
മഡ്ഡിയുടെ പോസ്റ്റർ | Photo-Facebook|Muddy
ഇന്ത്യയിലെ ആദ്യത്തെ 4*4 മഡ് റേസ് ചിത്രമാണ് നവാഗതനായ ഡോ. പ്രഗഭലിന്റെ സംവിധാനത്തിലൊരുങ്ങിയ 'മഡ്ഡി'. പുതുമുഖങ്ങളെ അണിനിരത്തി ഇത്തരമൊരു ആക്ഷന്‍ അഡ്വഞ്ചര്‍ ചിത്രമെടുക്കാന്‍ ധൈര്യം കാണിച്ച പ്രേമ കൃഷ്ണദാസിന് സല്യൂട്ട്. കണ്ടുപഴകിയ റേസിങ് ചിത്രങ്ങളില്‍ നിന്നും വേറിട്ട ട്രാക്കില്‍ പ്രേമം, സൗഹ്യദം, കുടുംബന്ധങ്ങള്‍ എന്നിവയുടെ നൂലിലാണ് ചിത്രം കോര്‍ത്തിണക്കിയിരിക്കുന്നത്.
മഡ് റേസിങ് താരങ്ങളായ കാര്‍ത്തി (റിഥാന് കൃഷ്ണ), ടോണി എന്നിവര്‍ തമ്മിലുള്ള പ്രതികാരത്തിന്റെ കഥയാണ് 'മഡ്ഡി' പറഞ്ഞുപോകുന്നത്. ഇരുവരും തമ്മിലുള്ള വലിപ്പചെറുപ്പങ്ങള്‍ ടോണിയും കാര്‍ത്തിയും തമ്മിലുള്ള പകയ്ക്ക് കാരണമാകുന്നു. ടോണിക്ക് കാര്‍ത്തിയോട് കോളെജ് കാലം മുതല്ക്കേ ഉള്ള പ്രതികാരത്തിന്റെ കഥ കേന്ദ്രകഥാപാത്രമായ മുത്തുവിന്റെ (യുവാന്‍ കൃഷ്ണ) ചെവിയിലുമെത്തുന്നു. കൂപ്പ് ഡ്രൈവറായ മുത്തു കഠിനാധ്വാനി കൂടിയാണ്. ഡ്രൈവിങ് ജോലി ചെയ്തു കുടുബം പുലര്‍ത്തുന്നവര്‍ക്ക് പ്രചോദനകരമാകും വിധമാണ് മുത്തു എന്ന കഥാപാത്രത്തിന്റെ സൃഷ്ടി.
വില്ലനായ ടോണിയുടെ ഡയലോഗുകള്‍ കഥാപാത്രത്തിന് അനുയോജ്യമായത് തന്നെ. മലയാള ചിത്രങ്ങളില്‍ നിന്ന് പടിയിറങ്ങുന്ന അമ്മ കഥാപാത്രങ്ങള്‍ക്ക് ബദലാവുകയാണ് മഡ്ഡി. പ്രേക്ഷക മനസ്സില്‍ അമ്മ എന്ന സ്ഥാനത്ത് ഇടം പിടിച്ച ശോഭ മോഹന്‍ ഇന്ദിരാമ്മയായി ചിത്രത്തില്‍ തിളങ്ങുന്നു. രാജ്യത്തെ മഹാരഥന്മാരോടുള്ള ആരാധന കൊണ്ട് കൊച്ചുമകനായ മുത്തുവിന് ഛത്രപതി എന്ന പേരിട്ട് രാജ്യസ്നേഹിയായി കോട്ടയം രമേശും ഗംഭീര പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.
എന്നാല്‍ റേസിങില്‍ തോല്‍വിയുടെ കയ്പ്പ് ആദ്യമായി അറിയുന്ന കാര്‍ത്തി ആകെ തകര്‍ന്നു പോകുന്നു. ഈ നിര്‍ണായക ഘട്ടത്തില്‍ കാര്‍ത്തിക്ക് സഹായവുമായി ഏട്ടന്റെ സ്ഥാനത്തുള്ള മുത്തു എത്തുന്നതോടെയാണ് ചിത്രത്തിന്റെ കഥാ വികസിക്കുന്നത്.
ഡ്രൈവിങ് മുത്തുവിന് ഹരമാകാനുള്ള പ്രധാന കാരണം നോഹയാണ് (രണ്‍ജി പണിക്കര്‍). സ്ഥിരം രണ്‍ജി പണിക്കര്‍ കഥാപാത്രങ്ങളുടെ മാസ് ഡയലോഗും ചിത്രം പ്രേക്ഷകരെ ആസ്വാദനത്തിന്റെ ട്രാക്കിലെത്തിക്കുന്നു. നോഹ പല ആപല്‍ഘട്ടങ്ങളിലും മുത്തുവിന് സഹായവുമായി എത്തുന്നു.
മഡ് റേസിങ് കേന്ദ്രവിഷയമായി വരുന്ന ചിത്രങ്ങള്‍ നന്നേ കുറവാണെങ്കിലും അക്കൂട്ടത്തില്‍ മുന്‍പന്തിയില്‍ വെയ്ക്കാവുന്ന ചിത്രം തന്നെയാണ് 'മഡ്ഡി'. ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും മഡ് റേസിങ് രംഗങ്ങള്‍ കൊണ്ടും സമ്പന്നമാണ് ചിത്രം. സംവിധായകന് തന്നെ കൊറിയോഗ്രഫി ചെയ്ത മഡ് റേസിങ് സീനുകള്‍ തന്നെയാണ് ചിത്രത്തിന്റെ പ്രധാന നട്ടെല്ല്. മുത്തുവിന്റെ ഇടം കൈയും വലം കൈയുമായി എത്തിയ ഷാജിയും ഷുക്കൂറും ചിരിയുടെ മാലപടക്കങ്ങള്‍ക്ക് തിയേറ്ററില്‍ തിരികൊളുത്തുന്നു.
തീപ്പാറുന്ന ടൈറ്റിലുകളും ആകര്‍ഷകമായ വിഷ്വല്‍സുമാണ് മഡ്ഡിക്ക് മാറ്റ് കൂട്ടുന്നത്. നിരവധി കഥാപാത്രങ്ങളുള്ള ചിത്രത്തില്‍ എല്ലാ കഥാപാത്രങ്ങള്‍ക്കും അവരുടേതായ സ്പേസ് ചിത്രം നല്‍കുന്നുണ്ട്. റേസിങ് താരങ്ങള്‍ തമ്മിലുടലെടുക്കാവുന്ന സാധാരണമായ പകയെ അസാധാരണമാം വിധം അവതരിപ്പിക്കുന്നതില്‍ ചിത്രം പൂര്‍ണമായി വിജയിച്ചിട്ടുണ്ട്. മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലിറങ്ങിയ ചിത്രം വാഹനപ്രേമികളുടെ കരഘോഷങ്ങള്‍ക്കും ആരവങ്ങള്‍ക്കും അര്‍ഹമാണ്.
Content Highlights: Muddy movie review
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..