
Shylock Movie
കഴുത്തറപ്പന്‍ പലിശക്കാരന് ബോസായി മമ്മൂട്ടിയെത്തി, കാശില്ലാതെ ചിത്രീകരണം മുടങ്ങികിടക്കുന്ന സിനിമാതാക്കളുടെ കണ്‍കണ്ട ദൈവമാണ് ബോസ്. ഒറ്റവാക്കില്‍ ബോസ് മാസാണ്. നില്‍പ്പിലും-നടപ്പിലും, സംസാരത്തിലും-ഇടപെടലിലുമെല്ലാം മുന്‍പൊന്നും കാണാത്ത സ്റ്റൈലും എനര്‍ജിയും.
കഥയ്ക്ക് കരുത്തേകി തമാശയുടെ മേമ്പൊടിയുള്ള പഞ്ച് ഡയലോഗുകള്‍, മാനറിസങ്ങള്‍, തീപാറുന്ന ആക്ഷന്‍ രംഗങ്ങള്‍. ഇതിനെല്ലാം പുറമെ കറുപ്പുടുത്ത്, കാതുകുത്തി, വെള്ളിച്ചെയിനുമണിഞ്ഞ് വിലകൂടിയ കാറുകളിലെത്തിയുള്ള മെഗാസ്റ്റാറിന്റെ ഓള് റൗണ്ട് പ്രകടനം. തീയേറ്ററുകളെ ഇളക്കിമറിക്കുന്ന രംഗങ്ങള്‍കൊണ്ട് ഷൈലോക്ക് സമ്പന്നമാണ്. ദ് മണി ലെന്‍ഡര്‍ എന്ന ടാഗ് ലൈനോടെയെത്തിയ ഒരു ഹൈവോള്‍ട്ടേജ് മമ്മൂട്ടിചിത്രമാണ് ഷൈലോക്ക്.
രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്കുശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്ന ചിത്രം.' മുന്‍ചിത്രങ്ങളുടെ പാതയില്‍ തന്നെ ആക്ഷന്‍, മാസ് രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് ഇത്തവണയും സംവിധായകന് കഥ പറയുന്നത്.
കുട്ടിക്കാലത്തേ നടനാകാന്‍ കൊതിച്ച ബോസിന് സിനിമ എപ്പോഴും ഹരമാണ്. അവസരം കിട്ടുന്നിടത്തെല്ലാം അയാള്‍ സിനിമ ഡയലോഗിനെ വെല്ലുന്ന സംഭാഷണങ്ങള്‍ പുറത്തെടുക്കും. കടംകൊടുത്ത പണം തിരിച്ചുചോദിക്കാന്‍ ബോസ് എത്തുന്നതും അവര്‍ തമ്മില്‍ നടക്കുന്ന ഉരസലുകളുമെല്ലാം പക്കാ സിനിമാ സ്റ്റൈലില്‍ തന്നെയാണ് അവതരിപ്പിക്കുന്നത്. മുതലും പലിശയും തിരിച്ചുനല്‍കാന്‍ കഴിയാത്തവര്‍ക്ക് മുന്പില് ബോസ് ഷൈലോക്കായി മാറും പിന്നെ അവരുടെ കാറും വീടും സ്ഥലവുമെല്ലാം ബോസിനു സ്വന്തം.
പണം തിരിച്ചുകൊടുക്കാനാകാതെ ബോസിന്റെ മാനേജറായി മാറിയ നിര്‍മ്മാതാവ് ബാലകൃഷ്ണ പണിക്കാരുടെ വേഷത്തില്‍ ബൈജു സന്തോഷും ബോസിന്റെ ഡ്രൈവര്‍ ഗണപതിയായി ഹരീഷ് കണാരനും ചിത്രത്തിലുണ്ട്. സിദ്ദിഖും കലാഭവന്‍ ഷാജോണുമാണ് ഷൈലോക്കിലെ പ്രധാന വില്ലന്മാര്. സിറ്റിപോലീസ് കമ്മിഷണര്‍ ഫെലിക് ജോണായി സിദ്ദിഖും സിനിമാനിര്‍മാതാവ് പ്രതാപവര്മയായി ഷാജോണും എത്തുന്നു. ഒരിടവേളയ്ക്കുശേഷം മീന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമ കൂടിയാണ് ഷൈലോക്ക്. സംവിധായകന് അജയ് വാസുദേവും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
മുതലുംപലിശയും തിരിച്ചുചോദിച്ച് നിര്‍മ്മാതാവ് പ്രതാപവര്‍മ്മയുടെ സെറ്റിലേക്ക് ബോസ് കയറിചെല്ലുന്നതോടെയാണ് പ്രശ്നങ്ങള്‍ തലപൊക്കുന്നത് പ്രതാപവര്‍മ്മയുടെ കൂട്ടായി കമ്മീഷണറുമെത്തുന്നു പിന്നീടങ്ങോട്ട് കള്ളനും പോലീസും കളിയാണ്.
പോലീസിന്റെ ഓപ്പറേഷന് ഷൈലോക്കും, വരിക്കാശ്ശേരി മനയുടെ പൂമുഖത്തിരുന്ന് മംഗലശ്ശേരി നീലകണ്ഠന് കളിച്ചുള്ള ബോസിന്റെ സംസാരവുമെല്ലാം കയ്യടികളോടെയാണ് സ്വീകരിക്കപ്പെടുന്നത്. ആക്ഷനും നര്‍മ്മസംഭാഷണങ്ങളും ഐറ്റം ഡാന്‍സുമെല്ലാമായി ആദ്യപകുതി വേഗത്തില്‍ കടന്നുപോകുന്നു. ബോസ് ആര് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ചിത്രത്തിന്റെ രണ്ടാം പകുതി. മമ്മൂട്ടിയെ മറ്റൊരു ഗെറ്റപ്പില്‍ ഈ രംഗങ്ങളില്‍ കാണാം. അനില്‍ അരശ്, സ്റ്റണ്ട് സില്‍വ, രാജശേഖര്‍, മാഫിയ ശശി, പ്രഭു എന്നിങ്ങനെ അഞ്ച് ആക്ഷന്‍ കൊറിയോഗ്രാഫര്‍മാര്‍ ചേര്‍ന്നൊരുക്കിയ തീപാറും സംഘട്ടനങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്.
മമ്മൂട്ടിക്കുപുറമെ തമിഴ് നടന് രാജ് കിരണന്‍ ചിത്രത്തില്‍ ശ്രദ്ധേയമായൊരു വേഷത്തിലുണ്ട്. ഗോപിസുന്ദറിന്റെ പശ്ചാത്തലസംഗീതം രംഗങ്ങള്‍ക്ക് വേഗം കൂട്ടുന്നു, അനിഷ് ഹമീദ്-ബിബിന്‍ മോഹന്‍ എന്നിവരുടെതാണ് തിരക്കഥ. ഹരി നാരായണന്, വിവേക് (തമിഴ്) എന്നിവരുടേതാണ് ഗാനരചന. ഗുഡ്വില് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ഷൈലോക്ക് നിര്‍മിച്ചിരിക്കുന്നത്.
Content Highlights : Shylock Movie Review starring Mammootty Meena Rajkiran Directed by Ajay Vasudev
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..