നമ്പി നാരായണനും മാധവനും, റോക്കട്രി സിനിമയുടെ പോസ്റ്റർ | ഫോട്ടോ: എ.എൻ.ഐ, www.instagram.com/actormaddy/
ഏറ്റവും സത്യസന്ധമായ ചലച്ചിത്രാവിഷ്കാരം. ഐ.എസ്.ആർ.ഓ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി നടൻ ആർ. മാധവൻ സംവിധാനം ചെയ്ത റോക്കട്രി: ദ നമ്പി എഫക്റ്റ്. നമ്പി നാരായണൻ എന്ന ശാസ്ത്രജ്ഞന്റെ ജീവിതം എങ്ങനെയായിരുന്നു എന്ന് ഇന്ത്യൻ ജനതയുടെ മുന്നിൽ തുറന്നുകാണിക്കുകയാണ് മാധവൻ തന്റെ സംവിധാനസംരംഭത്തിലൂടെ.
ഐ.എസ്.ആർ.ഓ ചാരക്കേസുമായി ബന്ധപ്പെടുത്തിയാണ് നമ്പി നാരായണനെ എല്ലാവർക്കും പരിചയം. പക്ഷേ യഥാർത്ഥ നമ്പി നാരായണൻ ആരായിരുന്നു എന്ന് പറയാനാണ് മാധവൻ ശ്രമിച്ചിരിക്കുന്നത്. വിവാദങ്ങൾക്കപ്പുറം ഇന്ത്യ കണ്ട ഏറ്റവും മികച്ച ശാസ്ത്രജ്ഞരിലൊരാളായിരുന്നു നമ്പി നാരായണൻ എന്നാണ് ചിത്രം പറയുന്നത്. കൂടാതെ ഐ.എസ്. ആർ.ഓയെ ഇന്ന് കാണുന്ന നിലയിലേക്ക് ഉയർത്തിയതിൽ നമ്പി നാരായണന്റെ പങ്ക് എന്തായിരുന്നെന്നും സിനിമ ചർച്ച ചെയ്യുന്നു.
നമ്പി നാരായണന്റെ ബുദ്ധിയിൽ വിരിഞ്ഞ അതേ ക്രയോജനിക് സാങ്കേതികവിദ്യ തന്നെയാണ് ഇപ്പോഴും ഇന്ത്യൻ ബഹിരാകാശ ദൗത്യങ്ങളിൽ ഉപയോഗിക്കുന്നത്. ആ സാങ്കേതികവിദ്യ ഒരിക്കൽപ്പോലും പരാജയപ്പെട്ടിട്ടില്ല. പക്ഷേ ഇതിനെല്ലാം പിന്നിൽ പ്രവർത്തിച്ചയാൾക്ക് കാലം കാത്തുവെച്ചത് രാജ്യദ്രോഹി എന്ന പട്ടമായിരുന്നു. പക്ഷേ എല്ലാത്തിനുമൊടുവിൽ ഒരു ഫീനിക്സ് പക്ഷിയേപ്പോലെ നമ്പി നാരായണൻ ഉയിർത്തെഴുന്നേറ്റു, തലയുയർത്തിത്തന്നെ.
ഡോക്യു ഫിക്ഷൻ എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിലാണ് അണിയിച്ചൊരുക്കിയതെങ്കിലും നമ്പിയുടെ ജീവിതത്തിലെ ചില മുഹൂർത്തങ്ങൾ എത്രമാത്രം പിരിമുറുക്കം നിറഞ്ഞതായിരുന്നെന്ന് ചിത്രം കാട്ടിത്തരുന്നുണ്ട്. അവിടെയും വിവാദസംഭവങ്ങളിലേക്ക് പോകാതെ അദ്ദേഹം ഐ.എസ്.ആർ.ഓയ്ക്ക് നൽകിയ സംഭാവനകളിലേക്കാണ് സംവിധായകൻ കൂട്ടിക്കൊണ്ടുപോവുന്നത്. അമേരിക്കയുടെ കണ്ണുവെട്ടിച്ച് റഷ്യയിൽനിന്നും ക്രയോജനിക് എഞ്ചിനുകൾ ഇന്ത്യയിലെത്തിച്ചത് എങ്ങനെയെന്ന രംഗം മാത്രം മതി ഇതിനുള്ള ഉദാഹരണം.
ചാരക്കേസിന്റെ ഒരുപാട് ഉള്ളറകളിലേക്ക് പോകാതെ ആ കേസ് വന്നപ്പോൾ അദ്ദേഹവും കുടുംബവും സമൂഹത്തിൽ നിന്ന് എത്രമാത്രം ഒറ്റപ്പെട്ടു എന്നുകാണിക്കാനാണ് മാധവൻ ശ്രമിച്ചത്. സഹപ്രവർത്തകർക്കും മറ്റു രാജ്യക്കാർക്കുമിടയിൽ നമ്പി നാരായണന് ലഭിച്ച ബഹുമാനവും സ്വീകാര്യതയും എത്രമാത്രമാണെന്നും ആവിഷ്കരിച്ചിട്ടുമുണ്ട്.
മാധവനാണ് ചിത്രത്തിൽ അടിമുടി നിറഞ്ഞുനിൽക്കുന്നത്. നമ്പി നാരായണനായി രൂപത്തിലും ഭാവത്തിലും ശബ്ദത്തിലും സാമ്യത പുലർത്താൻകൂടി മാധവനായി. അതിഥി താരമായ സൂര്യ നമ്പി നാരായണനെ കേൾക്കുന്ന ഇന്ത്യക്കാരന്റെ പ്രതിനിധിയായിരുന്നു. ഓർമകളുടെ ഭ്രമണപഥം എന്ന നമ്പി നാരായണന്റെ ആത്മകഥയുടെ ദൃശ്യാവിഷ്കാരമായി മാത്രം റോക്കട്രിയെ കാണാനാവില്ല. തനിക്ക് നേരിട്ട ദുരനുഭവത്തിന്റെ തീവ്രത എത്രമാത്രമാണന്ന് ലോകത്തോട് വിളിച്ചുപറയുന്ന നമ്പിയുടെ ശബ്ദമായിത്തന്നെ റോക്കട്രിയെ കണ്ടാലും തെറ്റുപറയാനാവില്ല.
ഒരുപക്ഷേ ഇങ്ങനെയൊരു കേസ് ഉയർന്നുവന്നില്ലായിരുന്നെങ്കിൽ വിക്രം സാരാഭായി, എ.പി.ജെ അബ്ദുൾ കലാം എന്നിവരെപ്പോലെ നാം കൊണ്ടാടിയ പേരാവുമായിരുന്നു നമ്പി നാരായണന്റേത്. ഐ.എസ്.ആർ.ഓയുടെ ചെയർമാൻ സ്ഥാനത്തുവരെ നമ്മൾ അദ്ദേഹത്തെ കാണുമായിരുന്നു എന്ന നഷ്ടപ്രതീക്ഷയും പങ്കുവെയ്ക്കുന്നുണ്ട് റോക്കട്രി: ദ നമ്പി എഫക്റ്റ്.
Content Highlights: Rocketry: The Nambi Effect, R Madhavan, Nambi Narayanan, ISRO, VIKAS engine
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..