Navarasa
കാത്തിരിപ്പിനൊടുവിൽ തമിഴ് ആന്തോളജി ചിത്രം നവരസ പ്രേക്ഷകരിലേക്കെത്തി. നെറ്റ്ഫ്ലിക്സിലൂടെ പ്രദർശനത്തിനെത്തിയ ചിത്രം ഒമ്പത് കഥകളുടെ സമാഹാരമാണ്. ഒമ്പത് രസങ്ങളെ അടിസ്ഥാനമാക്കി ഒമ്പത് കഥകൾ ഒമ്പത് സംവിധായകർ സംവിധാനം ചെയ്യുന്നു എന്നതാണ് നവരസയുടെ പ്രത്യേകത.പ്രിയദർശൻ, ഗൗതം മേനോൻ, അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാർ, സർജുൻ, രതിന്ദ്രൻ പ്രസാദ്, കാർത്തിക് സുബ്ബരാജ്, വസന്ത്, കാർത്തിക് നരേൻ എന്നിവരാണ് ഒമ്പത് ചിത്രങ്ങൾ ഒരുക്കുന്നത്.
ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം എന്നീ നവരസങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രങ്ങളിലൂടെ...
'എതിരി - മരങ്ങളെ താങ്ങിനിർത്താനും സംരക്ഷിക്കാനും കഴിയുന്നില്ലെങ്കിൽ മണ്ണ് ഉപയോഗശൂന്യമാണ്. മറ്റുള്ളവരോട് സഹതപിക്കാനും പരിപാലിക്കാനും കഴിയുന്നില്ലെങ്കിൽ, ഹൃദയം ഉപയോഗശൂന്യമാണ്.' തിരുക്കുറലിലെ ഈ വരികളോടെയാണ് ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത എതിരി ആരംഭിക്കുന്നത്. കരുണം അടിസ്ഥാനമാക്കി ഒരുക്കിയ എതിരിയിൽ രേവതി, വിജയ് സേതുപതി, പ്രകാശ് രാജ് എന്നിവർ കഥാപാത്രങ്ങളാകുന്നു. ഒരു മനുഷ്യന് ദൈവമാകാൻ സാധിക്കും കണ്ണദാസ കവിതയിലെ ഈ ഭാഗമാണ് എതിരിയുടെ ആത്മാവ്. സാവിത്രി, ധീന, ശിവരാമൻ ഇവരുടെ കഥയാണ് എതിരി. സാവിത്രിയുടെ ഭർത്താവായ ശിവരാമനെ കാണാനായാണ് ധീന അവരുടെ വീട്ടിലെത്തുന്നത്. ശിവരാമനെയും കൊണ്ട് ധീന ഒരു മുറിയിൽ കയറി കതക് അടയ്ക്കുന്നു. സാവിത്രിയുടെ മുന്നിൽ ഈ അടഞ്ഞ കതക് തുറക്കുന്നതോടെയാണ് ചിത്രം വികസിക്കുന്നത്. പ്രതികാരം, കുറ്റബോധം, അനുകമ്പ മൂന്ന് കഥാപാത്രങ്ങളിലൂടെ അനാവരണം ചെയ്യപ്പെടുന്ന മൂന്ന് ഭാവങ്ങൾ. ശിക്ഷിക്കാനും ക്ഷമിക്കാനും അവകാശമുള്ളത് ആർക്ക് ? ചിത്രം പ്രേക്ഷകന് മുന്നിൽ വയ്ക്കുന്ന ചോദ്യങ്ങളിൽ ഒന്ന് ഇതാണ്.
സമ്മർ ഓഫ് 92 - പ്രിയദർശൻ സംവിധാനം ചെയ്ത സമ്മർ ഓഫ് 92 ഹാസ്യ രസം പ്രമേയമാക്കി ഒരുക്കിയ ചിത്രമാണ്. യോഗി ബാബു, നെടുമുടി വേണു, രമ്യ നമ്പീശൻ, മണിക്കുട്ടൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ ജീവിതത്തിൽ നിന്നുള്ള യഥാർത്ഥ കഥകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. ചിരിക്കാത്ത ഒരു ദിനം പാഴായ ദിനമാണെന്ന് ഓർമ്മിപ്പിച്ച് കൊണ്ട് ആരംഭിക്കുന്ന ചിത്രം വേലുസ്വാമിയുടെ സ്കൂൾ ജീവിതത്തിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ട് പോകുന്നു. പഠിച്ചിറങ്ങിയ സ്കൂളിലേക്ക് വിശിഷ്ടാതിഥിയായാണ് വേലുസ്വാമി തിരികെയെത്തുന്നത്. തന്റേതല്ലാത്ത കാരണങ്ങൾ കൊണ്ട് ഒമ്പതാം ക്ലാസ് നാല് തവണയും കടന്ന് കൂടാൻ സാധിക്കാതിരുന്നതിനെ പറ്റി വേലുസ്വാമി വേദിയിൽ മനസ് തുറക്കുന്നതോടെയാണ് കഥ വികസിക്കുന്നത്. ക്ലാസ് മുറികളിലെ കുസൃതികൾക്കും തമാശകൾക്കുമൊപ്പം മറ്റേതൊരു പ്രിയദർശൻ ചിത്രത്തിലേതുമെന്നത് പോലെ ഓരോ ഫ്രെയിമും പ്രേക്ഷകരുടെ മനസ് നിറക്കുന്നു.
ഇൻമൈ - ഭയാനകം അടിസ്ഥാനമാക്കി രതീന്ദ്രൻ ആർ പ്രസാദ് സംവിധാനം ചെയ്ത ചിത്രം വാഹിദയുടെയും ഫാറൂഖിന്റെയും കഥയാണ് പറയുന്നത്. പാർവതി വാഹിദയാകുമ്പോൾ ഫാറൂഖായെത്തുന്നത് സിദ്ധാർഥ് ആണ്.
പായസം - ബീഭത്സം അടിസ്ഥാനമാക്കി വസന്ത് എസ് സായി ഒരുക്കിയ ചിത്രത്തിൽ ഡൽഹി ഗണേഷ്, രോഹിണി, അദിതി ബാലൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നു.
ഗിറ്റാർ കമ്പി മേലേ നിൻട്ര് - സൂര്യയും ഗൗതം വാസുദേവ് മേനോനും വീണ്ടും ഒന്നിക്കുന്ന ചിത്രം.ഗിറ്റാർ കമ്പി മേലേ നിൻട്രുവിനായി ആരാധകർ കാത്തിരുന്നതിന്റെ പ്രധാന ഘടകം ഇത് തന്നെയാണ്. പ്രണയത്തെ അടിസ്ഥാനമാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ചിത്രത്തിൽ പ്രയാഗ മാർട്ടിനാണ് നായിക. സംഗീതജ്ഞനായ കമലിന്റെ വിദേശത്ത് വച്ച് നടക്കുന്ന പെർഫോമൻസിലൂടെയാണ് കഥ ആരംഭിക്കുന്നത്. ഫ്ലാഷ് ബാക്കിലൂടെ കമലിന്റെയും പ്രണയിനി നേത്രയുടെയും ജീവിതം പ്രേക്ഷകന് മുന്നിലേക്കെത്തുന്നു. പ്രണയനായകനായി സൂര്യ വീണ്ടും വെള്ളിത്തിരയിലെത്തുന്നുവെന്നതാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
രുതിരം - രൗദ്രം പ്രമേയമാക്കി അരവിന്ദ് സ്വാമി സംവിധാനം ചെയ്ത ചിത്രത്തിൽ റിത്വിക, ശ്രീറാം, രമേശ് തിലക് എന്നിവരാണ് അഭിനേതാക്കൾ
പീസ്- ശാന്തം അടിസ്ഥാനമാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ശാന്തം സ്വന്തം മണ്ണിന് വേണ്ടിയുള്ള ശ്രീലങ്കൻ തമിഴ് ജനതയുടെ പോരാട്ടത്തിലെ ഒരേടാണ്. ബോബി സിൻഹയും ഗൗതം വാസുദേവ് മേനോനുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. മണ്ണിന് വേണ്ടിയുള്ള യുദ്ധത്തിൽ തകർന്ന ജീവിതങ്ങൾ സംഭാഷണങ്ങളിലൂടെ ചിത്രത്തിൽ അനാവരണം ചെയ്യപ്പെടുന്നു. യുദ്ധഭൂമിയിലെ ഒരു ബങ്കറിനെ ചുറ്റിപറ്റിയാണ് കഥ വികസിക്കുന്നത്.ഏത് നിമിഷവും ഒരു യുദ്ധം പ്രതീക്ഷിച്ച് ആ ബങ്കറിൽ കഴിയുന്ന പോരാളികൾക്ക് മുന്നിലേക്ക് ഒരു ചെറിയ പയ്യൻ എത്തിപ്പെടുന്നു. തന്റെ സഹോദരനെ രക്ഷിക്കണമെന്ന അവന്റെ ആവശ്യം അവർ അംഗീകരിക്കുന്നു. യുദ്ധം ബാക്കി വയ്ക്കുന്നത് എന്നും നഷ്ടങ്ങൾ മാത്രമാണ്. അവിടെ അനുകമ്പയ്ക്ക് സ്ഥാനമുണ്ടോ? ചിത്രം പരിശോധിക്കുന്നതും ഇതാണ്.
തുനിന്ത പിൻ - വീരം പ്രമേയമാക്കി സർജുൻ കെഎം സംവിധാനം ചെയ്ത ചിത്രം മുത്തുലക്ഷ്മിയുടെയും വെട്രിയുടെയും കഥയാണ്. കാട്ടിൽ നക്സലുകളെ പിടികൂടാനുള്ള ദൗത്യം ഏറ്റെടുത്ത് പോയിരിക്കുന്ന സ്പെഷ്യൽ ടാസ്ക് അംഗമാണ് വെട്രി. ഇനിയും തിരികെ വരാത്ത ഭർത്താവിനായി കാത്തിരിക്കുകയാണ് ഗർഭിണിയായ മുത്തുലക്ഷ്മി. നക്സലുകളുടെ തലവനെ വെട്രി പിടികൂടുന്നു. ജീവനോടെ പിടികൂടിയ കോമ്രേഡ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇയാളെയും കൊണ്ട് ആശുപത്രിയിലേക്കുള്ള വെട്രിയുടെ യാത്രയാണ് ചിത്രത്തിന്റെ പ്രധാന ഭാഗം. അഥർവയാണ് വെട്രിയായി വേഷമിടുന്നത്. മുത്തുലക്ഷ്മിയായി അഞ്ജലിയെത്തുമ്പോൾ നക്സൽ നേതാവായി എത്തുന്നത് കിഷോറാണ്.
പ്രൊജക്ട് അഗ്നി - അത്ഭുതം അടിസ്ഥാനമാക്കി കാർത്തിക് നരേൻ സംവിധാനം ചെയ്ത ചിത്രം ഒരു ത്രില്ലറാണ്. റാഡിക്കൽ തിയറിയോട് ഭ്രാന്തമായ ആവേശമുള്ളയാളാണ് വിഷ്ണു. ഭൂമിയിലെ ഓരോ സൃഷ്ടിക്കും പിന്നിലെ രഹസ്യമെന്ത്, ലോകാവസാനമെന്ന് പ്രവചിക്കപ്പെട്ട 2012 ഡിസംബർ 12ന് സത്യത്തിൽ ലോകത്ത് സംഭവിച്ചതെന്താണ്.. തന്റെ കണ്ടെത്തലുകൾ പങ്കിടാനാണ് വിഷ്ണു അടുത്ത സുഹൃത്തും ശാസ്ത്രജ്ഞനുമായ കൃഷ്ണയെ വീട്ടിലേക്ക് ക്ഷണിക്കുന്നത്. ഇരുവരും തമ്മിലുള്ള സംഭാഷണങ്ങളിലൂടെയാണ് ചിത്രം വികസിക്കുന്നത്. കലിയുഗാന്ത്യത്തിൽ ഭഗവാൻ മഹാവിഷ്ണു കൽക്കിയെന്ന അവതാരമെടുക്കുമെന്ന് പല പുരാണങ്ങളും പ്രവചിച്ചിട്ടുള്ളതാണ്. ഇതേ പ്രമേയവും ചിത്രത്തിൽ പറയാതെ പറഞ്ഞുപോവുന്നു. അരവിന്ദ് സ്വാമി,ഷംന കാസിം, പ്രസന്ന എന്നിവരാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായെത്തിയത്.
ഇൻമൈ - ഭയാനകം അടിസ്ഥാനമാക്കി രതീന്ദ്രൻ ആർ പ്രസാദ് സംവിധാനം ചെയ്ത ചിത്രം വാഹിദയുടെയും ഫാറൂഖിന്റെയും കഥയാണ് പറയുന്നത്. പാർവതി വാഹിദയാകുമ്പോൾ ഫാറൂഖായെത്തുന്നത് സിദ്ധാർഥ് ആണ്. വിധവയായ, സമ്പന്നയായ വാഹിദയെ കാണാനാണ് ഫാറൂഖ് എത്തുന്നത്. ഫാറൂഖിൽ വാഹിദ ആകൃഷ്ടയാകുന്നുണ്ടെങ്കിലും തന്റെ മുൻകാല കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷയുമായി വന്നിരിക്കുന്ന അമാനുഷികനാണ് അനവെന്ന തിരിച്ചറിവ് അവളെ ഞെട്ടിക്കുന്നു. പിന്നീട് നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ കാതൽ.
പായസം - ബീഭത്സം അടിസ്ഥാനമാക്കി വസന്ത് എസ് സായി ഒരുക്കിയ ചിത്രത്തിൽ ഡൽഹി ഗണേഷ്, രോഹിണി, അദിതി ബാലൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നു. വിധവയായ മകളെക്കുറിച്ചും ഏവർക്കും സഹോദരപുത്രന്റെ കീഴിൽ ജോലി ചെയ്യുന്ന മകനെക്കുറിച്ചും ആകുലനാണ് ഈ കഥയിലെ വയോധികനായ പിതാവ്. മകളുടെ ജീവിതത്തിലെ നിറങ്ങൾ ഇല്ലാതാക്കിയ ജീവിതത്തോട് അയാൾക്ക് വെറുപ്പാണ്. മരണപ്പെട്ട് പോയ തന്റെ ഭാര്യയെ അയാളിന്നും കാണുന്നു, അവരോട് തന്റെ ആകുലതകൾ പറയുന്നു, ആ ഓർമകളിൽ ജീവിക്കുന്നു. തന്റെ സഹോദരപുത്രൻ അയാളുടെ മകളുടെ വിവാഹം അതിഗംഭീരമായി ആഘോഷിക്കുന്നത് ഇയാളെ അസ്വസ്ഥനാക്കുന്നു. ആ കല്യാണവീട്ടിൽ നടക്കുന്ന സംഭവങ്ങളാണ് പായസം പറയുന്നത്. ഡൽഹി ഗണേഷിന്റെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. അതിഥി ബാലനാണ് വിധവയായ മകളുടെ വേഷത്തിലെത്തുന്നത്.
മണിരത്നത്തിന്റെ മദ്രാസ് ടാക്കീസിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെ ക്യൂബ് സിനിമ ടെക്നോളജീസിന്റെയും ബാനറിൽ നിർമിക്കുന്ന ചിത്രത്തിന് ലഭിക്കുന്ന വരുമാനം തമിഴ് സിനിമാപ്രവർത്തകരുടെ സംഘടന ഫെപ്സി മുഖേന കൊവിഡ് പ്രതിസന്ധിയിൽപെട്ട സിനിമാതൊഴിലാളികൾക്കാണ് നൽകുന്നത്.
content highlights : navarasa movie review maniratnam suriya aravind swamy vijay setgupathi gautham menon
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..