ചിത്രത്തിന്റെ പോസ്റ്റർ | PHOTO: SPECIAL ARRANGEMENTS
വെള്ളിത്തിരയ്ക്ക് എന്നും പ്രിയപ്പെട്ട വിഷയങ്ങളാണ് പ്രണയവും സൗഹൃദവും. ഈ രണ്ട് ഘടകങ്ങളെ അടിസ്ഥാനമാക്കി എന്തെല്ലാം വ്യത്യസ്തതകള്‍ തീര്‍ക്കാനാവുമോ അതെല്ലാം നമ്മള്‍ ഇതിനോടകം ബിഗ്‌സ്‌ക്രീനില്‍ കണ്ടുകഴിഞ്ഞു. ഇക്കൂട്ടത്തിലേക്കുള്ള പുതിയ കാല്‍വെപ്പാണ് ശ്രീകാന്ത് ഒധേലയുടെ ദസറ. സുഹൃദ്ബന്ധത്തിന്റെയും പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും വൈകാരികമായൊരു ചിത്രം വരച്ചിടുകയാണ് സംവിധായകന്‍.
സുഹൃത്തുക്കള്‍ തമ്മിലുള്ള കുട്ടിക്കാലം മുതലുള്ള അഗാധമായ ബന്ധവും വളരുമ്പോള്‍ അവര്‍ ജീവിതത്തില്‍ നേരിടുന്ന വൈകാരിക പ്രശ്‌നങ്ങളുമെല്ലാം നമ്മള്‍ പലവുരു കണ്ടിട്ടുണ്ട്. അതില്‍ നിന്ന് ദസറയെ വ്യത്യസ്തമാക്കുന്നത് അതിന്റെ കഥപറച്ചില്‍ ശൈലിയാണ്. ഓരോ കഥാപാത്രങ്ങളും ആരാണെന്നും അവരുടെ പശ്ചാത്തലമെന്താണെന്നും പറഞ്ഞ്, വ്യക്തമായൊരു അടിത്തറ ഇട്ടതിനുശേഷമാണ് ചിത്രം പ്രധാന കഥാഗതിയിലേക്ക് കടക്കുന്നത്. പതിയെ തുടങ്ങി ആളിപ്പടരുന്ന അവതരണരീതിയാണ് ചിത്രത്തിന്.
.png?$p=43636c5&&q=0.8)
ധരണി, സൂരി, വെണ്ണിലാ എന്നീ സുഹൃത്തുക്കളിലൂടെയാണ് ദസറയുടെ മുന്നോട്ടുള്ള സഞ്ചാരം. വെണ്ണിലാ, സൂരി എന്നിവര്‍ ധരണിക്ക് ആരായിരുന്നു എന്നിടത്താണ് ദസറയുടെ വൈകാരികതലം കിടക്കുന്നത്. ധരണിയെ അയാളില്‍ ഉറങ്ങിക്കിടന്ന മറ്റൊരു ധരണിയെ ഉണര്‍ത്തുന്നത് ഈ രണ്ടുപേരുമായുള്ള ബന്ധമാണ്. കല്‍ക്കരി ഖനിയാണ് പശ്ചാത്തലമെങ്കിലും മറ്റൊരു കെ.ജി.എഫ് സൃഷ്ടിക്കാന്‍ സംവിധായകന്‍ മുതിര്‍ന്നിട്ടില്ല. ഈ ഖനി ഒരു അതിഥി കഥാപാത്രം പോലെയാണെന്നും പറയാം.
സില്‍ക്ക് എന്നുപേരുള്ള ഒരു മദ്യശാലയും മദ്യവുമാണ് ഗ്രാമത്തെ നിയന്ത്രിക്കുന്ന ഘടകം. അല്ലെങ്കില്‍ മദ്യത്തെച്ചൊല്ലിയാണ് സൂരിയുടേയും ധരണിയുടേയും വെണ്ണിലായുടേയുമെല്ലാം ജീവിതം അവിചാരിതമായ സംഭവങ്ങളില്‍പ്പെടുന്നത്. ധരണിയായി നാനി ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. സന്തോഷ് നാരായണന്റെ പശ്ചാത്തലസംഗീതം ധരണി എന്ന കഥാപാത്രത്തിന് നല്‍കുന്ന ഊര്‍ജം ചില്ലറയല്ല. വൈകാരികരംഗങ്ങളിലും മാസ് രംഗങ്ങളിലും മിന്നുന്ന പ്രകടനമാണ് നാനിയുടേത്. നായകനൊത്ത വില്ലനായ ചിന്ന നമ്പിയായി ഷൈന്‍ ടോം ചാക്കോയും തെലുങ്കിലെ കന്നിയങ്കം മികവുറ്റതാക്കിയിട്ടുണ്ട്. സൂരിയായെത്തിയ ദീക്ഷിത് ഷെട്ടിയും കിട്ടിയ അവസരം മുതലാക്കിയിട്ടുണ്ട്.
.png?$p=c29bdeb&&q=0.8)
കീര്‍ത്തി സുരേഷ് അവതരിപ്പിച്ച വെണ്ണിലായും ഷംനാ കാസിം അവതരിപ്പിച്ച ചിന്ന നമ്പിയുടെ ഭാര്യയുടേയും കൂടി കഥയാണ് ദസറ. നിസ്സഹായതുടേയും പ്രതികാരത്തിന്റെയും വ്യത്യസ്ത ഭാവങ്ങള്‍കൂടിയാണ് ഈ കഥാപാത്രങ്ങള്‍. സമുദ്രക്കനി, സായികുമാര്‍, ഝാന്‍സി എന്നിവരും കിട്ടിയ വേഷങ്ങളോട് നീതി പുലര്‍ത്തി. സത്യന്‍ സൂര്യന്റെ ഛായാഗ്രഹണവും എടുത്തുപറയേണ്ടതാണ്. അന്‍ബറിവും സംഘവും ഒരുക്കിയ ക്ലൈമാക്‌സ് സംഘട്ടനരംഗം തെലുങ്കില്‍ ഈയടുത്ത് വന്ന ഏറ്റവും മികച്ച ആക്ഷന്‍ രംഗങ്ങളിലൊന്നാണ്.
പ്രണയവും സൗഹൃദവും പ്രതികാരവുമെല്ലാം നിറഞ്ഞ കംപ്ലീറ്റ് പാക്കേജാണ് ദസറ. പതിയെ തുടങ്ങി തീയായി പടരുന്ന ചിത്രം കാണാന്‍ ധൈര്യമായി ടിക്കറ്റെടുക്കാം.
Content Highlights: nani movie dasara review
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..