നത്തെ ശ്രേഷ്ഠമായ അവസ്ഥയിലേക്ക് ഉയര്‍ത്തികൊണ്ടുവന്നതില്‍ ടീച്ചര്‍ക്കുള്ള പങ്ക് വ്യക്തമാക്കുന്നതാണ് ഈ ദൃശ്യയാത്ര. അതുകൊണ്ടുതന്നെ കേവലം ഒരു നര്‍ത്തകിയെക്കുറിച്ചുള്ള രേഖപ്പെടുത്തലുകള്‍ക്കുമപ്പുറം ഒരു കലാരൂപത്തിന്റെ സ്മാരകശിലകളിലൂടെയുള്ള യാത്രകൂടിയായി ഇത് അനുഭവപ്പെടുന്നു.
നര്‍ത്തകിയുടെ കലാലോകത്തിലേക്കുള്ള പദങ്ങള്‍ കടന്നുപോകുന്നത് മറ്റാരിലൂടെയുമല്ല, മഹാകവി വള്ളത്തോളിന്റെ അനുഗ്രഹ രശ്മിയിലൂടെയാണ് . ക്ഷേമാവതി ടീച്ചറുടെ ജീവിതത്തിലുണ്ടാകുന്ന ഒരു വഴിത്തിരിവാണ് കലയുടെ ലോകത്തേക്ക് അവരെ വഴിനടത്തുന്നത്. അന്നുമുതല്‍ തുടങ്ങിയ ആ സപര്യ അവരിന്നും തുടര്‍ന്നുപോരുന്നു. ചെന്നൈയിലെ പ്രഗല്‍ഭരായ വിവിധ ഗുരുക്കന്മാരില്‍നിന്ന് പരിശീലനം നേടുകയും അവരുടെ ശൈലികള്‍ സ്വായത്തമാക്കുകയും ചെയ്യുന്നതിന് പ്രകൃതി തന്നെയോ അവര്‍ക്ക് വഴിയൊരുക്കിയതെന്നും തോന്നും. ആറു പതിറ്റാണ്ടോളം നീണ്ട നിരന്തര പര്യവേക്ഷണം, ഭക്തി, പ്രതിബദ്ധത, ഡോക്യുമെന്ററി തുഴഞ്ഞുമുന്നേറുന്നത് ക്ഷേമാവതിയെന്ന നര്‍ത്തകിയുടെ ജീവിതാഴങ്ങളിലേക്കാണ്.
വൈകാരിക ബന്ധങ്ങള്‍ക്ക് പ്രധാന്യം നല്‍കുന്ന ഡോക്യുമെന്ററിയില്‍ ഗുരു തന്റെ ശിഷ്യന്മാരോടും അഭ്യുദയകാംക്ഷികളോടും ആഗോളതലത്തിലുള്ള കലയുടെ ആസ്വാദകരോടുമൊപ്പം ജീവിതപാതകള്‍ ആസ്വദിക്കുന്നു. ജീവിതപങ്കാളിയായിരുന്ന പവിത്രന്റെ പ്രിയപ്പെട്ട ഗസല്‍ ലോകങ്ങളിലെ ക്ഷേമടീച്ചറുടെ കൊറിയോഗ്രാഫി, നവീകരിക്കാനുള്ള അവരുടെ അതുല്യമായ സര്‍ഗ്ഗാത്മകമായ അന്തര്‍ലീനങ്ങള്‍ അനാവരണം ചെയ്യുന്നു. പഠിക്കാനുള്ള അവരുടെ അന്വേഷണത്താല്‍ നയിക്കപ്പെടുന്ന, അവര്‍ അങ്ങനെ നേടിയ പുതിയ അറിവിനെക്കുറിച്ച് ധ്യാനിക്കുമായിരുന്നു. ചലനങ്ങള്‍ അവരുടെ മനസ്സില്‍ തിളങ്ങുകയും സ്ഫടികമാക്കുകയും ചെയ്യുന്നു, ഒപ്പം ഒരു പുതിയ മനോഹരമായ രചന പിറവിയെടുക്കുന്നു.
2006-ല്‍ പവിത്രന്റെ ആകസ്മിക വേര്‍പാട് വിവരിക്കുമ്പോള്‍ ക്ഷേമ ടീച്ചര്‍ വാക്കുകള്‍ക്കായി വിങ്ങിയപ്പോള്‍ തിയേറ്ററില്‍ ഒരു നിമിഷം ശ്വാസോച്ഛ്വാസ നിശബ്ദത തളംകെട്ടി, സന്തോഷകരമായ നാളുകളുടെ നൊമ്പരപ്പെടുത്തുന്ന ഓര്‍മകള്‍ ഉണര്‍ത്തി. സംഗീത സംവിധായകന്റെ മിഴിവുകള്‍ ഒഴുകിയ നിമിഷങ്ങളായിരുന്നു അവ. പവിത്രനുമായുള്ള ക്ഷേമാവതി ടീച്ചറുടെ കൂടിക്കാഴ്ചയെക്കുറിച്ച് അത് പിന്നീട് വിവാഹത്തിലേക്കും അവരുടെ സൗന്ദര്യാത്മക സമന്വയത്തിലേക്കും നയിച്ചതിനെ കുറിച്ച് പറയുമ്പോഴുള്ള ഫ്രെയ്മുകള്‍ അവരുടെ ഒന്നിച്ചുളള ജീവിതത്തെ കുറിച്ചുള്ള ഉള്‍ക്കാഴ്ച നല്‍കുന്നു. ക്ഷേമ ടീച്ചറെക്കുറിച്ചുള്ള ആദ്യത്തെ വിഷ്വല്‍ റഫറന്‍സ് കൂടിയാണ് ഈ ഡോക്യുമെന്ററി. ഒരു വിഷ്വല്‍ ട്രീറ്റ് പുറത്തെടുത്തതിന് ജയരാജ് പുതുമഠത്തിനും ബ്ലൂ ബേര്‍ഡ് ടാക്കീസിന്റെ സാരഥിക്കും അഭിനന്ദനം അറിയിക്കാതെ വയ്യ.
ക്ഷേമാവതി ടീച്ചറുടെ പഠനകാലത്ത് അന്നത്തെ അധ്യാപികയായിരുന്ന ചിന്നമ്മു അമ്മ ടീച്ചറുടെ അഭ്യസനരീതികളും വള്ളത്തോളിന്റെ സാന്നിധ്യത്തില്‍ ഇന്റര്‍വ്യൂ വിന് കാളിയമര്‍ദ്ദനം എന്ന നൃത്തം അവതരിപ്പിച്ചതിന്റെ ഓര്‍മ്മകള്‍ പുനഃസൃഷ്ടിച്ചതിന്റെ വശ്യതയും പ്രത്യേകം എടുത്തുപറയാതെ വയ്യ. കെ. ജി. ജയന്‍ എന്ന പ്രമുഖ ഛായാഗ്രാഹകന്‍ ഒരോ ഫ്രെയ്മുകളിലും തന്റെ രചനാ വൈഭവം ലോഭമില്ലാതെ സമ്മാനിച്ചിരിക്കുന്നു. എഴുത്തുകാരനും പ്രമുഖ ജേര്‍ണലിസ്റ്റുമായ ശശികുമാറിന്റെ ഇംഗ്ലീഷിലുള്ള വോയ്സ് ഓവറും സി. എസ്. വെങ്കിടേശ്വറിന്റെ സബ്ടൈറ്റിലുകളും കാഴ്ചക്കാരുടെ ശ്രദ്ധ പ്രത്യേകം പിടിച്ചുപറ്റി.
സാജ് വിശ്വനാഥനാണ് നിർമ്മാതാവ്. ടി.വി. ബാലകൃഷ്ണന്റെ തിരക്കഥയും വി. വേണുഗോപാലിന്റെ എഡിറ്റിങ്ങും കാച്ചിക്കുറിയത്. കലാമണ്ഡലം ജോയ് ചെറുവത്തൂർ നൽകിയ സംഗീതമാകട്ടെ ഒരു യാത്രയുടെ അനുരണനമായി അനുഭവപ്പെടും.
കാലപരിണാമത്തോടൊപ്പം കാലോചിതമായ വിഷയങ്ങള്‍ ദീര്‍ഘദൃഷ്ടിയിലൂടെ മനനം ചെയ്യുകയും നാട്യധര്‍മ്മിയുടെയും ലോകധര്‍മ്മിയുടെയും സ്ഫുരണങ്ങള്‍ തുന്നിച്ചേര്‍ത്ത് അരങ്ങില്‍ കൊണ്ടുവരാറുമുള്ള ക്ഷേമാവതി ടീച്ചര്‍ക്ക് കലാമണ്ഡലം ശൈലിയിലൂന്നിയ ക്ഷേമാവതീ ശൈലികൂടി ഉണ്ടെന്നാണ് പ്രമുഖരായ ആസ്വാദക വൃന്ദങ്ങളുടെ വിലയിരുത്തല്‍.
'നൃത്തവുമായി ഇഴുകിച്ചേര്‍ന്ന ഗുരു ക്ഷേമാവതിയുടെ ജീവിതം ശാന്തമായ പ്രവാഹത്തില്‍ തുടരുന്നു...' ശശികുമാറിന്റെ ഉപസംഹാര വാചകം ഉചിതമാകുന്നു, സന്ധ്യാസമയത്ത് ഗുരു ക്ഷേമാവതി അവരുടെ ഏകാന്തതയില്‍ സ്വയംമറന്നിരിക്കുമ്പോള്‍ ആ മുഖത്ത് തെളിയുന്നത് അവാച്യമായ സംതൃപ്തിമാണ്..വെല്ലുവിളികള്‍ എന്തുതന്നെയായാലും അവര്‍ ആത്മീയയാത്ര തുടരുകയാണ്.
ലോക പ്രശസ്തയായ മോഹിനിയാട്ടം നര്‍ത്തകി കലാമണ്ഡലം ക്ഷേമാവതി ടീച്ചറെക്കുറിച്ചുള്ളതാണ് 'പത്മശ്രീ. ഗുരു കലാമണ്ഡലം ക്ഷേമാവതി'( Spiritual voyage of a Dancer)എന്ന ഡോക്യുമെന്ററി ചിത്രത്തിന്റെ ആദ്യപ്രദര്‍ശനം Thrissur International Film Festival വേദിയില്‍, മാർച്ച് അഞ്ചിനു നടന്നു. 2011-ല്‍ രാഷ്ട്രം പത്മശ്രീ ബഹുമതി നല്‍കി ആദരിക്കപ്പെട്ട ഈ കലാകാരി കേരളത്തില്‍നിന്നുള്ള നൃത്തമേഖലയിലെ പ്രഥമ പത്മശ്രീ ജേതാവാണ്.
Content Highlights: spiritual voyage of a dancer; documentary based on Kalamandalam Kshemavathy's Life
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..