ജീവിതാനുഭവങ്ങളുടെ വെളിച്ചംതേടി ഒരു യാത്ര; കംപ്ലീറ്റ് പാക്കേജാണ് പാച്ചുവും അദ്ഭുതവിളക്കും | Review


By അഞ്ജയ് ദാസ്. എൻ.ടി

2 min read
Read later
Print
Share

പാച്ചു എന്ന നായകന്റെ ജീവിതത്തിലേക്ക് കയറിവരുന്ന ലൈല, നിധി, ഹംസധ്വനി എന്നീ സ്ത്രീകളാണ് യഥാര്‍ത്ഥത്തില്‍ അവന്റെ വിധി നിശ്ചയിക്കുന്നത്.

പാച്ചുവും അദ്ഭുതവിളക്കും എന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ | ഫോട്ടോ: www.facebook.com/FahadhFaasil

ജീവിതം ഒരു യാത്രയാണ്. ആ യാത്രയ്ക്കിടെയുണ്ടാകുന്ന അനുഭവങ്ങളും കണ്ടുമുട്ടുന്ന മനുഷ്യരുമാണ് ഓരോരുത്തരുടെ ജീവിതത്തേയും അര്‍ത്ഥവത്താക്കുന്നത്. ഒറ്റ ഞൊടി മതി ഒരാളുടെ ജീവിതം മാറാന്‍. ആ നിമിഷമാണ് അയാളുടെ ജീവിതത്തിലെ വഴിത്തിരിവ്. അങ്ങനെയൊരു നിമിഷാര്‍ധത്തിലേക്ക് പാച്ചു എന്ന പ്രശാന്ത് എത്തിപ്പെടുന്ന കഥയാണ് അഖില്‍ സത്യന്‍ രചിച്ച്, എഡിറ്റ് ചെയ്ത്, സംവിധാനം ചെയ്ത പാച്ചുവും അദ്ഭുതവിളക്കും എന്ന ചിത്രം. ഒരു അദ്ഭുതവിളക്കിനുപിന്നാലെയുള്ള പാച്ചുവിന്റെ പാച്ചിലാണ് ചിത്രമെന്ന് പറയാം.

മുംബൈയും ഗോവയുമാണ് കഥാപരിസരങ്ങള്‍. മുംബൈയില്‍ ആയുര്‍വേദ മരുന്നുകട നടത്തുന്ന പാച്ചുവിന് ജോലിസംബന്ധമായ ആവശ്യത്തിന് കേരളത്തിലേക്ക് പോരേണ്ടിവരുന്നു. പക്ഷേ ഉദ്ദേശിച്ച സമയത്ത് തിരിച്ചുവരാന്‍ പറ്റുന്നില്ല. അത് പക്ഷേ മറ്റുചില സംഭവവികാസങ്ങളുടെ തുടക്കമായിരുന്നെന്ന് പാച്ചു തിരിച്ചറിയുന്നത് പിന്നെയും വൈകിയാണ്. തന്റെ ജിവിതനിയോഗം എന്താണെന്ന് ആ 34-കാരന്‍ മനസിലാക്കുന്നത് അങ്ങനെയാണ്. അതിന് കാരണമാകുന്നതാകട്ടെ പാച്ചുവിന് ചുറ്റുമുള്ള, പല ജീവിത സാഹചര്യങ്ങളില്‍ക്കഴിയുന്ന വ്യത്യസ്തരായ മനുഷ്യരും.

പാച്ചു എന്ന നായകന്റെ ജീവിതത്തിലേക്ക് കയറിവരുന്ന ലൈല, നിധി, ഹംസധ്വനി എന്നീ സ്ത്രീകളാണ് യഥാര്‍ത്ഥത്തില്‍ അവന്റെ വിധി നിശ്ചയിക്കുന്നത്. അതുകൊണ്ടുതന്നെ ഈ മൂന്ന് കഥാപാത്രങ്ങള്‍ തന്നെയാണ് പാച്ചുവിന്റെ അദ്ഭുതവിളക്കും. മുംബൈയിലാണ് ജീവിക്കുന്നതെങ്കിലും ജിവിതത്തിന്റെ അവസാനകാലം കേരളത്തില്‍ ചിലവിടണമെന്ന് കരുതുന്നവരാണ് ലൈല. സ്വന്തം രക്തമല്ലെങ്കിലും മകളെപ്പോലെ കരുതുന്ന നിധിയെ പഠിപ്പിച്ച് വലിയ ആളാക്കണം എന്ന ആഗ്രഹവും അവര്‍ക്കുണ്ട്. പണമുണ്ടാക്കണമെന്ന ഒറ്റ ലക്ഷ്യം മാത്രമുള്ള, എന്നാല്‍ തന്നെ ഒരുപാട് സ്‌നേഹിക്കുന്ന നമകന്‍ റിയാസിനോട് ഈ കാര്യം മാത്രമേ അവര്‍ക്ക് ആവശ്യപ്പെടാനുള്ളൂ. പുറമേ ചിരിക്കുന്നവളാണെങ്കിലും ഉള്ളില്‍ സങ്കടക്കടല്‍ തിരതല്ലുന്നവളാണ് ഹംസധ്വനി. ഈ മൂന്നുപേര്‍ക്കും പാച്ചു ആരായിരുന്നു എന്നും ചിത്രം പറയുന്നു.

മലയാളത്തിന്റെ എവര്‍ഗ്രീന്‍ സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ എന്ന ലേബലില്ലാതെ തന്നെ അഖില്‍ സത്യന്‍ മലയാളസിനിമയില്‍ തന്റെ സ്ഥാനം ഉറപ്പിക്കും എന്ന് നിസ്സംശയം പറയാം. സത്യന്‍ അന്തിക്കാട് ചിത്രങ്ങളില്‍ കണ്ടുവന്നിട്ടുള്ള ഗ്രാമീണതയും പച്ചപ്പുമല്ല അഖിലിന്റെ ചിത്രത്തില്‍ കാണാനാവുക. മുംബൈയിലെ മധ്യവര്‍ഗ സമൂഹത്തിന്റെയും ഗലികളുടേയും സ്വപ്‌നങ്ങള്‍ മനസിലടക്കിപ്പിടിച്ച് വിധിയോട് പൊരുതാനാവാതെ ഒഴുക്കിനനുസരിച്ചുതന്നെ മുന്നോട്ടുപോകുകയും ചെയ്യുന്ന ജീവിതങ്ങളാണ് അഖിലിന്റെ കഥാപാത്രങ്ങള്‍. ഒരുപക്ഷേ ഗോവയ്ക്ക് നിറങ്ങളുടേയും കണ്ണഞ്ചിക്കുന്ന പ്രകാശത്തിന്റേയുമല്ലാത്ത മറ്റൊരു മുഖമുണ്ടെന്ന് കാണിച്ചുതരുന്ന സമീപകാലചിത്രം കൂടിയാണ് പാച്ചുവും അദ്ഭുതവിളക്കും.

ടൈറ്റില്‍ റോളിലെത്തിയ ഫഹദും പുതുമുഖ ബാലതാരമുള്‍പ്പെടെ വന്നവരും പോയവരും ഒരുപോലെ നിറഞ്ഞാടിയ ചിത്രമാണ് പാച്ചുവും അദ്ഭുതവിളക്കും. 34 വയസായിട്ടും വിവാഹം നടന്നിട്ടില്ല എന്ന നിരാശയുമായി നടക്കുന്ന പാച്ചുവിനെ ഫഹദ് ഗംഭീരമാക്കുന്നുണ്ട്. ഫഹദ്-ഇന്നസെന്റ്-മുകേഷ് ത്രയം തീര്‍ക്കുന്ന നര്‍മമൂഹൂര്‍ത്തങ്ങള്‍ തിയേറ്ററില്‍ പൊട്ടിച്ചിരി തന്നെ സൃഷ്ടിക്കുന്നുണ്ട്. ഒപ്പം ഇന്നസെന്റ് ഇനി നമുക്കൊപ്പം ഉണ്ടാവില്ലെന്ന സത്യം നൊമ്പരമായും ഉള്ളിലവശേഷിക്കും. അല്‍ത്താഫാണ് സ്വാഭാവികമായ ചലനങ്ങളിലൂടെയും നുറുങ്ങ് സംഭാഷണങ്ങളിലൂടെയും ചിരി നിറയ്ക്കുന്ന മറ്റൊരാള്‍. ഏറെ നാളുകള്‍ക്ക് ശേഷം വിനീതിനെ വീണ്ടും സ്‌ക്രീനില്‍ കണ്ടു. പെട്ടന്ന് വികാരാധീനനാവുന്ന റിയാസിനെ വിനീത് കയ്യടക്കത്തോടെ അവതരിപ്പിച്ചിട്ടുണ്ട്.

ലൈലയായെത്തിയ വിജി വെങ്കടേഷിന്റെ പ്രകടനമാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം. സഹജീവികളോടുള്ള സ്‌നേഹവും വാര്‍ധക്യത്തിലെ ഒറ്റപ്പെടലും അതേസമയം ധൈര്യവുമെല്ലാം അടങ്ങിയ ലൈലയായി അവര്‍ അക്ഷരാര്‍ത്ഥത്തില്‍ ജീവിക്കുകയായിരുന്നു. ഹംസധ്വനിയായെത്തിയ അഞ്ജന, നിധിയായെത്തിയ യുവനടി എന്നിവരും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. അടുത്തകാലത്തിറങ്ങിയ കൊമേഴ്‌സ്യല്‍ ചിത്രങ്ങളില്‍ തുല്യപ്രാധാന്യത്തോടെ നിലകൊള്ളുന്ന മൂന്ന് സ്ത്രീകഥാപാത്രങ്ങളെ സൃഷ്ടിക്കാനായതില്‍ സംവിധായകന് അഭിമാനിക്കാം. ഇന്ദ്രന്‍സ്, ശാന്തികൃഷ്ണ, അഭിറാം, സഞ്ജു ശിവറാം എന്നിവരും അവരവരുടെ കഥാപാത്രത്തോട് നീതിപുലര്‍ത്തി.

അടുത്തിടെ മലയാളത്തില്‍ വന്ന കംപ്ലീറ്റ് പാക്കേജാണ് പാച്ചുവും അദ്ഭുതവിളക്കും. തമാശയും പാട്ടും സെന്റിമെന്റ്‌സും ആക്ഷനും ചെറിയൊരു സന്ദേശവും ഉള്‍ക്കൊള്ളുന്നു ചിത്രത്തില്‍. ധൈര്യമായി ടിക്കറ്റെടുക്കാം ഈ അദ്ഭുതവിളക്കിന്.

Content Highlights: pachuvum athbhutha vilakkum review, fahadh faasil new movie

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Live Movie

2 min

വാര്‍ത്തകളുടെ കച്ചവടവത്ക്കരണത്തിനെതിരെ ഒരു സോഷ്യല്‍ ത്രില്ലര്‍ | Live Movie Review

May 26, 2023


Sulaikha Manzil

2 min

സുലൈഖ മന്‍സിലിലെ കല്യാണ വിശേഷങ്ങള്‍ | Sulaikha Manzil Review 

Apr 21, 2023


Vellari Pattanam Review

2 min

വടംവലി രാഷ്ട്രീയവുമായി മഞ്ജുവും സൗബിനും; ചിരിയും ചിന്തയുമാണ് വെള്ളരിപ്പട്ടണം

Mar 25, 2023

Most Commented