-
ജ്യോതിക കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച തമിഴ് ചിത്രം പൊന്മകള് വന്താല്‍ ഒ.ടി.ടി.പ്ലാറ്റ് ഫോമിലൂടെ പ്രദര്‍ശനത്തിനെത്തി. ത്രില്ലര്‍,ഇമോഷണല്‍ ഗണത്തില്‍ ഉള്‍പ്പെടുത്താവുന്ന സിനിമ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ കഥ പറയുന്നു. ഹീറോയിസം, റൊമാന്‍സ്, കോമഡി- എന്നിങ്ങനെ ഒരു ശരാശരി തമിഴ് സിനിമക്കുവേണ്ട സ്ഥിരം ചേരുവകളെല്ലാം മാറ്റിനിര്‍ത്തിയാണ് പൊന്മകള് വന്താല്‍ മുന്നോട്ടുപാകുന്നത്.
കണ്ണിലുടക്കുകയും മനസ്സില്‍ തറച്ചുപോകുകയും ചെയ്ത ഒരുകൂട്ടം വാര്‍ത്തകളുടെ നിഴല്‍ പറ്റിയാണ് കഥ ഒരുക്കിയിരിക്കുന്നത്.ഗൗരവമുള്ള വിഷയത്തെ അര്‍ഹിക്കുന്ന പ്രാധാന്യത്തില്‍ അവതരിപ്പിക്കാന്‍ സംവിധായകന് ജെ.ജെ.ഫെഡ്രിക്കിന് സാധിച്ചിട്ടുണ്ട്. വെണ്മ്പ,ശക്തിജ്യോതി എന്നിങ്ങനെ രണ്ടു ശക്തമായ വേഷങ്ങളില്‍ ജ്യോതിക സ്ക്രീനിലെത്തുന്നു.
പതിനഞ്ചുവര്‍ഷം മുന്‍പ് നടന്ന ഒരു പെണ്സൈക്കോകൊലപാതകിയുടെ എന്‍കൗണ്ടര്‍ കേസ്സിന്റെ പുനര്‍ വിചാരണയിലൂടെയാണ് സിനിമ കരുത്തുപിടിക്കുന്നത്.വൈകാരിക രംഗങ്ങളും വാദപ്രതിവാദങ്ങളാലും പലപ്പോഴും കോടതിമുറി ചൂടുപിടിക്കുന്നുണ്ട്.
വരദരാജന് എന്ന പ്രമാണിയുടെ വേഷത്തിലെത്തിയ ത്യാഗരാജനും, വിലകൂടിയ അഭിഭാഷകന് രാജരത്നമായി പാര്‍ത്ഥിപനും, ന്യായാധിപനായി പ്രതാപ് പോത്തനും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നു.ഒരു മുഴുനീളവേഷത്തില്‍ ഭാഗ്യരാജും ചിത്രത്തിലുണ്ട്.
കഥയിലും കഥപറച്ചിലിലും ഏറെ പുതുമകളോന്നും അവകാശപ്പെടാനില്ലെങ്കിലും ജ്യോതികയുടെ വൈകാരികപ്രകടനങ്ങളും കോടതി രംഗങ്ങള്ക്കനുബന്ധമായെത്തുന്ന ഉദ്യോഗജനകമായ കാഴ്ച്ചകളും പ്രേക്ഷകനെ സിനിമയോട് ചേര്‍ത്തുനിര്‍ത്തുന്നു.
കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെയുള്ള അക്രമണം ദിനം പ്രതി ശക്തമാകുന്ന കാലത്ത് പൊന്മകള് മുന്നോട്ടുവക്കുന്ന വിഷയം പ്രസക്തമാകുന്നു. നീതിയെ വിലക്കുവാങ്ങി തെറ്റ് ചെയ്തവന് ശിക്ഷയില്‍ നിന്ന് രക്ഷപെടുന്ന സാഹചര്യം അനുവദിക്കാനാകില്ലെന്ന് സിനിമ പ്രഖ്യാപിക്കുന്നു.
ആമസോണ്‍ പ്രൈമിലൂടെ പ്രദര്‍ശനത്തിനെത്തിയ പൊന്മകള് വന്താല്‍ 2ഡി എന്റര്‍ ടൈമിന്റെ ബാനറില്‍ ജ്യോതികയും സൂര്യയും ചേര്‍ന്നാണ് നിര്‍മിച്ചത്. ഗോവിന്ദ് വസന്തയുടേതാണ് സംഗീതം.
Content Highlights : Ponmagal Vanthal Movie Review Jyothika
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..