.jpg?$p=0547418&f=16x10&w=856&q=0.8)
Photo-fb/Facebook.com/RameshPisharodyofficial
ലോക്ഡൗണ്‍ കാലം നഷ്ടങ്ങളുടേത് കൂടിയായിരുന്നു. സഞ്ചാര സ്വാതന്ത്ര്യം, കൂട്ടുകാരൊത്തുള്ള കളിതമാശകൾ, ബന്ധുക്കളൊത്തുള്ള കുശലാന്വേഷണം അങ്ങനെ ഒട്ടേറെ നഷ്ടങ്ങള്‍. ലോക്ഡൗണ്‍ കാലം വിരസത സമ്മാനിക്കാത്ത മലയാളികള്‍ കുറവായിരിക്കും. നവാഗതനായ നിഥിന് ദേവീദാസിന്റെ സംവിധാനത്തിലൊരുങ്ങിയ 'നോ വേ ഔട്ട്' എന്ന ചിത്രം അത്തരമൊരു വിരസതയുടെ കഥയാണ് പറയുന്നത്. ലോക്ഡൗണ്‍കാലം സമ്മാനിച്ച വിരസതകള്ക്കൊപ്പം സാമ്പത്തിക ഞെരുക്കങ്ങളുടെ നൂലാമാലയില്‍ പെട്ട് പോകുന്ന കഥാനായകന്റെ മനസിലൂടെ കടന്നു പോകുന്ന വികാരങ്ങളാണ് ചിത്രത്തിലുടനീളം. ലോക്ഡൗണ്‍ പശ്ചാത്തലമാക്കി മലയാളിത്തിലിറങ്ങിയ ചുരുക്കം ചില ചിത്രങ്ങളിലൊന്ന് കൂടിയാണിത്.
പ്രവാസജീവിതം മതിയാക്കി മടങ്ങിയെത്തിയ ഡേവിഡ് ചെറിയാന് ആകെയുള്ള സമ്പാദ്യം കൊണ്ടാണ് വീട് പണിയുന്നത്. പ്രണയ വിവാഹമായിരുന്നതിനാല്‍ വീട്ടുകാര്‍ക്ക് ഡേവിഡിന്റെ ബന്ധത്തില്‍ അത്ര താത്പര്യമുണ്ടായിരുന്നില്ല. ആകെയുള്ള സമ്പാദ്യം കൊണ്ട് പുതിയ ബിസിനസ് തന്ത്രങ്ങള്‍ പയറ്റാന്‍ ഇറങ്ങുമ്പോള്‍ ഡേവിഡിന്റെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ് കഥാപശ്ചാത്തലം.
no way out-പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ജീവിതത്തില്‍ ചിലപ്പോള്‍ ഒരിക്കലും പുറത്തു കടക്കാന്‍ പറ്റാത്ത വിധത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടായേക്കാമെന്ന തത്വമാണ് ചിത്രം പങ്ക് വെയ്ക്കുന്നത്. കച്ചവടം മൂലം ഒരിക്കലും അഴിച്ചെടുക്കാനാകാത്ത ഊരാക്കുടുക്കിലാണ് താന്‍ ചെന്ന് പെട്ടിരിക്കുന്നതെന്ന് അറിയുന്ന ഡേവിഡ് തകര്‍ന്നു പോകുന്നു. ചുറ്റിലുമുള്ള ഒന്നിലും അയാള്‍ക്ക് സന്തോഷം കണ്ടെത്താനാവുന്നില്ല. സഹായം തേടുന്ന ഓരോ വാതിലുകളും തനിക്ക് മുമ്പില്‍ അടയുകയാണെന്ന സത്യം അയാളെ അസ്വസ്ഥനാക്കുന്നു. ഒരു വാതിലിലൂടെയും തനിക്ക് മോചനം സാധ്യമല്ലെന്ന മെല്ലെ അയാള്‍ തിരിച്ചറിയുന്നു.
രമേഷ് പിഷാരടി നീണ്ട ഇടവേളയ്ക്ക് ശേഷം നായകനായി എത്തുന്നുവെന്ന് പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ഡേവിഡ് എന്ന കഥാപാത്രത്തിന്റെ വികാരങ്ങള്‍ അതിഭാവുകത്വങ്ങള്‍ ഏതുമില്ലാതെ അവതരിപ്പിക്കാന്‍ രമേശ് പിഷാരടിക്ക് സാധിച്ചു. ഗൗരവമുള്ള കഥാപാത്രങ്ങള്‍ ചെയ്യാറുള്ള രവീണ നായരും പതിവ് തെറ്റിച്ചില്ല. ലോക്ഡൗണിന്റെ പരിമിതികള്‍ പൂര്‍ണമായും ചിത്രം ഒപ്പിയെടുത്തിട്ടുണ്ട്. ചെറിയൊരു കഥായായതിനാല് തന്നെ വിരലില്‍ എണ്ണാവുന്ന കഥാപാത്രങ്ങള്‍ മാത്രമാണ് സ്ക്രീനിലെത്തുന്നത്. പല കഥാപാത്രങ്ങളും ശബ്ദത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു.
ശബ്ദം ഉപയോഗിച്ച് കഥയുടെയോ കഥാപാത്രങ്ങളുടെയോ ഗൗരവം ഒട്ടും ചോരാതെ അവതരിപ്പിക്കുന്നതില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റുകള്‍ പൂര്‍ണമായും വിജയിച്ചിട്ടുണ്ട്. ലോക്ഡൗണ്‍ കഥാപശ്ചാത്തലമാക്കിയതു കൊണ്ടു തന്നെ വേറിട്ട രീതിയിലാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ഡേവിഡ് എന്ന കഥാപാത്രം ഓരേ നിമിഷവും അനുഭവിക്കുന്ന പ്രയാസങ്ങളും ബുദ്ധിമുട്ടുകളും കൃത്യമായ അളവില്‍ പ്രേക്ഷകരിലേക്ക് എത്തുന്നതിന് ഒരുപരിധി വരെ ഇത് സഹായകരമായി.
ഒരു വാണിജ്യ ചിത്രമെന്നതിലുപരി വ്യക്തമായ ഒരു സന്ദേശം കൂടി ചിത്രം നല്‍കുന്നുണ്ട്. ലോക്ഡൗണ്‍ പ്രതിസന്ധിയില്‍ കച്ചവടം വഴിമുട്ടി ജീവനൊടുക്കിയവരുടെ കഥ എവിടെയും പരാമര്‍ശിക്കപ്പെടുന്നില്ലെന്ന സത്യം കൂടി ചിത്രം പറഞ്ഞുവെയ്ക്കുന്നുണ്ട്. അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്ന ഓരോ പ്രേക്ഷക മനസിനെയും മുള്‍മുനയില്‍ നിര്‍ത്താന്‍ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്.
സര്‍വൈവല്‍ ത്രില്ലര്‍ മൂഡിലുള്ള ചിത്രം പുതിയ നിര്‍മാണ കമ്പനിയായ റിമൊ എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ റിമോഷ് എം.എസ് ആണ് നിര്‍മിച്ചിരിക്കുന്നത്. ബേസില്‍ ജോസഫ്, ധര്മ്മജന് ബോല്‍ഗാട്ടി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. കോമഡി ട്രാക്കിലൂടെ നിരന്തരം സഞ്ചരിച്ച രമേശ് പിഷാരടിക്ക് ഗൗരവമേറിയ ഒരു കഥാപാത്രമാണ് നിധിന് ദേവീദാസിന്റെ രചനയില്‍ പിറന്ന ചിത്രം സമ്മാനിച്ചത്. രമേശ് പിഷാരടി എന്ന നടനെ പൂര്‍ണമായി ഉപയോഗപ്പെടുത്തിയ ചിത്രം കൂടിയാണ് 'നോ വേ ഔട്ട്'.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..