മനം നിറയ്ക്കും പുഞ്ചിരി വിടര്‍ത്തും ഈ പാല്‍തു ജാന്‍വര്‍ | Palthu Janwar Review


അഞ്ജയ് ദാസ്. എന്‍.ടി

ആദ്യാവസാനം റിയലിസ്റ്റിക്-ഫീല്‍ഗുഡ് ശൈലി നിലനിര്‍ത്തിവരാന്‍ ചിത്രത്തിനായിട്ടുണ്ട്.

REVIEW

പാൽതു ജാൻവറിൽ ബേസിലും ജോണി ആന്റണിയും | ഫോട്ടോ: www.facebook.com/basiljosephdirector/photos

ഇഷ്ടമുള്ള ജോലി ചെയ്യുമ്പോള്‍ കഷ്ടപ്പാടില്ല എന്നൊരു ചൊല്ലുണ്ട്. അപ്പോള്‍ ഇഷ്ടമില്ലാത്ത ജോലിയായാലോ? അതും വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയുള്ളതായാലോ? നല്ല കഷ്ടപ്പാട് തന്നെയായിരിക്കും. അങ്ങനെയൊരു ചെറുപ്പക്കാരന്റെ ബുദ്ധിമുട്ടുകളുടെ കഥ പറയുന്ന ചിത്രമാണ് നവാഗതനായ സംഗീത് പി രാജന്‍ സംവിധാനം ചെയ്ത് ബേസില്‍ ജോസഫ് നായകനായെത്തിയ പാല്‍തു ജാന്‍വര്‍.

കഥയിലെ നായകനായ പ്രസൂണിന് അനിമേഷന്‍ മേഖലയോടാണ് താത്പര്യം. പക്ഷേ വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി കക്ഷി കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി കുടിയാന്മലയിലെ മൃഗാശുപത്രിയിലെ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടറായി ജോലിക്ക് കയറുകയാണ്. അച്ഛന്‍ മരിച്ചപ്പോള്‍ കിട്ടിയ ജോലിയാണ് എന്ന വൈകാരികതയാണ് കാരണം. തനി മലയോരമേഖലയായ ഈ ഗ്രാമത്തില്‍ പ്രസൂണിന് നേരിടേണ്ടിവരുന്ന വെല്ലുവിളികളാണ് ചിത്രത്തിന്റെ അടിത്തറ.

കൊച്ചുകഥയാണെങ്കിലും പലസ്വഭാവമുള്ള ആളുകളെയാണ് പ്രസൂണിന്റെ മുന്നിലുള്ളത്. സര്‍ക്കാര്‍ ജോലിയാണെങ്കിലും സൈഡ് ബിസിനസായി ഡോക്ടര്‍ ജോലിയെ കാണുന്ന മൃഗഡോക്ടര്‍, ഗ്രാമത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം ദുരാത്മാക്കളാണെന്ന് കരുതുന്ന വികാരിയച്ചന്‍, ജനപ്രതിനിധിയാണെങ്കിലും വീടിനോടോ നാടിനോടോ യാതൊരു ഉത്തരവാദിത്വവുമില്ലാത്ത വാര്‍ഡ് മെമ്പര്‍, തരംപോലെ കാലുമാറുന്ന സഹപ്രവര്‍ത്തകരുമെല്ലാം അയാള്‍ക്ക് പുതിയ അനുഭവമായിരുന്നു. ആവശ്യത്തിനും അല്ലാതെയും പ്രോത്സാഹനം വാരിച്ചൊരിയുന്ന അളിയനും പ്രസൂണിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നുണ്ട്.

ആദ്യവസാനം റിയലിസ്റ്റിക്-ഫീല്‍ഗുഡ് ശൈലി നിലനിര്‍ത്താൻ ചിത്രത്തിനായിട്ടുണ്ട്. ചെറിയ റോളുകളില്‍ വന്നുപോകുന്നവരടക്കം തനി നാടന്‍ കഥാപാത്രങ്ങളാണ് എന്നതാണ് സിനിമയുടെ ഹൈലൈറ്റ്. ഒരു സീനില്‍ വന്നുപോകുന്ന പൂവന്‍ കോഴിവരെ സിനിമയുടെ അവിഭാജ്യഘടകമായിത്തീരുന്നുണ്ട്. മനുഷ്യനും അവരുടെ ജീവിതത്തില്‍ മൃഗങ്ങള്‍ ചെലുത്തുന്ന സ്വാധീനവും എത്രമാത്രമാണെന്ന് പല കഥാപാത്രങ്ങളിലൂടെ സംവിധായകന്‍ കാട്ടിത്തരുന്നു. ജോണി ആന്റണിയുടെ കഥാപാത്രവും പ്രസൂണിന്റെ ഓഫീസിലെ സഹപ്രവര്‍ത്തകന്‍ പറയുന്ന കഥകളും തന്നെ അതിനുള്ള ഏറ്റവും വലിയ ഉദാഹരണങ്ങള്‍.

താരപ്രകടനങ്ങളിലേക്ക് വന്നാല്‍ പുത്തന്‍ തലമുറയുടെ എല്ലാ പ്രശ്‌നങ്ങളുമുള്ള പ്രസൂണ്‍ എന്ന കഥാപാത്രത്തെ ബേസില്‍ മികച്ചതാക്കിയിട്ടുണ്ട്. മൃഗഡോക്ടറെ അവതരിപ്പിച്ച ഷമ്മി തിലകന്റെ പ്രകടനത്തേയും എടുത്തുപറയേണ്ടിയിരിക്കുന്നു. തലമുണ്ഡനം ചെയ്തുവന്ന അദ്ദേഹം പലപ്പോഴും മൂക്കില്ലാ രാജ്യത്ത് എന്ന ചിത്രത്തിലെ തിലകനെ ഓര്‍മിപ്പിച്ചു. ബേസിലും ഷമ്മിയും തമ്മിലുള്ള രംഗങ്ങള്‍ തിയേറ്ററില്‍ ചിരി പടര്‍ത്തുന്നുണ്ട്. സ്വന്തം വാര്‍ഡിലെ ഗ്രാമസഭ എന്നാണെന്നോ എവിടെയാണെന്നോ അറിയാത്ത വാര്‍ഡ് മെമ്പറെ ഇന്ദ്രന്‍സ് ഗംഭീരമാക്കിയിട്ടുണ്ട്. മൃഗങ്ങളുമായി ഇടപഴകി പരുക്കനായി മാറിയ കര്‍ഷകന്റെ വേഷം ജോണി ആന്റണിയും ഗംഭീരമാക്കിയിട്ടുണ്ട്.

കഥാപാത്രങ്ങളില്‍ എടുത്തുപറയേണ്ട മറ്റൊരാള്‍ ഉണ്ണിമായ പ്രസാദിന്റേതാണ്. സഹോദരങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കോ അനാവശ്യമായി പ്രോത്സാഹനം നല്‍കുന്നവരില്‍ നിന്ന് വ്യത്യസ്തമായി നിന്നെക്കൊണ്ട് അതിനൊന്നും പറ്റില്ല എന്ന് പറയുന്ന ഈ ചേച്ചി സമീപകാലത്ത് മലയാളസിനിമ കണ്ട മികച്ച സ്ത്രീകഥാപാത്രമാണ്. ഇവരുടെ ഭര്‍ത്താവ് ഇതിന്റെ നേരെ എതിര്‍സ്വഭാവമാണ് എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

ഇരിട്ടി ഗ്രാമത്തിന്റെ മനോഹാരിത മുഴുവന്‍ ഒപ്പിയെടുക്കാന്‍ ഛായാഗ്രാഹകന്‍ രണദിവെക്കായി. ജസ്റ്റിന്‍ വര്‍ഗീസിന്റെ ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഗാനങ്ങളും കേള്‍ക്കാന്‍ സുഖമുള്ളതായിരിന്നു. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് പാല്‍ത്തു ജാന്‍വര്‍ നിര്‍മിച്ചിരിക്കുന്നത്.

Content Highlights: palthu janwar review, basil joseph, dileesh pothen, johny antony


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented