രാം മുഹമ്മദ് സിംഗ് ആസാദ് അഥവാ ഉധം സിംഗ് | Review


പി. മുരളീധരൻ

3 min read
Read later
Print
Share

ഈ സിനിമയുടെ വിജയത്തിൽ നിർണായകമായ പ്രകടനങ്ങളിലൊന്ന് വിക്കി കോശലിന്റേതാണ്. ഉധം സിംഗിന്റെ ജീവിതത്തിലെ മൂന്നു കാലഘട്ടങ്ങൾ 19 വയസ്സുമുതൽ 40 വയസ്സിൽ തൂക്കിക്കൊല്ലപ്പെടും വരെയുള്ളവ അതിമനോഹരമായി, അതിസ്വാഭാവികമായി അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നു.

-

മ്മുടെ സ്വാതന്ത്ര്യസമര ചരിത്രം അഹിംസയും സത്യഗ്രഹവും മാത്രമായിരുന്നില്ല എന്ന ബോധ്യം കൂടി വരുന്ന കാലമാണിത്. ഭഗത് സിംഗ്, സുഭാസ് ചന്ദ്രബോസ്, ചന്ദ്രശേഖർ ആസാദ്, ഖുദിറാം ബോസ്, അഷ്ഫാഖുള്ള ഖാൻ, അല്ലൂരി സീതാരാമ രാജു... അങ്ങനെ എത്രയോ പേരുടെ രക്തസാക്ഷിത്വം നമ്മുടെ സ്വാതന്ത്ര്യപോരാട്ടത്തിന് ചൈതന്യം പകർന്നു! ഇക്കൂട്ടത്തിൽപെടുന്ന മഹാനായ ഒരു വിപ്ലവകാരിയുടെ, ഉധം സിംഗിന്റെ, അധികമാരും പറയാത്ത, അറിയാത്ത കഥ പറയുന്നു സർദാർ ഉധം എന്ന ഷൂജിത് സർക്കാർ ചിത്രം.

1919-ൽ ജാലിയൻവാലാബാഗ് കൂട്ടക്കൊല നടക്കുമ്പോൾ ഉധം സിംഗിന് 19 വയസ്സേയുള്ളൂ. ആരുടെയും ഹൃദയം തകർക്കുന്ന ഒരായിരം കാഴ്ചകൾ നേരിട്ടുകാണുന്ന ഉധം ബ്രിട്ടീഷുകാരോട് പ്രതികാരം ചെയ്യാൻ തീരുമാനിക്കുന്നു. ആ പ്രതികാരത്തിന്റെ അവിശ്വസനീയമായ കഥയാണ് ഷൂജിത് സർക്കാരിന്റെ മാസ്റ്റർപീസ് എന്നു വിശേഷിപ്പിക്കാവുന്ന ഈ ചിത്രം.

ഈ സിനിമയുടെ വിജയത്തിൽ നിർണായകമായ പ്രകടനങ്ങളിലൊന്ന് വിക്കി കോശലിന്റേതാണ്. ഉധം സിംഗിന്റെ ജീവിതത്തിലെ മൂന്നു കാലഘട്ടങ്ങൾ 19 വയസ്സുമുതൽ 40 വയസ്സിൽ തൂക്കിക്കൊല്ലപ്പെടും വരെയുള്ളവ അതിമനോഹരമായി, അതിസ്വാഭാവികമായി അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നു. കോശൽ ഇതുവരെ ചെയ്തതിൽ ഏറ്റവും മികച്ചത്; ഒരുപക്ഷേ ഇനിയൊരിക്കലും ഇത്രയും നല്ലൊരു വേഷം അദ്ദേഹത്തിന് കിട്ടാനുമിടയില്ല! വംശവെറിയനും നിർദ്ദയനുമായ ഒഡ്വയറായി അഭിനയിച്ചുതകർത്ത ഷോൺ സ്‌കോട്ട് അടക്കമുള്ള വിദേശി നടീനടൻമാർ എല്ലാവരും തന്നെ അവരുടെ വേഷങ്ങൾ ഗംഭീരമാക്കിയിരിക്കുന്നു.

ആദ്യപകുതിയെക്കാൾ നമ്മെ ഞെട്ടിക്കുക രണ്ടാം പകുതിയാണ്. ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ ചിത്രീകരണം. ഏതാണ്ട് 45 മിനിട്ടു വരുന്ന ഈ ദൃശ്യങ്ങൾ കഠിനമായ ഹൃദയവേദനയോടെയല്ലാതെ കണ്ടുതീർക്കാനാവില്ല. തീതുപ്പുന്ന തോക്കുകളിൽനിന്നു രക്ഷപ്പെടാൻ വെടിയേറ്റുമരിച്ചും മരിക്കാറായും കിടക്കുന്ന ശരീരങ്ങൾക്കു മുകളിലൂടെ ചവിട്ടിക്കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നവർ, ഭർത്താവിനെ തിരയുന്ന ഗർഭിണി, മരിച്ചു കഴിഞ്ഞ കൊച്ചുമക്കളെ തിരയുന്ന മുത്തച്ഛൻ, ജഡങ്ങൾക്കടിയിൽ കുടുങ്ങിപ്പോയ നിസ്സഹായർ... രാത്രിയിൽ രക്ഷാപ്രവർത്തനത്തിനു വരുന്ന ഉധമിനെ കാത്തിരിക്കുന്നത് പ്രാണൻ നുറുങ്ങുന്ന കാഴ്ചകളാണ്. എണീറ്റു നിൽക്കാൻ പോലും വയ്യാതാവുംവരെ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്ന ഉധമിന്റെ രംഗങ്ങൾ മനസ്സിൽനിന്നു മായ്ക്കുക എളുപ്പമാവില്ല.

സിനിമയ്ക്കൊടുവിൽ ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് ഇനിയും ബ്രിട്ടീഷുകാർ മാപ്പു പറഞ്ഞിട്ടില്ലെന്ന കാര്യം ഓർമിപ്പിക്കുമ്പോൾ തല കുലുക്കാതിരിക്കാൻ ഇംഗ്ലീഷുകാരും ബുദ്ധിമുട്ടും!

ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റെവല്യൂഷനറി പാർട്ടിയിൽ അംഗമായ ഉധമിന് പ്രായത്തിൽ ഇളയവനായ ഭഗത് ആയിരുന്നു ആരാധനാപാത്രം. 1931-ൽ ഭഗത് മരിച്ചതിനു ശേഷം പാർട്ടിക്കായി ആയുധങ്ങളും മറ്റും സമാഹരിക്കാൻ ലോകം ചുറ്റുന്ന ഉധമിനെയാണ് നാം ചിത്രത്തിന്റെ തുടക്കത്തിൽ കാണുന്നത്. നിരവധി കള്ള പാസ്പോർട്ടുകളും പേരുകളുമായി നിഗൂഢതയുടെ ആവരണത്തിനുള്ളിലെ നിഴൽരൂപം. ബ്രിട്ടീഷധികൃതർ ഉധമിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നതിനാൽ പരസ്യജീവിതം ഏറെക്കുറെ അസാധ്യമായിരുന്നല്ലോ.

ഒടുവിൽ അദ്ദേഹം ഇംഗ്ലണ്ടിലെത്തുന്നു. അവിടെ ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് കാരണക്കാരനായ മുൻ പഞ്ചാബ് ലെഫ്റ്റനന്റ് ഗവർണർ സർ മൈക്കേൽ ഒഡ്വയറെ കണ്ടെത്തുന്നു. റൗലറ്റ് ആക്ടിനെതിരായ പ്രക്ഷോഭങ്ങൾ ഇന്ത്യയെ ഇളക്കിമറിക്കുന്ന കാലം. ഒരിക്കലും മറക്കാത്ത ഭീതിയുടെ പാഠം പഠിപ്പിക്കാൻ അയാൾ ജനറൽ റെജിനാൾഡ് ഡയറിന് ഉത്തരവ് നൽകുന്നു. ഉധമിന് ഒഡ്വയറെ വധിക്കാൻ നൂറവസരങ്ങൾ കിട്ടുന്നുണ്ടെങ്കിലും ഉധം അവ ഉപയോഗിക്കുന്നില്ല. പ്രതികാരം തീർത്ത് ഒളിച്ചോടുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ ലക്ഷ്യം. പൊതുസ്ഥലത്തുവെച്ച് ഒഡ്വയറെ വധിക്കുകയും തുടർന്ന് അതിന്റെ കാര്യകാരണങ്ങൾ ലോകത്തോടു വിളിച്ചു പറയുകയുമായിരുന്നു ഉധമിന്റെ ലക്ഷ്യം.

ഒടുവിൽ കാത്തിരുന്ന ദിവസമെത്തുന്നു. മാർച്ച് 13, 1940. രണ്ടാം ലോകമഹായുദ്ധത്തിന്റെ വക്കിലാണ് യൂറോപ്പ്. ലണ്ടനിലെ കാക്സ്റ്റൻ ഹാളിലെത്തുന്നു ഒഡ്വയർ. സംസ്‌കാരശൂന്യരായ ഇന്ത്യക്കാർ തമ്മിലടിച്ചു നശിക്കാതിരിക്കാൻ ബ്രിട്ടീഷ് ഭരണം ആവശ്യമാണെന്ന് അദ്ദേഹം പ്രസംഗിക്കുന്നു. ഉധം നിറയൊഴിക്കുന്നു, ഒഡ്വയറിന്റെ മരണം ഉറപ്പാക്കുന്നു. വിചാരണസമയത്ത് ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ തനിക്കു പറയാനുള്ളത് അദ്ദേഹം ഉറക്കെ വിളിച്ചുപറയുന്നു. കോടതി ഉധമിന്റെ വാക്കുകൾ പ്രസിദ്ധീകരിക്കുന്നത് വിലക്കി; അതു നീങ്ങിയത് 1994-ൽ മാത്രമാണ്! ആ വാക്കുകൾ അവസാനിക്കുന്നത് ഇങ്ങനെയാണ്: ഡൗൺ വിത് ബ്രിട്ടീഷ് ഇംപീരിയലിസം! ഡൗൺ വിത് ബ്രിട്ടീഷ് ഡേർട്ടി ഡോഗ്സ്! അദ്ദേഹത്തെ 1940 ജൂലായ് മാസം തൂക്കിലേറ്റി.

തൂക്കിലേറ്റും മുമ്പുള്ള ചോദ്യം ചെയ്യലിനെയും പീഡനങ്ങളെയും ഉധം സിംഗ് നേരിടുന്നത് കാണേണ്ട കാഴ്ചകളാണ്. അദ്ദേഹത്തെ ചോദ്യം ചെയ്യുന്ന സ്‌കോട്ട്ലണ്ട് യാഡ് ഉദ്യോഗസ്ഥൻ സ്വെയിൻ പേരെന്താണെന്ന് ചോദിക്കുമ്പോൾ അദ്ദേഹം കൈയിൽ പച്ചകുത്തിയ പേരു കാട്ടുന്നു: രാം മുഹമ്മദ് സിംഗ് ആസാദ്! വിഭജിച്ചു ഭരിക്കാനുള്ള ഇംഗ്ലീഷ് കൗടില്യത്തെ ഇതിലും നന്നായി എങ്ങനെയാണ് പ്രതിരോധിക്കാനാവുക? സ്വെയിൻ ഭഗത് സിംഗിനെപ്പറ്റി ചോദിക്കുമ്പോൾ ഉധം തിരിച്ചുചോദിക്കുന്നു: 23 വയസ്സിൽ താങ്കളെന്തു ചെയ്യുകയായിരുന്നു? ഇത്തരത്തിലെ മനോഹര സന്ദർഭങ്ങൾ നിരവധിയുണ്ട് ചിത്രത്തിൽ. ആമസോൺ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്തിട്ടുള്ളത്.

Content Highlights: Ram Mohammed Azad alias Sardar Udham Singh | Movie Review

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Toby Movie
REVIEW

2 min

സിരകളിൽ പരീക്ഷണാത്മകതയുടെ ലഹരി നിറയ്ക്കുന്ന ചലച്ചിത്രാനുഭവം, വ്യത്യസ്തം 'ടോബി'

Sep 25, 2023


Theeppori Benny

2 min

വട്ടക്കുട്ടയില്‍ ചേട്ടായി മകന്‍ ബെന്നി, അഥവാ തീപ്പൊരി ബെന്നി|Theepori Benny Review

Sep 22, 2023


Nadhikalil Sundhari Yamuna

2 min

ഹൃദയം കവരും, മനം മയക്കും നദികളില്‍ സുന്ദരിയായ യമുന | Review

Sep 16, 2023


Most Commented