.
ആസ്വാദനമെന്ന അതിര്‍വരമ്പ് ഭേദിച്ച് സാമൂഹിക പ്രസക്തിയുടെ മതിലകങ്ങളിലേക്ക് തിരക്കഥകള്‍ രംഗപ്രവേശനം ചെയ്യുന്ന കാഴ്ചയ്ക്കാണ് അടുത്തിടെയായി മലയാള സിനിമ സാക്ഷ്യം വഹിച്ചത്. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, നായാട്ട്, മാലിക് എന്നീ ചിത്രങ്ങള്‍ അവയില്‍ ചിലത് മാത്രം. അക്കൂട്ടത്തില്‍ വ്യത്യസ്തമായ പ്രമേയം, അവതരണ ശൈലി എന്നിവ കൊണ്ട് ജനശ്രദ്ധ നേടുകയാണ് 'പട'. കുഞ്ചാക്കോ ബോബന്, വിനായകന്, ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന് എന്നിങ്ങനെ താരസമ്പന്നമാണ് ചിത്രം. കേരളത്തിലെ ജനസംഖ്യയുടെ ഒരു ശതമാനം വരുന്ന ആദിവാസികളുടെ ഭൂനിയമ അവകാശങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്.
ആദിവാസി ഭൂനിയമ ഭേദഗതി ബില്ലിന് എതിരേയുള്ള പ്രതിഷേധമാണ് സിനിമയുടെ ഇതിവൃത്തം. 1996-ല്‍ ആദിവാസികളുടെ മുന്നേറ്റത്തിനു വേണ്ടി പാലക്കാട് കലക്ടറെ ബന്ദിയാക്കിയ യഥാര്‍ത്ഥ സംഭവത്തെ
ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കമല്‍ കെ.എമ്മാണ്. യഥാര്‍ത്ഥ സംഭവങ്ങളോട് പൂര്‍ണമായും നീതി പുലര്‍ത്തിയുള്ള തിരക്കഥയും കഥാപാത്രങ്ങളും തന്നെയാണ് ചിത്രത്തിന്റെ സവിശേഷത.
1975 ല്‍ നിലവില്‍ വന്ന ആദിവാസി ഭൂനിയമം 21 വര്‍ഷത്തോളം ആദിവാസികള്‍ക്ക് പ്രയോജനമില്ലാതെ തുടരുന്നു. തുടര്‍ന്ന് 1996-ല്‍ നിലവില്‍ വരുന്ന ആദിവാസി ഭൂനിയമ ഭേദഗതി ബില്ല് ആദിവാസി ഊരുകളെ മുഴുവന്‍ കഷ്ടത്തിലാക്കുന്നു. ഇതിന് എതിരേ പോരാട്ടമുഖത്തേക്കുള്ള അയ്യങ്കാളി പട എന്ന നാല്‍വര്‍ സംഘത്തിന്റെ കടന്നുവരവാണ് ചിത്രം വരച്ചു കാട്ടുന്നത്. യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയാണെങ്കിലും കഥാപാത്രങ്ങളുടെ പേര് പരിഷ്കരിച്ചിട്ടുണ്ട്. രാകേഷായി കുഞ്ചാക്കോ ബോബന് എത്തുമ്പോള്‍ ബാലുവായി എത്തുന്നത് വിനായകനാണ്. നാരായണ്കുട്ടിയായി ദിലീഷ് പോത്തനും അരവിന്ദനായി ജോജു ജോര്‍ജ്ജും എത്തുന്നു.
നിയമസഭയില്‍ പാസാക്കിയ ആദിവാസി ഭൂനിയമ ഭേദഗതി ബില്ലിന് എതിരേ പാലക്കാട് ജില്ലാ കളക്ടറെ ബന്ദിയാക്കാന്‍ നാലവർ സംഘം തീരുമാനിക്കുകയും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്. ഒരു സാമൂഹിക പ്രസക്തിയുള്ള വിഷയം അവതരിക്കുമ്പോഴും വാണിജ്യ ചിത്രങ്ങളുടെ ചേരുവ പാടെ അവഗണിക്കാന്‍ തീരുമാനിച്ച അണിയറ പ്രവര്‍ത്തകര്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. തന്റെ വാണിജ്യ മൂല്യം പോലും കണക്കിലെടുക്കാതെ ഇത്തരത്തിലുള്ള ഒരു കഥാപാത്രം തിരഞ്ഞെടുത്തതില്‍ കുഞ്ചാക്കോ ബോബന് പ്രത്യേകം കൈയടി അര്‍ഹിക്കുന്നു. കേരളം വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നിട്ടു കൂടി അവതരണത്തില്‍ പുതുമ നിലനിര്‍ത്താനും ചിത്രത്തിന് സാധിച്ചു.
വലിച്ചുനീട്ടലുകളില്ലാതെ നേരിട്ട് വിഷയത്തിലേക്ക് കടക്കുന്നതുകൊണ്ട് അയ്യങ്കാളി പടയുടെ പോരാട്ട വീര്യം രണ്ട് മണിക്കൂറില്‍ പ്രേക്ഷകന് മനസിലാകും വിധം ഒതുക്കിയിട്ടുമുണ്ട്. കഥാപശ്ചാത്തലം 1996 ആയതുകൊണ്ടു തന്നെ ആ കാലഘട്ടം പുനരാവിഷ്കരിക്കാനും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. എടുത്തു പറയേണ്ടത് വസ്ത്രാലങ്കാരം തന്നെയാണ്. ഇന്ദ്രന്‍സ്, ടി.ജി രവി, പ്രകാശ് രാജ് എന്നിങ്ങനെയുള്ള ബഹുമുഖ പ്രതിഭകളുടെ സാന്നിധ്യം, സലിം കുമാറിന്റെ നിര്‍ണായകവേഷം എന്നിവ ചിത്രത്തിന്റെ പ്രത്യേകതകളാണ്. കനി കുസൃതി, ഉണ്ണിമായ എന്നിവരുടെ പ്രകടനം എടുത്തുപറയേണ്ടതാണ്.
അടുത്തിടെ ഇറങ്ങിയ പല ജനപ്രിയ ചിത്രങ്ങളുടെയും ഭാഗമായിരുന്നു ജോജു ജോര്‍ജ്ജ്, വിനായകന് എന്നിവര്‍. പതിവ് തെറ്റിക്കാതെ ഇത്തവണയും സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയത്തിലൂടെ വീണ്ടും ജനപ്രീതി നേടുകയാണ് ഇരുവരും. പിന്നോക്ക വിഭാഗക്കാരുടെ കഥ പറയുമ്പോള്‍ ആദിവാസികള്‍ എങ്ങും പരാമര്‍ശിക്കപ്പെടുന്നില്ല. വിരലില്‍ എണ്ണാവുന്ന ചിത്രങ്ങള്‍ മാത്രമാണ് ഇക്കൂട്ടത്തില്‍ പുറത്തിറങ്ങിയിരിക്കുന്നത്. വനങ്ങള്‍ നഗരവത്കരണത്തിന്റെ പാതയിലേക്ക് നീങ്ങുന്ന ഈ കാലഘട്ടത്തില്‍ തീര്‍ച്ചയായും പടയുടെ കഥാപശ്ചാത്തലം ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.
ഡോക്യുമെന്ററി എന്ന തലത്തിലേക്ക് ചിത്രം മാറാതിരിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ ശ്രമിച്ചിട്ടുണ്ട്. ദൈര്‍ഘ്യം വളരെ കുറച്ചിട്ടുണ്ടെങ്കിലും പരമാവധി വിശദീകരണം രംഗങ്ങള്‍ക്ക് നല്കാന് രചിയതാവ് കൂടിയായ കമല്‍ ശ്രദ്ധിച്ചിട്ടുണ്ട്. തിയേറ്ററുകളില്‍ ഉദ്വേഗം നിറയ്ക്കാന്‍ പശ്ചാത്തല സംഗീതം എവിടെയും തിരുകി കയറ്റിയിട്ടില്ല. അനാവശ്യമായ ഇടങ്ങളില്‍ പശ്ചാത്തല സംഗീതം പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്. ചരിത്രത്തിലെ ഒരേട് ചലച്ചിത്രമാക്കിയപ്പോള്‍ പ്രേക്ഷകര്‍ അര്‍പ്പിച്ച വിശ്വാസത്തോട് പൂര്‍ണമായി ചിത്രം നീതി പുലര്‍ത്തിയിട്ടുണ്ട്.
Content Highlights: Pada Malayalam Movie Review,Kunchako Boban,Jogu George,Kamal km
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..