Saani Kaayidham Movie
ഇരയും വേട്ടക്കാരനും. സിനിമയിൽ കാലാകാലങ്ങളായി പലരും പല രീതിയിൽ അവതരിപ്പിച്ചിട്ടുള്ള ആശയമാണ്. ഒരുപക്ഷേ കാണുന്നവരിൽ ഇത്രയധികം ആവേശമുണ്ടാക്കുന്ന വേറൊരു വിഷയമില്ല എന്നതുകൊണ്ടാവാം സിനിമയിലെ തുടക്കക്കാർ മുതൽ സീനിയർമാർ വരെ ഈ വിഷയം ഇപ്പോഴും വെള്ളിത്തിരയിലെത്തിക്കുന്നു. സംവിധായകൻ അരുൺ മാതേശ്വരൻ തന്റെ തുടർച്ചയായ രണ്ടാം സിനിമയിലും വേട്ട തന്നെയാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഒരിക്കൽ ഇരയാക്കപ്പെട്ടവർ വേട്ടക്കാരായി മാറിയാൽ എന്തായിരിക്കും അതിന്റെ അനന്തരഫലമെന്ന ചോദ്യത്തിനുള്ള ഉത്തരം തരികയാണ് സാണി കായിധം.
പൊന്നി എന്ന പോലീസ് കോൺസ്റ്റബിളിന്റെ ജീവിതത്തിൽ അവിചാരിതമായി നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ ആധാരശില എന്ന് പറയാം. അതിൽ തളരാതെ ഉയിർത്തെഴുന്നേൽക്കുന്ന പൊന്നിയുടെ പ്രതികാരമാണ് സാണി കായിധം. സാണി കായിധം എന്നാൽ പേപ്പർ പൾപ്പ് എന്നാണർത്ഥം. ഈ ദ്രാവകത്തിന് രക്തം എന്ന വ്യാഖ്യാനം നൽകാനാണ് രചയിതാവുകൂടിയായ സംവിധായകൻ ശ്രമിച്ചിട്ടുള്ളത്. കാരണം പതിയെ തുടങ്ങുന്ന ചിത്രം ട്രാക്കിലാവുന്നതോടെ രക്തമില്ലാത്ത ഒരു രംഗം പോലും ചിത്രത്തിൽ കാണാനാവില്ല.
തന്റെ ആദ്യചിത്രമായ റോക്കിയുടെ ചില അടയാളപ്പെടുത്തലുകൾ ഈ ചിത്രത്തിലും സംവിധായകൻ ബാക്കിവെച്ചിട്ടുണ്ട്. നായികയായ പൊന്നിയുടെ മാനസിക സഞ്ചാരങ്ങൾ ബ്ലാക്ക് ആൻഡ് വൈറ്റിലാണ് അരുൺ മാതേശ്വരൻ ചിത്രീകരിച്ചിരിക്കുന്നത്. കൂടാതെ സ്വപ്നസമാനമായ രംഗങ്ങൾ പിന്നിലേക്ക് സഞ്ചരിക്കുന്നതുപോലെയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. എഡിറ്റിങ്ങിലും റോക്കിയിലുള്ളതുപോലെ ചില ട്രിക്കുകൾ പ്രയോഗിച്ചിരിക്കുന്നു. എല്ലാത്തിലുമുപരി ചോരക്കളി എന്ന ഘടകവും.
പൊന്നിക്ക് അനുഭവിക്കേണ്ടിവരുന്ന പീഡനങ്ങൾ എത്രത്തോളം വലുതാണോ അതിന്റെ ഇരട്ടിയിലേറെ തീവ്രതയോടെയാണ് അവൾ വേട്ടക്കാരിയായി മാറുമ്പോൾ തിരിച്ചുകൊടുക്കുന്നത്. വിദേശ സിനിമകളിലെല്ലാം നമ്മൾ കണ്ടുപരിചയിച്ച സ്ലാഷർ എന്ന ജോണർ തമിഴിലേക്ക് അല്ലെങ്കിൽ തെന്നിന്ത്യൻ സിനിമയിലേക്ക് എത്തിച്ചിരിക്കുകയാണ് അരുൺ മാതേശ്വരൻ. പതിയെ തുടങ്ങി പ്രേക്ഷകനെ ഒപ്പംകൂട്ടുന്ന ചിത്രമാണ് സാണി കായിധം. നായികയുടെ പ്രതികാരത്തിന്റെ തീവ്രത അതേ അളവിൽ, ക്ഷമയോടെ, സിരകളിലേക്ക് ആളിപ്പടർത്തുകയാണ് സംവിധായകൻ. വേട്ടയാടുമ്പോൾ പൊന്നിക്ക് ലഭിക്കുന്ന അതേ ലഹരി കാണുന്നവരിലും ഉളവാകുന്ന അവസ്ഥ.
കീർത്തി സുരേഷ്, സെൽവരാഘവൻ ടീമിന്റെ അഴിഞ്ഞാട്ടമാണ് ചിത്രത്തിൽ. മഹാനടിക്ക് ശേഷം കരിയറിൽ കാര്യമായ ചലനങ്ങളൊന്നുമില്ലാതിരുന്ന കീർത്തിയുടെ വമ്പൻ തിരിച്ചുവരവാണ് സാണി കായിധത്തിലേത്. പൊന്നി എന്ന വനിതാ കോൺസ്റ്റബിളായി മിന്നുന്ന പ്രകടനമാണ് കീർത്തി കാഴ്ചവെച്ചത്. തമിഴ് സിനിമാലോകത്ത് ചലനങ്ങൾ സൃഷ്ടിച്ച ചിത്രങ്ങളുടെയെല്ലാം സംവിധായകർ നല്ല നടന്മാരാണെന്ന് കൂടി തെളിയിച്ചിട്ടുണ്ട്. അതിൽ തന്റെ ആദ്യചിത്രത്തിൽ ഭാരതിരാജയെ മുഖ്യവേഷങ്ങളിലൊന്നായി അവതരിപ്പിച്ച അരുൺ ഇത്തവണ തിരഞ്ഞെടുത്തത് സെൽവരാഘവനെയാണ്. സങ്കയ്യ എന്ന വേഷം അദ്ദേഹത്തിൽ ഭദ്രമായിരുന്നു. സിനിമയുടെ ക്ലൈമാക്സിനെ ചോരക്കളിയുടെ അങ്ങേയറ്റത്തെത്തിക്കുന്നത് സങ്കയ്യയാണ്.
പൊന്നിയുടെ പ്രതികാരത്തിന്റെ തീവ്രത കാട്ടാൻ പലവിധ മാർഗങ്ങളാണ് അണിയറപ്രവർത്തകർ സ്വീകരിച്ചിരിക്കുന്നത്. ചിലരംഗങ്ങളിൽ സംഭാഷണങ്ങളില്ലെങ്കിൽ മറ്റുചിലയിടത്ത് സംഭാഷണങ്ങൾക്ക് പകരം പശ്ചാത്തലസംഗീതം മാത്രമാണ്. നായികയുടെ അംഗവിക്ഷേപങ്ങളാണ് മറ്റിടങ്ങളിൽ. ചിലയിടങ്ങളിലാകട്ടെ സംഗീതത്തിന്റെ അകമ്പടിയില്ലാതെ സംഭാഷണങ്ങൾ മാത്രവും. പശ്ചാത്തലസംഗീതം ഉപയോഗിച്ചിരിക്കുന്നത് ആ രംഗത്തിന് പ്രാധാന്യം നൽകുക എന്നതിലുപരി പൊന്നിയുടെ മാനസിക സഞ്ചാരങ്ങൾക്കനുസൃതമായാണ് എന്നതും എടുത്തുപറയേണ്ടിയിരിക്കുന്നു. അതിന് സംഗീതസംവിധായകൻ സാം. സി.എസിന് നല്ല കയ്യടി നൽകാം.
ചുരുക്കത്തിൽ ധാരാളം പരീക്ഷണങ്ങൾ നടക്കുന്ന തമിഴ് സിനിമയിൽ നിന്നെത്തിയ വ്യത്യസ്തവും മികച്ചതുമായ ശ്രമമാണ് സാണി കായിധം. കീർത്തി സുരേഷിന്റേയും സെൽവരാഘവന്റേയും രക്തരൂക്ഷിതമായ പ്രതികാര രീതികളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. പ്രതീക്ഷിക്കുന്നതിലപ്പുറമുള്ള വയലൻസ് രംഗങ്ങളുണ്ട് എന്ന ടൈറ്റിൽ കാർഡിലെ മുന്നറിയിപ്പ് മനസിൽവെച്ചുകൊണ്ട് മനസുറപ്പോടെ കാണേണ്ട ചിത്രമാണ് സാണി കായിധം. കീർത്തിയുടേയും സെൽവരാഘവന്റേയും അഭിനയജീവിതത്തിലെ നിർണായക ഏട് തന്നെയായിരിക്കും ഈ അരുൺ മാതേശ്വരൻ ചിത്രം.
Content Highlights: Saani Kaayidham Movie Review, Arun Matheswaran, Keerthi Suresh, Kanna Ravi, selvaraghavan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..