തുറമുഖത്തിൽ നിവിൻ പോളി | ഫോട്ടോ: www.facebook.com/NivinPauly
ഇന്നത്തെ സംഭവങ്ങളാണ് നാളത്തെ ചരിത്രമെന്നു പറയാറുണ്ട്. കേരളചരിത്രത്തിൽ ഇന്നും മായാതെ നിൽക്കുന്ന, എന്നാൽ പുതുതലമുറയിൽപ്പെട്ട പലർക്കും അറിയാത്ത ഒന്ന്. അതാണ് ചാപ്പ സമ്പ്രദായവും അതിനെതിരെയുണ്ടായ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ നടത്തിയ പോലീസ് വെടിവെപ്പും. കൊച്ചിയുടെ, കേരളത്തിന്റെ ചരിത്രത്തിലെ കറുത്ത ഏടായി ഇന്നും നിലകൊള്ളുകയാണ് ഈ സംഭവം. ഇതിനെ അടിസ്ഥാനമാക്കി രാജീവ് രവി സംവിധാനം ചെയ്ത ചിത്രമാണ് 'തുറമുഖം'.
കെ.എം. ചിദംബരൻ എഴുതിയ നാടകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ നിർമാണം. മൂപ്പന്മാർ എന്നറിയപ്പെടുന്ന മുതലാളിമാർ. ഓരോ ദിവസവും അവർക്ക് മുന്നിലുണ്ടാവും ജോലിതേടി ഒരു കൂട്ടമാളുകൾ. ഇവർക്ക് നേരെ ചാപ്പ അല്ലെങ്കിൽ ടോക്കണുകൾ എറിയും മൂപ്പന്മാർ. ഇത് കയ്യിൽക്കിട്ടുന്ന ഭാഗ്യശാലികൾക്കാണ് അന്ന് തുറമുഖത്ത് ജോലി ചെയ്യാനുള്ള അവസരം. ചാപ്പ കിട്ടാത്തവന് ചാപ്പ കിട്ടുന്നതുവരെ മുഴുപ്പട്ടിണിയും. ഈ ഹീനസമ്പ്രദായത്തിനെതിരെ മട്ടാഞ്ചേരിയിൽ തൊഴിലാളികൾ സമരത്തിനിറങ്ങുകയാണ്.
.png?$p=c3eee67&&q=0.8)
നാടകത്തിൽനിന്ന് കാര്യമായ മാറ്റങ്ങളില്ലാതെയാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. താരനിബിഡമാണ് ചിത്രമെങ്കിലും പക്കാ രാജീവ് രവി സ്റ്റൈൽ 'തുറമുഖ'ത്തിന് അവകാശപ്പെടാം. രാജീവ് രവിയുടേതായ ശൈലി ചിത്രത്തിൽ കാണാം. മുൻചിത്രമായ 'കമ്മട്ടിപ്പാട'ത്തിലേതുപോലെ പഴയകാലത്തിൽനിന്ന് തുടങ്ങി അടുത്ത തലമുറയുടെ കഥയിലേക്ക് സഞ്ചരിക്കുന്ന ചിത്രമാണ് 'തുറമുഖം'. കൊച്ചി തുറമുഖത്തെ തൊഴിലാളി നേതാവായ മൈമുവിൽനിന്ന് തുടങ്ങി ഇദ്ദേഹത്തിന്റെ തൊട്ടടുത്ത തലമുറയുടെ ജീവിതത്തിലേക്ക് ഒഴുകുകയാണ് ചിത്രം. പല കാലഘട്ടങ്ങൾ പറയുന്ന ചിത്രങ്ങളിൽ കാണാവുന്ന സ്ഥിരം ഫ്ളാഷ്ബാക്ക് സ്റ്റൈൽ ഒന്ന് മാറ്റിപ്പിടിച്ചിട്ടുണ്ട് തിരക്കഥാകൃത്ത് ഗോപൻ ചിദംബരനും സംവിധായകൻ രാജീവ് രവിയും.
പോർട്ട് കാർഗോ ലേബേഴ്സ് യൂണിയൻ (പി.സി.എൽ.യു.) എന്ന ഇടതുപക്ഷ തൊഴിലാളി യൂണിയൻ ചാപ്പ സമ്പ്രദായം അവസാനിപ്പിക്കാൻ നടത്തുന്ന സമരമാണ് ചിത്രത്തിൽ ഉടനീളം. കഥപറച്ചിൽ പതുക്കെയാണെങ്കിലും സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെയാണ് സഞ്ചാരം. രണ്ട് രീതിയിൽ ഈ ചിത്രത്തെ പകുത്ത് കാണാം. മൂന്ന് പുരുഷന്മാരുടെ കഥയാണ് തുറമുഖമെന്നതാണ് അതിലാദ്യത്തേത്. മൈമു, മക്കളായ മൊയ്തു, ഹംസ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. മൂന്ന് പേരും ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരുവിധത്തിൽ മുതലാളിമാരുടെ അടിച്ചമർത്തലിന് വിധേയരായവരാണ്. അത് കണ്ട് നിൽക്കേണ്ടിവരുന്ന മൈമുവിന്റെ ഭാര്യയുടെ ജീവിതാവസ്ഥയാണ് ഈ കാഴ്ചയിലെ രണ്ടാം പകുതി. അങ്ങനെ നോക്കുകയാണെങ്കിൽ ഒരു സ്ത്രീയുടെ കഥകൂടിയാണ് 'തുറമുഖം'.

ജോജു ജോർജാണ് മൈമുവിനെ അവതരിപ്പിക്കുന്നത്. ഒരേസമയം വീര്യവും നിസ്സഹായതയും പ്രകടിപ്പിക്കുന്ന മൈമുവിനെ ജോജു ഗംഭീരമാക്കിയിട്ടുണ്ട്. മൊയ്തു, ഹംസ എന്നിവരെ യഥാക്രമം നിവിൻ പോളി, അർജുൻ അശോകൻ എന്നിവർ അവതരിപ്പിക്കുന്നു. മൊയ്തു, ഹംസ എന്നീ കഥാപാത്രങ്ങളുടെ കാലക്രമേണയുള്ള പരുവപ്പെടൽകൂടി കാണിക്കുന്നുണ്ട് ചിത്രം. കൊടുംപട്ടിണി മൊയ്തുവിനെ സ്ഥലത്തെ പ്രധാന റൗഡിയാക്കുമ്പോൾ അതേ ജീവിതസാഹചര്യം ഹംസയെ എത്തിക്കുന്നത് തൊഴിലാളി സംഘടനാ പ്രവർത്തനത്തിലാണ്. ഇന്ദ്രജിത്തിന്റെ സാന്റോ ഗോപാലൻ ഒരു നൊമ്പരമായും വിപ്ലവത്തിന്റെ തീജ്ജ്വാലയായും അവശേഷിക്കും. സുദേവ് നായർ, ദർശന രാജേന്ദ്രൻ, മണികണ്ഠൻ ആചാരി, നിമിഷ സജയൻ, സെന്തിൽ കൃഷ്ണ എന്നിവരും അവരവരുടെ വേഷങ്ങൾ മികച്ചതാക്കി. എങ്കിലും ഇവർക്കെല്ലാവർക്കും മേലേ നിൽക്കുന്ന ഒരു പ്രകടനം കാഴ്ചവെച്ചതിന് പൂർണിമ ഇന്ദ്രജിത്തിന് നല്ലൊരു കയ്യടി നൽകാം. രണ്ട് കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന വേഷം അവർ ഗംഭീരമാക്കിയിട്ടുണ്ട്.
മാസ് സീനുകൾക്കും സംഭാഷണങ്ങൾക്കും സാധ്യതകൾ നിരവധിയുണ്ടായിട്ടും അതിലേക്കൊന്നും രാജീവ് രവിയും കൂട്ടരും കടന്നു ചെന്നിട്ടില്ല. പ്രധാന കഥാപാത്രങ്ങൾക്കെല്ലാം ദൈർഘ്യം കുറഞ്ഞ, എന്നാൽ കാര്യം പെട്ടെന്ന് മനസിലാവുന്ന തരത്തിലുള്ള സംഭാഷണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. താരനിബിഡമായ ഒരു അടി, ഇടി പടമല്ല 'തുറമുഖം'. ചരിത്രത്തെ അറിയാനാഗ്രഹിക്കുന്ന ഏതൊരാൾക്കും ധൈര്യസമേതം സമീപിക്കാവുന്ന ഒരു ഗവേഷണ പുസ്തകം തന്നെയാണ് 'തുറമുഖം'.
Content Highlights: niivin pauly rajiv ravi movie thuramukham review
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..