രോമാഞ്ചം
പേടിക്കുമെന്ന് പറഞ്ഞാലും പ്രേത കഥകളോട് ഒരു അഭിനിവേശമുള്ളവരാണ് ഓരോരുത്തരും. അതുകൊണ്ടാണ് പേടിപ്പിക്കുന്ന സിനിമാ രംഗങ്ങള്‍ കണ്ടു കണ്ണു പൊത്തിയാലും ഒളിക്കണ്ണില്‍ പിന്നെയും കാണുന്നത്. ഒരു മിഥ്യയെ സത്യമാക്കുന്ന തരത്തില്‍ വിശ്വസിപ്പിക്കുന്നത് തന്നെയാണ് ഇത്തരം കഥകളുടെ വിജയം. പേടിപ്പിച്ചു വിറപ്പിക്കാന്‍ മാത്രമല്ല മറിച്ച് ചിരിപ്പിക്കാനും ഇങ്ങനെയുള്ള സിനിമകള്‍ക്കാവുമെന്ന് ഒട്ടേറെ സിനിമകള്‍ തെളിയിച്ചു കഴിഞ്ഞു. മലയാള സിനിമയും ആ പരീക്ഷണത്തില്‍ പങ്കെടുത്ത് വിജയിച്ചതുമാണ്. ആ കൂട്ടത്തിലേക്ക് എടുത്തുവെക്കാവുന്നതാണ് രോമാഞ്ചം എന്ന ഹൊറര്‍ കോമഡി.
ബാംഗ്ലൂരിലാണ് കഥ നടക്കുന്നത്. മലയാളികളായ ഏഴ് സുഹൃത്തുക്കള്‍ ഒന്നിച്ചു താമസിക്കുന്നൊരു വീട്. ഈ വീടും ഈ സുഹൃത്തുക്കളും തന്നെയാണ് സിനിമയുടെ അച്ചുതണ്ട്. തട്ടീം മൂട്ടിം രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ പാടാണെങ്കിലും അതിന്റെ യാതൊരു അഹങ്കാരവുമില്ലാതെ അടിച്ചു പൊളിച്ചു പോകുന്നതിനിടയിലാണ് സൗബിന്റെ ജിബി എന്ന കഥാപാത്രത്തിന് ഒരു തമാശ തോന്നുന്നത്. ആദ്യം കളിയായി തുടങ്ങിയത് കാര്യമായി മാറുമ്പോള്‍ ഇവരുടെ ഇടയില്‍ ക്ഷണിച്ച് വരുത്താതെ വരുന്ന ഒട്ടും ബന്ധമില്ലാത്ത അതിഥികളെത്തുന്നു. ഇത് തന്നെയാണ് പ്രമേയം. ഈ അതിഥികള്‍ രണ്ട് വിധമാണ്. അതിനോടൊപ്പം തന്നെ വന്‍ തലവേദനകളും. ഇതിനെ ഇവര്‍ തരണം ചെയ്യുമോ എന്ന ചോദ്യം നിലനിര്‍ത്തി അത്യധികം നര്‍മ്മത്തോടെ അവതരിപ്പിക്കാന്‍ ഇവിടെ സാധിച്ചിട്ടുണ്ട്.
സിനിമ അവസാനിക്കുമ്പോഴുണ്ടാകുന്ന പ്രേക്ഷകരുടെ കണ്‍ഫ്യൂഷനുള്ള മറുപടി രോമാഞ്ചം രണ്ടാം ഭാഗത്തില്‍ മാറി കിട്ടുമെന്നത് ടൈറ്റില്‍ കാര്‍ഡ് സൂചിപ്പിക്കുന്നു. സിനിമയുടെ പ്രൊമോഷനുകളില്‍ പോലും പരാമര്‍ശിക്കാത്ത ആദ്യം മുതല്‍ അവസാനം വരെ നില്‍ക്കുന്ന നായിക സാന്നിധ്യം കഥയെ വേറെ തലങ്ങളില്‍ എത്തിച്ചു. ലാഗില്ലാതെ അവതരിപ്പിച്ചിട്ടുള്ളത് കൊണ്ട് ബോര്‍ അടുപ്പിക്കില്ലെന്നത് തീര്‍ച്ച. ട്രെയിലര്‍ കണ്ട് ഉണ്ടാക്കി വെച്ച ചില മുന്‍ ധാരണകളും തിരുത്തപ്പെടുകയും ചെയ്യും.
ജിബി എന്ന കഥാപാത്രത്തെയാണ് സൗബിന്‍ അവതരിപ്പിക്കുന്നത്. സിനു സോളമനായി ചെറിയ സ്‌ക്രീന്‍ പ്രസ്സന്‍സിലും അര്‍ജ്ജുന്‍ അശോകന്‍ തിളങ്ങിയപ്പോള്‍ മറ്റു കൂട്ടുകാരായി അവതരിപ്പിച്ച കഥാപാത്രങ്ങള്‍ സിറ്റുവേഷന്‍ കോമഡിക്ക് വേണ്ട മികച്ച അവസരങ്ങള്‍ വിനിയോഗിച്ചും. ഒന്നു അങ്ങോട്ടോ ഇങ്ങോട്ടോ ആയാല്‍ പാളി പോകാവുന്ന കോമഡി രംഗങ്ങള്‍ വളരെ നന്നായി ഇവര്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ചെമ്പന്‍ വിനോദ്, ആസ്സിം ജമാല്‍ പോലുള്ള താരങ്ങളും മികച്ച വേഷങ്ങള്‍ ചെയ്തു. രോമാഞ്ചമെന്ന സിനിമയ്ക്ക് ഓക്‌സിജന്‍ നല്‍കിയത് സുഷിന്‍ ശ്യാം ആണെന്നതിന്‍ തെല്ലും സംശയമില്ലാതെ പറയാം. സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ 'നിങ്ങള്‍ക്കാദരാഞ്ജലി നേരട്ടെ' എന്ന ഗാനം ഹിറ്റ് ലിസ്റ്റിലും ഇന്‍സ്റ്റാ റീല്‍സിലും തിളങ്ങി നിന്നിരുന്നു. ഓരോ ഇടത്തും സാഹചര്യങ്ങള്‍ക്കനുയോജ്യമായ മികച്ച ബാക്ക്ഗ്രൗണ്ട് സ്‌കോറുകളും ഈ സിനിമയെ കൂടുതല്‍ എന്‍ഗേജിങ്ങാക്കുന്നു. സനു താഹിര്‍ ഛായഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്റെ എഡിറ്റിങ്ങ് നിര്‍വഹിച്ചത് കിരണ്‍ദാസാണ്.
ജോണ്‍പോള്‍ ജോര്‍ജ് പ്രൊഡക്ഷന്‍സിന്റേയും, ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്റിന്റെയും ബാനറില്‍ ജോണ്‍പോള്‍ ജോര്‍ജ്, ജോബി ജോര്‍ജ്, ഗിരീഷ് ഗംഗാധാരന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് ചിത്രത്തിന് നവാഗതനായ ജിത്തു മാധവനാണ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. പ്രതീക്ഷയോടെ പോകുന്നവരെ രോമാഞ്ചം നിരാശപ്പെടുത്തില്ല, തീര്‍ച്ച.
Content Highlights: Romancham movie review
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..