സൈക്കോ
ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും വയലന്‍സ് നിറഞ്ഞ സിനിമ എന്ന അവകാശവാദവുമായാണ് മിഷ്‌കിന്‍ സംവിധാനം ചെയ്ത സൈക്കോ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. സിനിമയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ ചിത്രം വലിയ ചര്‍ച്ചയായി. അതിക്രൂരമായ കൊലപാതകരംഗങ്ങള്‍, ഭയപ്പെടുത്തുന്ന കാഴ്ചകള്‍ ഇതെല്ലാം ചേര്‍ന്ന ഒരു ക്രൈം ത്രില്ലറാണ് സൈക്കോ.
ആദ്യമേ പറയട്ടെ, ഇതൊരു സസ്‌പെന്‍സ് ത്രില്ലറല്ല. കുറ്റവാളി ആരാണെന്ന് തുടക്കത്തില്‍ തന്നെ വ്യക്തം. ഈ ക്രൂരതയ്ക്ക് അയാളെ പ്രേരിപ്പിക്കുന്നതെന്ത്? ഈയൊരു ചോദ്യമാണ് കഥയെ മുന്നോട്ട് നയിക്കുന്നത്.
ബൗദ്ധ പുരാവൃത്തങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുളള അംഗുലിമാലന്റെ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആളുകളെക്കൊന്ന് അവരുടെ വിരലുകള്‍കൊണ്ട് മാലയുണ്ടാക്കി തന്റെ ഇഷ്ടദേവതയ്ക്കു ചാര്‍ത്തിക്കൊടുക്കാന്‍ നേര്‍ച്ചയെടുക്കുന്ന കഥാപാത്രമാണ് അംഗുലിമാലന്‍. ഒടുവില്‍ ശ്രീബുദ്ധനെ കണ്ടുമുട്ടുന്ന അംഗുലിമാലന് ബോധോദയം ഉണ്ടാകുന്നതാണ് കഥ.
സൈക്കോയുടെ പിടിയിലകപെട്ട ദാഗിണിയെ രക്ഷപ്പെടുത്താന്‍ അന്ധനായ ഗൗതം എന്ന ചെറുപ്പക്കാരന്‍ നടത്തുന്ന പോരാട്ടമാണ് ചിത്രത്തിന്റെ കഥാതന്തു. ഗൗതം പ്രണയാഭ്യര്‍ഥന നടത്തിയതിന് പിറ്റേന്നാണ് ദാഗിണിയുടെ തിരോധാനം. അതിഥി റാവു ഹൈദാരി, നിത്യ മേനേന്‍, ഉദയനിധി സ്റ്റാലിന്‍, റാം, രേണുക എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഇനി കഥയിലേക്ക് കടക്കാം. തമിഴ്‌നാട്ടില്‍ കോയമ്പത്തൂര്‍ ഭാഗത്ത് പെണ്‍കുട്ടികളെ ദുരൂഹ സാഹചര്യത്തില്‍ കാണാതാകുന്നു. തല വെട്ടിയെടുത്ത് ഉടല്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ അവരെ കണ്ടു കിട്ടുന്നു. ഒന്നര വര്‍ഷമായി പോലീസിന്റെയും നാട്ടുകാരുടെയും ഉറക്കം കെടുത്തുന്ന കൊലപാതക പരമ്പര. ഒരു തെളിവുപോലും അവശേഷിപ്പിക്കാതെയാണ് കുറ്റവാളിയുടെ ഓരോ നീക്കവും. അയാള്‍ പത്രമാധ്യമങ്ങളില്‍ സ്ഥിരം വാര്‍ത്തയാണ്. തട്ടിക്കൊണ്ടുപോകപ്പെട്ട യുവതികളില്‍ ഒരാള്‍ പോലും ബലാത്സംഗത്തിന് ഇരയാകുന്നില്ല. അതുകൊണ്ടു തന്നെ അയാളുടെ ഉദ്ദേശ്യം എന്തെന്ന് വ്യക്തവുമല്ല.
അതിനിടെ ദാഗിണി എന്ന് പേരുള്ള ഒരു റേഡിയോ ജോക്കിയെ കാണാതാവുന്നു. തട്ടിക്കൊണ്ടുപോയ ആളുടെ രീതി അനുസരിച്ച് ഇരകളെ ഉടന്‍ തന്നെ കൊലപ്പെടുത്തും. എന്നാല്‍ ദാഗിണിയുടെ കൊലപാതകം അയാള്‍ അനിശ്ചിത കാലത്തേക്ക് നീട്ടിവയ്ക്കുന്നു. അവളെ ബന്ധനസ്ഥയാക്കി അയാള്‍ മറ്റു ഇരകളിലേക്ക് നീങ്ങുന്നു. പ്രേക്ഷകരെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന കൊലപാതകി ഒരു സോഷ്യോപാത്ത് ആണ്. അത് ഒരു ജന്മനാ കുറ്റവാസനയുള്ള പ്രകൃതമല്ല. വികലമായ ചുറ്റുപാടില്‍ നിന്ന് രൂപം കൊണ്ടതാണ് അയാളിലെ കൊടും കുറ്റവാളി.
ഒരു ഘട്ടത്തില്‍ പോലും പ്രേക്ഷകരുടെ പ്രവചനത്തിന് പിടികൊടുക്കാതെയാണ് മിഷ്‌കിന്‍ സൈക്കോയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. എന്നിരുന്നാലും കൊലപാതകത്തിന്റെ കാരണങ്ങളിലേക്ക് ചിത്രം വെളിച്ചം വീശുമ്പോള്‍ അത് വേണ്ട വിധത്തില്‍ സാധൂകരിക്കാന്‍ തിരക്കഥാകൃത്തിനായിട്ടില്ല. പ്രേക്ഷകരുടെ യുക്തിയെ ചോദ്യം ചെയ്യുന്ന ഏതാനും ചില രംഗങ്ങള്‍ കല്ലു കടിയായി തോന്നി. കഥാപരമായ മികവിനേക്കാള്‍ അവതരണത്തിലാണ് മിഷ്‌കിന്‍ ഇത്തവണ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കൈകാര്യം ചെയ്യുന്ന പ്രമേയം വളരെ സെന്‍സിറ്റീവ് ആയതിനാല്‍ അതൊരു പോരായ്മയായി തോന്നി.
ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും ചിത്രത്തിനു നല്‍കിയ പിന്തുണ എടുത്തു പറയേണ്ടതാണ്. ഇളയരാജ ചിട്ടപ്പെടുത്തിയ പാട്ടുകളും പശ്ചാത്തല സംഗീതവും പ്രമേയത്തോട് ചേര്‍ന്ന് നില്‍ക്കുന്നു. പി.സി ശ്രീരാമിന്റെയും തന്‍വീറിന്റെയും ഫ്രെയിമുകള്‍ പ്രേക്ഷകരില്‍ ഭീതി പരത്താന്‍ വലിയ പങ്കുവഹിച്ചു.
Content Highlights: psycho Tamil movie review, mysskin, aditi rao hydari, udhayanidhi stalin, nithya menon, Ram
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..