ചിത്രത്തിന്റെ പോസ്റ്റർ | photo: special arrangements
പ്രണയമെന്ന ആശയം കാലഭാവഭേദമെന്യേ ഓരോ മനസ്സുകളെ പിടിച്ചു കുലുക്കുന്നൊരു വികാരമാണ്. അതുകൊണ്ട് തന്നെ പ്രണയം ആസ്പദമായുള്ള കഥകളോ കവിതകളോ സിനിമയോ ആകട്ടെ അതിന്റെ സ്വീകാര്യതയ്ക്ക് എക്‌സ്പയറി ഡേറ്റില്ല എന്നതാണ് വാസ്തവം. പ്രണയത്തെ അവതരിപ്പിക്കുന്ന രീതി വ്യത്യസ്തപ്പെട്ടുവെന്നല്ലാതെ പ്രണയം എന്നത് മാറുന്നില്ല. അങ്ങനെ ഇത്തരം വികാരങ്ങളെ നെഞ്ചോട് ചേര്‍ത്തു നിര്‍ത്തുന്ന സാമൂഹിക ജീവികളായ മനുഷ്യര്‍ പ്രിയപ്പെട്ടതായി കാണുന്ന ഈ വികാരത്തിന്റെ മറ്റൊരു നേര്‍ച്ചിത്രം വരച്ചു കാട്ടുന്ന സിനിമയാണ് 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്'. ആറു വര്‍ഷങ്ങള്‍ക്ക് ശേഷം ഭാവന എന്ന കരുത്തയായ സ്ത്രീയുടെ ശക്തമായ തിരിച്ചു വരവ് എന്ന ടാഗോടുകൂടി തന്നെ ഈ ചിത്രത്തെ വിലയിരുത്താം. ജീവിതത്തിലെ രണ്ടാം ഊഴത്തെ പറ്റിയുള്ള പ്രമേയമായത് കൊണ്ട് തന്നെ ഭാവനയുടെ നായിക കഥാപാത്രം സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരെ വാഴ്ത്തപ്പെടേണ്ടത് തന്നെയാണ്.
സിനിമയുടെ പേരില്‍ ഉണ്ടായ ചെറിയ കണ്‍ഫ്യൂഷന് വിരാമം ഇട്ടുകൊണ്ട് തന്നെയാണ് സിനിമ തുടങ്ങുന്നത്. ഒരു സഹോദരനും സഹോദരിയും തമ്മിലുള്ള ആത്മബന്ധത്തെ ഊട്ടി ഉറപ്പിക്കുന്ന രീതിയില്‍ ചലിച്ചു കൊണ്ട് വളരെ വലിയ ആശയത്തിലേക്കാണ് സിനിമ നീങ്ങുന്നത്. ജിമ്മി എന്ന നായക കഥാപാത്രത്തെയാണ് ഷറഫുദ്ദീന്‍ അവതരിപ്പിക്കുന്നത്. അബ്ദുള്‍ ഖാദര്‍ എന്ന ജിമ്മിയുടെ പിതാവ് തികഞ്ഞ സ്‌പോര്‍ട്സ് ആരാധകനും അത്തരത്തില്‍ ആയിത്തീരാന്‍ ആഗ്രഹിക്കുകയും ചെയ്തത് കൊണ്ടാണ് മില്‍ക്ക, ജിമ്മി എന്നൊക്കെ കുട്ടികള്‍ക്ക് പേരിട്ടത്. തനിക്ക് പറ്റാത്തത് മകനിലൂടെ സാധിച്ചെടുക്കണമെന്ന് ആ പിതാവ് ആഗ്രഹിച്ചെങ്കിലും അതിനായില്ല. തുടര്‍ന്ന് ജിമ്മി ഗള്‍ഫില്‍ അഭയം പ്രാപിക്കുന്നു.
നാട്ടില്‍ വന്ന ജിമ്മിയുടെ ജീവിതം പിന്നീട് മറിയം എന്ന 10 വയസ്സുകാരി അനുജത്തിക്കൊപ്പമായി, അവരുടെ ലോകമായി. ഒരു അടിപൊളി ഇക്കാക്ക-പെങ്ങള്‍ കോമ്പോ പ്രേക്ഷക മനസ്സുകളില്‍ പതിയും വിധത്തിൽ അവതരിപ്പിച്ചിട്ടുണ്ട് ചിത്രത്തിൽ.
കല്ല്യാണമായില്ലേയെന്ന ചോദ്യങ്ങളിൽ വീര്‍പ്പുമുട്ടിയിരുന്ന ജിമ്മിയുടെ ജീവിതത്തിലേക്ക് ഫിദ കടന്നുവരുന്നു. ഇരുവരുടെയും വിവാഹത്തിനുള്ള തയ്യാറെടുപ്പുകൾക്കിടെ നിത്യ എന്ന ജിമ്മിയുടെ പൂര്‍വകാമുകി അവരുടെ ജീവിതത്തിലേക്ക് ആകസ്മികമായി കടന്നുവരുന്നു. പിന്നീട് സംഭവിക്കുന്ന കഥാവികാസങ്ങളാണ് സിനിമയുടെ കാതല്‍.
ഒരു നവാഗതസംവിധായകന്റെ പുതുമയാര്‍ന്ന ടച്ച് സിനിമയിലുടനീളം സംവിധായകന്‍ ആദില്‍ മൈമൂനത്ത് അഷ്‌റഫ് നിലനിര്‍ത്തി. ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ലണ്ടന്‍ ടാക്കീസുമായി ചേര്‍ന്ന് റെനിഷ് അബ്ദുള്‍ ഖാദര്‍, രാജേഷ് കൃഷ്ണ എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ബിജിബാലിന്റെ പശ്ചാത്തല സംഗീതം ചിത്രത്തിന്റെ ഒഴുക്കിനോട് ചേർന്നുനിൽക്കുന്നു. അശോകന്‍, സാദിഖ്, അനാര്‍ക്കലി നാസര്‍, ഷെബിന്‍ ബെന്‍സണ്‍, അതിരി ജോ, മറിയം, അഫ്സാന ലക്ഷ്മി, മാസ്റ്റര്‍ ധ്രുവിന്‍ എന്നിവര്‍ ചിത്രത്തിലുണ്ട്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് നിഷാന്ത് രാംടെകെ, പോള്‍ മാത്യു, ജോക്കര്‍ ബ്ലൂംസ് എന്നിവരാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. സിതാര കൃഷ്ണകുമാര്‍, സയനോര, രശ്മി സതീഷ്, പോള്‍ മാത്യു, ഹരിശങ്കര്‍, ജോക്കര്‍ ബ്ലൂംസ് തുടങ്ങിയവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.
നിത്യ എന്ന കഥാപാത്രത്തിനോട് നൂറ് ശതമാനം നീതി ഭാവന പുലര്‍ത്തിയിട്ടുണ്ട്. അവര്‍ ഒരു ഫാസിനേറ്റഡ് സ്ത്രീ കഥാപാത്രമല്ല. മറിച്ച് നിത്യ ജീവിതത്തില്‍ കാണുന്ന ശക്തയും സ്വതന്ത്രയും വിവേകമതികളുമായ സ്ത്രീകളുടെ പ്രതീകമാണ്. സിനിമയില്‍ മിന്നി മറഞ്ഞു പോയ ചില കഥാപാത്രങ്ങള്‍ പോലും അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ച വെച്ചു. അത്തരത്തില്‍ എടുത്തു പറയേണ്ട പെര്‍ഫോമന്‍സാണ് സാനിയ റാഫിയെന്ന കുഞ്ഞ് കഥാപാത്രത്തിന്റേത്. നഷ്ടപ്പെട്ടതും നെഞ്ചോട് ചേര്‍ക്കാന്‍ ആഗ്രഹിച്ചതുമായ പ്രണയ മുഹൂര്‍ത്തങ്ങളെ വളരെ മൃദുവായി ആളുകളിലേക്ക് എത്തിക്കാന്‍ സിനിമയ്ക്ക് സാധിച്ചിട്ടുണ്ട്. അനാര്‍ക്കലി നാസ്സറിന്റെ ഫിദ എന്ന കഥാപാത്രം സ്വാര്‍ത്ഥത എന്ന വാക്കിനെയും ആശയത്തെയും നിരര്‍ത്ഥകമാക്കി വാര്‍ത്തെടുത്ത ഒന്നാണ്. പ്രണയം മടുക്കാത്തവര്‍ക്ക് ഈ സിനിമയും മടുക്കില്ല എന്നത് തീര്‍ച്ചയാണ്.
Content Highlights: ntikkakkakkoru premondarnn movie review
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..