facebook.com/SaudiVellakka
ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സൗദി വെള്ളക്ക'. സോഷ്യല്‍ ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണവുമായി നിറഞ്ഞോടുകയാണ്. കോടതികളില്‍ വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന കേസും കൂട്ടങ്ങളുമാണ് പ്രധാന പ്ലോട്ട്. പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ 'വെള്ളക്ക'യാണ് സിനിമയിലെ പ്രധാന കഥാപാത്രം.
അഭിലാഷ് എന്നയാളുടെ കുട്ടിക്കാലത്ത് അയാളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഒരു സംഭവവും തുടര്‍ന്നുണ്ടാകുന്ന കേസുമാണ് കഥാപശ്ചാത്തലം. അതിമനോഹരമായ ആഖ്യാനശൈലി തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. കൊച്ചിയിലെ ചെല്ലാത്തിനടുത്തുള്ള സൗദിയില്‍ നിന്നുമാണ് കഥ വികസിക്കുന്നത്. ബ്രിട്ടോ എന്ന കഥാപാത്രമായി ബിനു പപ്പു നിറഞ്ഞാടുമ്പോള്‍ അഭിലാഷ് എന്ന കഥാപാത്രം ലുക്മാന്‍ അവറാന്റെ കൈകളില്‍ ഭദ്രമായിരുന്നു.
അവതരണശൈലി വെച്ച് നോക്കുമ്പോള്‍ തന്റെ ആദ്യ ചിത്രമായ 'ഓപ്പറേഷന്‍ ജാവയില്‍' നിന്നും തരുണ്‍ മൂര്‍ത്തി ബഹുദൂരം മുന്നില്‍ വന്നെന്നു വേണം കരുതാന്‍. അതിമനോഹരമായ ഫ്രെയിമുകള്‍ക്കൊപ്പം മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ കൂടിയായപ്പോള്‍ പിറന്നത് തരുണിന്റെ ലിസ്റ്റിലെ അടുത്ത സൂപ്പര്‍ ഹിറ്റ് കൂടിയാണ്. കൊച്ചി ഭാഷയ്‌ക്കൊപ്പം അധികം അവതരിപ്പിച്ചു കാണാത്ത ഒരു കഥാതന്തു കൂടി സൗദി വെള്ളക്കയെ വേറിട്ടതാകുന്നു.
രമ്യ സുരേഷ്, ഷൈനി ടി.രാജന്‍, സ്മിനു സിജോ, സുജിത് ശങ്കര്‍ എന്നിവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കേസും പൊല്ലാപ്പുമുണ്ടാകുമ്പോള്‍ അസ്തമിച്ചു പോകുന്ന മനുഷ്യത്തിലൂന്നിയാണ് സൗദി വെള്ളക്കയുടെ മുന്നോട്ട് പോക്ക്. തീരാവിധിയെന്നോണം കേസുകള്‍ വര്‍ഷങ്ങളോളം മുന്നോട്ട് നീങ്ങുമ്പോള്‍ ബുദ്ധിമുട്ടിലാകുന്നത് അതുമായി ബന്ധപ്പെട്ട ചില മനുഷ്യ ജീവിതങ്ങള്‍ കൂടിയാണ്. ഈ മനുഷ്യ ജീവിതങ്ങളുടെ കൂടി കഥയാണ് സൗദി വെള്ളക്ക.
തന്റെ ആദ്യചിത്രത്തിലെ പോലെ തന്നെ സൗദി വെള്ളക്കയുടെ രചനയും നിര്‍വഹിച്ചിരിക്കുന്നത് തരുണ്‍ മൂര്‍ത്തിയാണ്. കോടതിയും കേസും മൂലമുണ്ടാകുന്ന പൊല്ലാപ്പുകള്‍ അധികം വലിച്ചു നീട്ടലുകളില്ലാതെ അവതരിപ്പിച്ചിട്ടുണ്ട്. സംവിധായകന്‍ തന്നെ രചന നിര്‍വഹിക്കുമ്പോഴുണ്ടാകുന്ന മനോഹാരിതയും കഥയിലെ വ്യക്തതയും സൗദി വെള്ളക്കയിലും പ്രകടമാണ്. 2005 ല്‍ തുടങ്ങുന്ന കഥ 2019 ലെത്തുമ്പോഴുണ്ടാകുന്ന മാറ്റങ്ങള്‍ ചുരുക്കം ചില രംഗങ്ങളിലൂടെ തന്നെ വ്യക്തമാക്കി തരുന്നുണ്ട്.
ദേഷ്യത്തിനും വാശിക്കുമിടയില്‍ മനുഷ്യത്വം രൂപപ്പെടുമ്പോഴുണ്ടാകുന്നതെന്തോ അതുതന്നെ സൗദി വെള്ളക്കയുടെ ഒടുവിലും സംഭവിക്കുന്നു. മനുഷ്യത്വത്തിനും മീതെയല്ല മനുഷ്യരുടെ ദേഷ്യവും വാശിയെന്നും കൂടെ സൗദി വെള്ളക്ക പറഞ്ഞു വെയ്ക്കുന്നുണ്ട്. പത്തു പതിമൂന്ന് വര്‍ഷത്തിനിടെയുള്ള കഥ യാതൊരു വിരസതയും പ്രേക്ഷകനില്‍ ഉളവാക്കാത്ത വിധം അവതരിപ്പിച്ചിട്ടുണ്ട്. സൗദിയിലെ ഒരു വെള്ളക്കയില്‍ തുടങ്ങി മനുഷ്യത്വത്തിനു നടുവിലൂന്നി മനുഷ്യരിലെ ദേഷ്യവും വാശിയും എരിഞ്ഞു തീരുന്നിടത്താണ് സൗദി വെള്ളക്കയും അവസാനിക്കുന്നത്.
Content Highlights: Saudi Vellakka malayalam movie review
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..